സൗപര്‍ണ്ണികാമൃതം പുരസ്‌കാരം ആര്‍.കെ ദാമോദരന്

കാസര്‍കോട്: കൊല്ലൂര്‍ മൂകാംബികാ സംഗീതാര്‍ച്ചനാ സമിതി ഏര്‍പ്പെടുത്തിയ ഇക്കൊല്ലത്തെ 'സൗപര്‍ണ്ണികാമൃതം' പുരസ്‌കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ ആര്‍.കെ ദാമോദരന്. കവി, ചലച്ചിത്ര ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍, കലാനിരൂപകന്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളിലെല്ലാം വിശ്രുതനായ ആര്‍.കെ ദാമോദരന്‍ മലയാള ഭാഷയ്ക്കും സംസ്‌കൃതിയ്ക്കും നല്‍കിയ സമഗ്ര സംഭാവനകളെ പുരസ്‌കരിച്ചാണ് അവാര്‍ഡ്. 10,001 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ജന്മദിനമായ ജനുവരി 10ന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം മുഖ്യ അര്‍ച്ചകനും തന്ത്രിയുമായ ഡോ. കെ. രാമചന്ദ്ര അഡിഗ പുരസ്‌കാരം സമ്മാനിക്കും.മൂകാംബികാ ക്ഷേത്രം ട്രസ്റ്റി പി.വി അഭിലാഷ് മുഖ്യാതിഥിയായി ചടങ്ങില്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍, വി.വി പ്രഭാകരന്‍, സന്തോഷ് കമ്പല്ലൂര്‍ സംബന്ധിച്ചു.

