ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഡിസംബറിലെ മികച്ച യുവതാരമായി പി.വി വിഷ്ണു
കാസര്‍കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഡിസംബര്‍ മാസത്തിലെ ഏറ്റവും മികച്ച യുവതാരമായി പി.വി വിഷ്ണുവിനെ തിരഞ്ഞെടുത്തത് കാസര്‍കോട് ജില്ലയ്ക്ക് അഭിമാനനേട്ടമായി. പനയാല്‍ കുന്നൂച്ചി സ്വദേശിയായ വിഷ്ണു ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയതാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഡിസംബറില്‍ ഈസ്റ്റ് ബംഗാളിനായി രണ്ട് ഗോളുകളും ഒരു അസിസ്റ്റും വിഷ്ണു സംഭാവന ചെയ്തിരുന്നു. ഈ സീസണില്‍ എമേര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ മന്ത് നേടുന്ന ഈസ്റ്റ് ബംഗാളിന്റെ ആദ്യത്തെ താരമായും വിഷ്ണു മാറി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയുടെ നിക്‌സണെയും എഫ്.സി ഗോവയുടെ ബ്രിസണ്‍ ഫെര്‍ണാണ്ടസിനെയും പിന്തള്ളിയാണ് വിഷ്ണുവിന്റെ നേട്ടം. ഡിസംബറില്‍ പഞ്ചാബിനെതിരെ വിഷ്ണു ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന ചെയ്തു. ചെന്നൈയ്‌ക്കെതിരെയും ഗോള്‍ നേടിയിരുന്നു. നേരത്തെ ഐ.എസ്.എലിലെ ഏറ്റവും വേഗതയേറിയ ഗോളും വിഷ്ണുവിന്റെ കാലില്‍ നിന്ന് പിറന്നിരുന്നു. കുന്നൂച്ചിയിലെ കെ. ദിവാകരന്റെയും ബി. സത്യഭാമയുടെയും മകനാണ്.