മംഗളൂരു: പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ കൊള്ളയടിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. മംഗളൂരു താലൂക്ക് കസബ ബെംഗ്രെ സ്വദേശി ഫറാസ് (27), സൂറത്കല്‍ താലൂക്കിലെ കൃഷ്ണപൂര്‍ ചൊക്കബെട്ടു സ്വദേശി തൗസിഫ് അഹമ്മദ് (34) എന്നിവരെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കവര്‍ച്ച ചെയ്ത 223 ഗ്രാം സ്വര്‍ണാഭരണങ്ങളും 3000 രൂപയുടെ വെള്ളി ഉരുപ്പടികളും പൊലീസ് കണ്ടെടുത്തു. കൂടാതെ ഒരു മഹീന്ദ്ര സൈലോ കാറും മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തിട്ടുണ്ട്.
കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളില്‍ ചിലത് പനമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷ്ടിച്ചവയാണെന്ന് തിരിച്ചറിഞ്ഞു. പ്രതികളിലൊരാളായ ഫറാസ് മുന്‍പും കവര്‍ച്ചാകേസില്‍ പ്രതിയാണ്.