കാസര്‍കോട് ചിന്നക്ക് കലാകാര്‍ പുരസ്‌കാരം

കാസര്‍കോട്: കൊങ്കണി പെര്‍ഫോമിംഗ് ആര്‍ട്സില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കലാകാരന്മാരെ ആദരിക്കുന്നതിനായി കുന്താപൂരയിലെ കാര്‍വാലോ കുടുംബവും മാന്‍ഡ് ശോഭനും സംയുക്തമായി ഏര്‍പ്പെടുത്തിയ 21-ാമത് കലാകാര്‍ പുരസ്‌കാരത്തിന് പ്രശസ്ത കന്നഡ നടന്‍ കാസര്‍കോട് ചിന്നയെ തിരഞ്ഞെടുത്തു. 50,000 രൂപ ക്യാഷ് പ്രൈസും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. നവംബര്‍ 2ന് വൈകിട്ട് 6 മണിക്ക് ശക്തിനഗറിലെ കലാംഗണ്ണില്‍ നടക്കുന്ന ചടങ്ങില്‍ മംഗളൂരു സൗത്ത് എം.എല്‍.എ ഡി. വേദവ്യാസ് കാമത്ത് അവാര്‍ഡ് സമ്മാനിക്കും. ഭാഷാ ശാസ്ത്രജ്ഞന്‍ ഡോ. പ്രതാപ് നായിക്, മസ്‌കറ്റില്‍ നിന്നുള്ള ബിസിനസുകാരനും കലാ രക്ഷാധികാരിയുമായ സ്റ്റാന്‍ലി ഫെര്‍ണാണ്ടസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. മാന്‍ഡ് ശോഭാന്‍ പ്രസിഡണ്ട് ലൂയിസ് ജെ. പിന്റോ അധ്യക്ഷത വഹിക്കും.

കാസര്‍കോട് ചിന്ന എന്ന പേരില്‍ നാടക സമൂഹത്തില്‍ പ്രശസ്തനാണ് 68 കാരനായ എസ്. ശ്രീനിവാസ റാവു. അഭിനയത്തില്‍ സ്വര്‍ണ്ണ മെഡലോടെ ഡി.എഫ്.എ (ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമ) നേടിയിട്ടുണ്ട്. 1969-ല്‍ നാടകരംഗത്തേക്ക് പ്രവേശിച്ചതിനുശേഷം കൊങ്കണി, കന്നഡ, തുളു, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി 400ലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും പലതും വിവര്‍ത്തനം ചെയ്യുകയും ചെയ്തു. കന്നഡയിലെ അറിയപ്പെടുന്ന ചലച്ചിത്ര നടനാണ്. സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it