രവീന്ദ്രന്‍ പാടിക്ക് കുവെംപു കന്നഡ രത്‌ന പുരസ്‌ക്കാരം
ബംഗളൂരു: കവിയും എഴുത്തുകാരനുമായ രവീന്ദ്രന്‍ പാടിക്ക് വിശ്വമാനവ കുവെംപു കന്നഡ രത്‌ന പുരസ്‌ക്കാരം. കോലാര്‍ സ്വര്‍ണഭൂമി ഫൗണ്ടേഷന്‍, കോലാര്‍ റോട്ടറി ക്ലബ്ബ്, കാസര്‍കോട് കന്നഡ ഭവനം ഗ്രന്ഥാലയം എന്നിവ സംയുക്തമായാണ് കന്നഡ രാഷ്ട്രകവി കുവെംപു ജന്മദിനാഘോഷ ഭാഗമായി പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈയെ കുറിച്ചെഴുതിയ പഠനഗ്രന്ഥം, കവിതാവിവര്‍ത്തനങ്ങള്‍, സമഗ്രസാഹിത്യ സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് രവീന്ദ്രന്‍ പാടിക്ക് പുരസ്‌ക്കാരം നല്‍കുന്നതെന്ന് പുരസ്‌ക്കാര കമ്മിറ്റി ഭാരവാഹികളായ വി. ശിവകുമാര്‍ കോലാര്‍, കന്നഡ ഭവനം ഗ്രന്ഥാലയം സ്ഥാപകന്‍ വാമന്‍ റാവു ബേക്കല്‍ എന്നിവര്‍ അറിയിച്ചു. 28ന് കോലാര്‍ പത്രപ്രവര്‍ത്തക ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. കവിത, ചരിത്രം, സംസ്‌ക്കാരം, ഭാഷാപഠനം വിഭാഗങ്ങളിലായി 16 പുസ്തകങ്ങളുടെ രചയിതാവാണ് കാസര്‍കോട് പാടി സ്വദേശിയായ രവീന്ദ്രന്‍ പാടി.