വനിതാ-ശിശു സംരക്ഷണത്തില്‍ മാതൃകാപരമായ ഇടപെടല്‍: ജില്ലാ കലക്ടര്‍ക്ക് സംസ്ഥാന പുരസ്‌കാരം

കാസര്‍കോട്: വനിതാ-ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതിയില്‍ 2023-24 വര്‍ഷത്തിലെ മികച്ച സേവനത്തിനുള്ള സംസ്ഥാനതല അവാര്‍ഡിന് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അര്‍ഹനായി. കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി ജില്ലാ ഭരണകൂടം നടപ്പിലാക്കിയ നവീന പദ്ധതികളും അംഗന്‍വാടി വികസനത്തിനായി കൈക്കൊണ്ട ഇടപെടലുകളുമാണ് അംഗീകാരത്തിന് വഴിയൊരുക്കിയത്. ജില്ലയിലെ അംഗന്‍വാടികളുടെ ഉന്നമനത്തിനായി ജില്ലാ കലക്ടര്‍ ആവിഷ്‌കരിച്ച പദ്ധതി ശ്രദ്ധിക്കപ്പെട്ടിരുന്നു.
കെട്ടിടമില്ലാത്ത അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിച്ചുനല്‍കി. അപകടാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിച്ചു. സ്വന്തമായി ഭൂമി ഇല്ലാത്ത അംഗന്‍വാടികള്‍ക്ക് ഭൂമി കണ്ടെത്തി കെട്ടിടം നിര്‍മ്മിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി മാസത്തില്‍ ജില്ലാ അവലോകനയോഗങ്ങള്‍ ചേരുകയും സൗജന്യമായി സ്ഥലം ലഭ്യമാകാത്ത ഇടങ്ങളില്‍ സ്പോണ്‍സര്‍ഷിപ്പ് വഴി സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടി ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആറ് കുട്ടികളുടെ ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
കുട്ടികളുടെ നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി ദത്തെടുപ്പ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. ആരോഗ്യപരിശോധനാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. സ്പോണ്‍സര്‍ഷിപ്പ് ആന്റ് ഫോസ്റ്റര്‍ കെയര്‍ ഫണ്ടുകള്‍ അനുവദിക്കുന്നതിലും ജില്ല വലിയ മുന്നേറ്റം കാഴ്ചവച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 73 കുട്ടികള്‍ക്ക് സെന്‍ട്രല്‍ സ്പോണ്‍സര്‍ഷിപ്പ്, 49 കുട്ടികള്‍ക്ക് സ്റ്റേറ്റ് സ്പോണ്‍സര്‍ഷിപ്പ്, 23 കുട്ടികള്‍ക്ക് ഫോസ്റ്റര്‍ കെയര്‍ എന്നിവ അനുവദിച്ചു. പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയിലൂടെ 18 വയസിന് താഴെയുള്ള അഞ്ച് കുട്ടികള്‍ക്കുള്ള പ്രത്യേക സഹായപദ്ധതികളും നടപ്പിലാക്കി.
വനിതാ-ശിശു വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുകയും പരമാവധി ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭ്യമാക്കുകയും ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ മികച്ച ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.