പൈവളിഗെയില്‍ കൊലക്കേസ് പ്രതി കുത്തേറ്റ് മരിച്ച നിലയില്‍; കൊലക്ക് പിന്നില്‍ മറ്റൊരു കൊലക്കേസ് പ്രതിയായ സഹോദരനെന്ന് സംശയം

പൈവളിഗെ: ബായിക്കട്ട ആസിഫ് വധക്കേസ് പ്രതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ കളായിലെ നാരായണ നോണ്ടയുടെ മകന്‍ പ്രഭാകര നോണ്ട(42)യെയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബായിക്കട്ടയിലെ ആസിഫിനെ കര്‍ണാടക കന്യാനയില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രഭാകര നോണ്ട. കളായിലെ വിറക് ഷെഡിന് മുകളിലായി സ്ഥാപിച്ച പലകയിലാണ് പ്രഭാകര കിടന്നുറങ്ങാറുള്ളത്. ഇന്ന് രാവിലെ 7.30 ആയിട്ടും പ്രഭാകര പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് അമ്മ ബേബി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് താഴെ രക്തക്കറ കണ്ടത്. മുകളിലെ […]

പൈവളിഗെ: ബായിക്കട്ട ആസിഫ് വധക്കേസ് പ്രതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ കളായിലെ നാരായണ നോണ്ടയുടെ മകന്‍ പ്രഭാകര നോണ്ട(42)യെയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബായിക്കട്ടയിലെ ആസിഫിനെ കര്‍ണാടക കന്യാനയില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രഭാകര നോണ്ട. കളായിലെ വിറക് ഷെഡിന് മുകളിലായി സ്ഥാപിച്ച പലകയിലാണ് പ്രഭാകര കിടന്നുറങ്ങാറുള്ളത്. ഇന്ന് രാവിലെ 7.30 ആയിട്ടും പ്രഭാകര പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് അമ്മ ബേബി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് താഴെ രക്തക്കറ കണ്ടത്. മുകളിലെ പലകയില്‍ പ്രഭാകരയെ കുത്തേറ്റ് മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ബേബി ഉടന്‍ തന്നെ വിവരം അയല്‍വാസികളെ അറിയിച്ചു. അയല്‍വാസികളെത്തി നല്‍കിയ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതിനിടെ പ്രഭാകര നോണ്ടയുടെ സഹോദരന്‍ ജയരാമ നോണ്ടയെ കാണാനില്ലെന്ന് വ്യക്തമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാളിഗെ അസീസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ജയരാമ. ഇയാളുടെ തിരോധാനം പ്രഭാകര നോണ്ടയുടെ വധത്തിന് പിന്നില്‍ ജയരാമയാണെന്ന സംശയത്തിനിടയാക്കിയിട്ടുണ്ട്. പ്രഭാകര ആസിഫ് വധക്കേസിന് പുറമെ അടക്ക മോഷണക്കേസിലും വീട് കുത്തിത്തുറന്ന കേസിലും പ്രതിയാണ്. ഒരു ആള്‍ട്ടോ കാര്‍ വിറക് ഷെഡിന് സമീപമുള്ള തോട്ടത്തിനരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കാണുന്നുണ്ട്. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.പി രാജേഷ്, എസ്.ഐ എന്‍. അന്‍സാര്‍ എന്നിവര്‍ സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. മുങ്ങിയ സഹോദരനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Related Articles
Next Story
Share it