അംബികാസുതന്‍ മാങ്ങാടിനും മുരളി മോഹനും ഒ. ചന്തുമേനോന്‍ പുരസ്‌കാരം

പയ്യന്നൂര്‍: മലയാള ഭാഷാ പാഠശാലയുടെ ഒ. ചന്തുമേനോന്‍ നോവല്‍ പുരസ് കാരത്തിന് ഡോ. അംബികാസുതന്‍ മാങ്ങാടിനെയും മുരളി മോഹനെയും തിരഞ്ഞെടുത്തു. അംബികാസുതന്‍ മാങ്ങാടിന്റെ അല്ലോഹലന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഈ നോവല്‍ വായനക്കാര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുരളി മോഹന്റെ കതിവനൂര്‍ വീരന്‍-ദൈവവും കനലാടിയും എന്ന നോവലിനാണ് അവാര്‍ഡ്. 15,000 രൂപ വീതവും വെങ്കല ശില്‍പവുമടങ്ങിയ പുരസ്‌കാരം മെയ് 3ന് മലയാള പാഠശാലയില്‍ നടക്കുന്ന ചടങ്ങില്‍ ഡയറക്ടര്‍ ടി.പി ഭാസ്‌കര പൊതുവാള്‍ സമ്മാനിക്കും. സി. രാധാകൃഷ്ണന്‍ ചെയര്‍മാനും സൂര്യകൃഷ്ണമൂര്‍ത്തി, യു.കെ കുമാരന്‍ എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് കെ.വി.എന്‍ മണികണ്ഠന്‍, എം.ടി അന്നൂര്‍, ശിവപ്രസാദ് ഷേണായ്, ജോണ്‍സണ്‍ പുഞ്ചക്കാട്, ബാലകൃഷ്ണന്‍ ആന്ധ്ര ഉത്തമന്തില്‍ എന്നിവര്‍ അറിയിച്ചു. നേരത്തെ എം.ടി വാസുദേവന്‍ നായര്‍, പി. വത്സല, എം. മുകുന്ദന്‍, സി. രാധാകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍ തുടങ്ങിയ പ്രമുഖരാണ് ഒ. ചന്തുമേനോന്‍ പുരസ്‌കാരം നേടിയത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it