കാസര്‍കോട്: അടുക്കത്ത്ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സി.എ മുഹമ്മദ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുഡ്ലു ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), താളിപ്പടുപ്പിലെ കെ. ശിവപ്രസാദ് എന്ന ശിവന് (40), അയ്യപ്പനഗറിലെ കെ. അജിത് കുമാര്‍ എന്ന അജ്ജു (35), അടുക്കത്ത് ബയിലിലെ കെ.ജി കിഷോര്‍ കുമാര്‍ എന്ന കിഷോര്‍ (39) എന്നിവര്‍ക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 502-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ. 341 വകുപ്പ് പ്രകാരം മൂന്നുമാസം കഠിനതടവും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധികതടവ് അനുഭവിക്കണം. പ്രതികളെ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ മൂന്നാം പ്രതി അജിത് കുമാര്‍ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്നാണ് വെളിപ്പെടുത്തിയിരുന്നത്. ഇതേതുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി. ഇന്നലെ രാവിലെ കേസ് പരിഗണിച്ചപ്പോള്‍ മൂന്നാംപ്രതിയുടെ വയസ്സുമായി ബന്ധപ്പെട്ട രേഖ ഹാജരാക്കിയിരുന്നില്ല. ഇതോടെ കേസ് ഉച്ചയ്ക്ക് 12 മണിയിലേക്ക് മാറ്റി. തുടര്‍ന്ന് ഹാജരാക്കിയ അജിത് കുമാറിന്റെ ജനനസര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോള്‍ പ്രതിക്ക് സംഭവസമയത്ത് 18 വയസ്സും എട്ടുമാസവും പൂര്‍ത്തിയായതായി വ്യക്തമായി. വൈകിട്ട് മൂന്ന് മണിയോടെയാണ് വിധി പറഞ്ഞത്. കേസിന്റെ ആദ്യഘട്ടത്തില്‍ പ്രതിയുടെ മൊഴി പ്രകാരം പ്രായപൂര്‍ത്തിയായിരുന്നുവെന്നും വിചാരണഘട്ടത്തിലൊരിക്കല് പോലും പ്രായം സംബന്ധിച്ച മൊഴി മൂന്നാം പ്രതി അജിത്കുമാര്‍ പറഞ്ഞിരുന്നില്ലെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ കെ.പി പ്രദീപ്കുമാര്‍ പറഞ്ഞു.