ഉത്തരദേശം-കെ.എം ഹസന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ചെറുകഥാ മത്സരം

അശ്വിന്‍ ചന്ദ്രന് ഒന്നാം സ്ഥാനം

കാസര്‍കോട്: ഉത്തരദേശം ദിനപത്രം, കെ.എം ഹസന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് ഉത്തരദേശം സ്ഥാപക പത്രാധിപരായ കെ.എം അഹ്മദിന്റെ സ്മരണാര്‍ത്ഥം പ്ലസ് ടു മുതല്‍ കോളേജ്-സര്‍വകലാശാലാതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പുല്ലൂര്‍ സ്വദേശിയും പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ അശ്വിന്‍ ചന്ദ്രന്‍ ഒന്നാം സ്ഥാനം നേടി. കാസര്‍കോട് കസബ ബീച്ച് കടപ്പുറം സ്വദേശിയും കാസര്‍കോട് ഗവ. ഐ.ടി.ഐ വിദ്യാര്‍ത്ഥിയുമായ രാഹുല്‍ ജിയാണ് രണ്ടാം സ്ഥാനം നേടിയത്. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിയും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ ജിതിന്‍ ബാലകൃഷ്ണന്‍ മൂന്നാം സ്ഥാനവും നേടി.

അശ്വിന്‍ ചന്ദ്രന്‍ രചിച്ച ബട്ടര്‍ഫ്ളൈ ഇഫക്ട് ആണ് ഒന്നാം സ്ഥാനത്തിനര്‍ഹമായത്. കഥ, കവിത രചന മേഖലകളില്‍ കയ്യൊപ്പ് ചാര്‍ത്തിയ അശ്വിനെ തേടി ഇതിനകം നിരവധി പുരസ്‌കാരങ്ങളെത്തി. 2023ലെ മാതൃഭൂമി വിഷുപ്പതിപ്പ് കഥ മത്സരത്തില്‍ ഒറ്റ് എന്ന കഥയ്ക്ക് ഒന്നാം സ്ഥാനം, ജൂനിയര്‍ അങ്കണം അവാര്‍ഡ്, കെ.എം.കെ യുവപ്രതിഭ അവാര്‍ഡ്, സംസ്‌കൃതി ചെറുകഥ അവാര്‍ഡ് (2 തവണ), അംബിക ചെറുകഥ അവാര്‍ഡ്, സ്വരലയ കഥ അവാര്‍ഡ്, രാജീവന്‍ കാഞ്ഞങ്ങാട് സ്മാരക ചെറുകഥ പുരസ്‌കാരം തുടങ്ങി ഒട്ടനേകം അംഗീകാരങ്ങള്‍ക്ക് അര്‍ഹനായി. കഥാരചനക്കൊപ്പം കവിതാരചനയിലും അശ്വിന്‍ ഇതിനകം മികവുപുലര്‍ത്തിയിട്ടുണ്ട്. പുലിറ്റ്‌സര്‍ ബുക്‌സ് ജൂറി അവാര്‍ഡ്, കൈരളി ബുക്സ് കവിത അവാര്‍ഡ്, പൂന്താനം കവിത അവാര്‍ഡ്, കുഞ്ഞുണ്ണി ചിത്രശലഭം സര്‍ഗമുദ്രാ ജൂറി അവാര്‍ഡ്, യുവ കലാ സാഹിതി ബിജു കാഞ്ഞങ്ങാട് സ്മാരക കവിത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം നേടി.

രാഹുല്‍ ഗോവിന്ദന്‍ രചിച്ച അസുരാബാദ് വെസ്റ്റ് രണ്ടാം സ്ഥാനം നേടി. ജിതിന്‍ കൃഷ്ണന്റെ ബ്ലാക്മാന്‍ എന്ന കഥക്കാണ് മൂന്നാം സ്ഥാനം. ഒ.വി. വിജയന്‍ സ്മാരക അഖില കേരള കഥാ പുരസ്‌കാരം, ആറാമത് അശോകന്‍ നാലപ്പാട്ട് കഥാ പുരസ്‌കാരം, പ്രഥമ ലെറ്റര്‍ വോയിസ് കഥാ പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങള്‍ക്ക് ജിതിന്‍ അര്‍ഹനായിട്ടുണ്ട്.

എഴുത്തുകാരന്‍ കെ.വി മണികണ്ഠദാസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഉത്തരദേശം കണ്‍സല്‍റ്റിംഗ് എഡിറ്ററുമായ കെ. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. പുതു തലമുറയിലെ കഥയെഴുത്തുകാര്‍ കഥയെ ഗൗരവത്തോടെ കാണുന്നവരാണെന്നും അവര്‍ പുതിയ കഥകളെ ആകാംക്ഷയോടെ പിന്തുടരുന്നുണ്ടെന്നും കെ.വി മണികണ്ഠദാസ് വിലയിരുത്തി. കഥാലോകത്തെ പുതിയ പ്രവണതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ രണ്ടു മൂന്നു കഥകളിലെങ്കിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി അവസാന വാരത്തില്‍ നടക്കുന്ന പരിപാടിയില്‍ വിജയികള്‍ക്ക് സമ്മാനം കൈമാറുമെന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കഥകള്‍ക്ക് യഥാക്രമം 5,000 രൂപ, 3,000 രൂപ, 2,000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കുമെന്നും കെ. ബാലകൃഷ്ണന്‍, ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹ്മദ്, ന്യൂസ് എഡിറ്റര്‍ ടി.എ ഷാഫി, കെ.എം ഹസ്സന്‍ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ എന്നിവര്‍ അറിയിച്ചു. സമ്മാനാര്‍ഹമായതും മറ്റു തിരഞ്ഞെടുക്കപ്പെട്ടതുമായ കഥകള്‍ ഉത്തരദേശം വാരാന്തപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തും.

ഉത്തരദേശം ദിനപത്രം, കെ.എം ഹസന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ ചെറുകഥാ മത്സര ഫലപ്രഖ്യാപനത്തിന്റെ വീഡിയോ കാണുക




Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it