സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ മിന്നും ജയം നേടി തളങ്കര സ്വദേശിനി

കാസര്‍കോട്: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ 98.6 ശതമാനം മാര്‍ക്ക് നേടി കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി അഭിമാനമായി. തളങ്കര ഖാസിലേന്‍ സ്വദേശിനി ഫാത്തിമ ഫൈസലാണ് മികവ് തെളിയിച്ച് അഭിമാനമായത്. കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ദുബായ് അറബ് യൂണിറ്റി സ്‌കൂളിലാണ് പഠിച്ചത്. 2023ല്‍ കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഐ.ജി.സി.എസ്.ഇ ബോര്‍ഡ് പരീക്ഷയില്‍ 7 എ നേടി സ്‌കൂള്‍ ടോപ്പറായിരുന്നു. ആ വര്‍ഷം ഫാത്തിമ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ അവാര്‍ഡും കരസ്ഥമാക്കി. കല, സാഹിത്യം, കായികം എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഒകിനാവാന്‍ ഷോറിന്റ്യു സിബുകാന്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള ഫാത്തിമ കുതിരയോട്ടത്തിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. സ്‌കൂള്‍ ബാസ്‌കറ്റ് ബോള്‍ ടീം താരമാണ്. ഇന്റര്‍നാഷണല്‍ ഒളിംപിയാഡ് സയന്‍സില്‍ സില്‍വര്‍ മെഡല്‍ ജേതാവുമാണ്. സമസ്ത പത്താംതരം പൊതുപരീക്ഷയില്‍ ദുബായിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജെ.ഇ.ഇ മെയിന്‍ പരീക്ഷയിലും മികച്ച മാര്‍ക്ക് നേടി. ദുബായില്‍ ബിസിനസുകാരനും കെ.എം.സി.സി ജില്ലാ സെക്രട്ടറിയുമായ തളങ്കര ഖാസിലേനിലെ ഫൈസല്‍ മൊഹ്സിനിന്റെയും ദുബായ് കെ.എം.സി.സി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ഷാജിത ഫൈസലിന്റെയും മകളാണ്.