തിരുവനന്തപുരം: 2015ലെ കേരള നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് പ്രചരിച്ചത് യഥാര്‍ഥ ദൃശ്യങ്ങളല്ലെന്ന വാദവുമായി പ്രതികള്‍. സംഘര്‍ഷമുണ്ടാക്കിയത് വാച്ച് ആന്‍ഡ് വാര്‍ഡാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ കെ. അജിത്, സി.കെ. സദാശിവന്, കുഞ്ഞമ്മദ് എന്നിവര്‍ സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ പറയുന്നത്.
ആക്രമണത്തിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. സുരക്ഷാജീവനക്കാര്‍ ബലം പ്രയോഗിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. സ്പീക്കറുടെ വേദിയില്‍ തങ്ങളടക്കം ഇരുപതോളം എം.എല്‍.എമാരാണ് കയറിയത്. ഇക്കാര്യത്തില്‍ തങ്ങള്‍ മാത്രം എങ്ങനെ പ്രതികളായെന്ന് അറിയില്ല. 140 എം.എല്‍.എമാരെയും 21 മന്ത്രിമാരെയും സാക്ഷികളാക്കിയില്ല. സുരക്ഷാജീവനക്കാര്‍ മാത്രമാണു സാക്ഷികളെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മറ്റ് ഇടതുനേതാക്കളെക്കൂടി പ്രതിക്കൂട്ടിലാക്കുന്ന തരത്തിലായിരുന്നു വിടുതല്ഹര്ജിയിലെ വാദം. സ്പീക്കറുടെ വേദിയില്‍ കയറിയ ടി.എം. തോമസ് ഐസക്, വി. സുനില്‍കുമാര്‍, ബി. സത്യന് എന്നിവരെ എന്തുകൊണ്ട് പ്രതിചേര്‍ത്തില്ലെന്ന ചോദ്യമാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്.
ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. വിധി ഒക്ടോബര്‍ ഏഴിനു പ്രഖ്യാപിക്കും. പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. മനഃപൂര്‍വം പൊതുമുതല്‍ നശിപ്പിച്ച സംഭവം നിയമസഭാചരിത്രത്തില്‍ ആദ്യമാണെന്നും 2.21 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷന് വിടുതല്‍ഹര്‍ജി തള്ളി പ്രതികളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടു.