എ.കെ റിയാസ് മുഹമ്മദിന് വീണ്ടും പുരസ്‌കാരം

കാസര്‍കോട്: കാസര്‍കോട് ഉപ്പള സ്വദേശിയായ എ.കെ റിയാസ് മുഹമ്മദിനെ തേടി വീണ്ടും വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം. വിവര്‍ത്തന മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് കുഴിക്കോട്ടുശ്ശേരി ഗ്രാമിക നല്‍കുന്ന ഇ.കെ ദിവാകരന്‍ പോറ്റി പുരസ്‌കാരത്തിനാണ് റിയാസ് മുഹമ്മദിനെ തിരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കന്നഡ, തമിഴ്, തുളു ഭാഷകളില്‍ നിന്ന് കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള റിയാസ് മുഹമ്മദിന് നേരത്തെ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കെ. സച്ചിദാന്ദന്‍, പി.എന്‍ ഗോപീകൃഷ്ണന്‍, പി.കെ കിട്ടന്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് ഇ.കെ ദിവാകരന്‍ പോറ്റി സ്മാരക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഭാഷ മാത്രമല്ല, ഭാവുകത്വവും ചോരാതെ വിവര്‍ത്തനം ചെയ്യാനുള്ള റിയാസ് മുഹമ്മദിന്റെ കഴിവ് പ്രകടമാണെന്നും പുതിയ ഭാവുകത്വ പരിസരങ്ങളില്‍ നിന്നുള്ള കൃതികളാണ് മലയാളത്തിന് പരിചയപ്പെടുത്തിയതെന്നത് ശ്രദ്ധേയമാണെന്നും അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. അടുത്ത മാസം ഗ്രാമികയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വെച്ച് പുരസ്‌കാര സമര്‍പ്പണവും സ്മാരക പ്രഭാഷണവും നടക്കും.