കാസര്‍കോട് സ്വദേശിക്ക് ഷാര്‍ജ സ്റ്റാമ്പ് പ്രദര്‍ശനത്തില്‍ വെള്ളി മെഡല്‍

കാസര്‍കോട്: കാസര്‍കോട് സ്വദേശിക്ക് ഷാര്‍ജ സ്റ്റാമ്പ് പ്രദര്‍ശനത്തില്‍ വെള്ളി മെഡല്‍. ചേരങ്കൈയിലെ ഇംതിയാസ് ഖുറേഷിയാണ് ഷാര്‍ജ മെഗാമാളില്‍ നടന്ന രാജ്യാന്തര പ്രദര്‍ശനത്തില്‍ തീമാറ്റിക് എക്‌സിബിഷന്‍ വിഭാഗത്തില്‍ നേട്ടം സ്വന്തമാക്കിയത്. ഷാര്‍ജ ഉപഭരണാധികാരി സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഏക മലയാളിലും ഇംതിയാസാണ്. എക്‌സ്‌പോ 2020ലെ സ്റ്റാമ്പുകള്‍ എന്ന പേരിലുള്ള സ്റ്റാമ്പ് ശേഖരത്തിനാണ് ഇംതിയാസിന് പുരസ്‌കാരം ലഭിച്ചത്. നാണയ ശേഖരത്തിലും താല്‍പര്യമുള്ള ഇംതിയാസ് കഴിഞ്ഞ 35 വര്‍ഷമായി സ്റ്റാമ്പുകളും നാണയങ്ങളും കറന്‍സികളും ശേഖരിക്കുന്നുണ്ട്. 150ലേറെ രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍ ഇംതിയാസിന്റെ ശേഖരത്തിലുണ്ട്. ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ചെയര്‍മാനും എഴുത്തുകാരനുമായ അബ്ദുല്‍ അസീസ് അബ്ദുല്‍റഹ്മാന്‍ അല്‍ മുസല്ലം, എമിറേറ്റ്‌സ് ഹിലാറ്റലിക് അസോസിയേഷന്‍ ഓണററി പ്രസിഡണ്ട് അബ്ദുല്ല ഖൂരി എന്നിവരില്‍ നിന്ന് ഇംതിയാസ് പുരസ്‌കാരം ഏറ്റുവാങ്ങി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it