ENTREPRENEURSHIP | പാതിരാവിലും കൗണ്‍സിലിംഗ്; 'ഒപ്പം. മി' സ്റ്റാര്‍ട്ടപ്പിന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഗ്രാന്റ്

ഇബ്രാഹിം ഹവാസും അബ്ദുല്ലക്കുഞ്ഞിയും മുബഷിറയും
കാസര്‍കോട്: രാജ്യത്തും വിദേശത്തും ഏത് സമയത്തും ക്ലീനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം മലയാളത്തില്‍ ലഭ്യമാക്കി സ്റ്റാര്‍ട്ടപ്പ് രംഗത്ത് ശ്രദ്ധ നേടിയ കാസര്‍കോട്ടെ യുവസംരംഭകരുടെ സംരംഭത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ 15 ലക്ഷം രൂപയുടെ ഇന്നൊവേഷന്‍ ഗ്രാന്റ് ലഭിച്ചു. ബേക്കല്‍ ഗ്രീന്‍ വുഡ് പബ്ലിക് സ്‌കൂളില്‍ സഹപാഠികളായിരുന്ന തളങ്കരയിലെ ഇബ്രാഹിം ഹവാസും പാലക്കുന്നിലെ അബ്ദുല്ലക്കുഞ്ഞിയും നേതൃത്വം നല്‍കുന്ന 'ഒപ്പം. മി' സ്റ്റാര്‍ട്ടപ്പിനാണ് സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ലഭിച്ചത്. കടുത്ത പിരിമുറുക്കത്തിലൂടെ കടന്നുപോവുന്ന പലരും മന:ശാസ്ത്രജ്ഞന്റെ സേവനം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി ഹവാസും അബ്ദുല്ലക്കുഞ്ഞിയും 'ഒപ്പം. മി' എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചത്. നിലവില്‍ മലയാളത്തിലാണ് കൗണ്‍സിലിംഗ് നല്‍കുന്നതെങ്കിലും വൈകാതെ തന്നെ മറ്റു പ്രാദേശിക ഭാഷകളിലും സേവനം ലഭ്യമാക്കും. ഇതിനോടകം 30 രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ 'ഒപ്പ'ത്തിന്റെ സേവനം തേടി. ചീഫ് സൈക്കോളജിസ്റ്റ് മുബഷിറയുടെ നേതൃത്വത്തിലാണ് 16 സൈക്കോളജിസ്റ്റുകളാണ് ഇതിന്റെ ഭാഗമായി ഉള്ളത്. ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ വയനാട്ടില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന 'ഡോ. മൂപ്പന്‍സ് ഐനെസ്റ്റ് ഹെല്‍ത്ത് കെയര്‍ ഇന്‍ക്യുബേറ്ററി'യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് കൂടിയാണിത്. വെബ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സ്ഥാപനങ്ങളും ഇരുവരും നടത്തുന്നുണ്ട്.