ബണ്ട്വാള്‍: വിട്‌ള സ്വദേശിനിയായ ഭര്‍തൃമതിയെ സ്‌കൂട്ടര്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തി. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനത്താടി ദേവിനഗര സ്വദേശിനിയും സഞ്ജീവയുടെ ഭാര്യയുമായ ശകുന്തള(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഓട്ടോ ഡ്രൈവറും പുത്തൂര്‍ സ്വദേശിയുമായ ശ്രീധറിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ നെത്ലമൂടന്നൂര്‍ വില്ലേജിലെ ഞരളക്കട്ടെ ജംഗ്ഷനിലാണ് സംഭവം. പുത്തൂരില്‍ കാന്റീന് നടത്തുകയായിരുന്ന ശകുന്തള ഇരുചക്രവാഹനത്തില്‍ പുത്തൂരിലേക്ക് പോകുന്നതിനിടെ ശ്രീധര്‍ സ്‌കൂട്ടര്‍ തടയുകയും തനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പ്രകോപിതനായ ശ്രീധര്‍ കത്തിയെടുത്ത് ശകുന്തളയെ കുത്തിയ ശേഷം അവിടെ നിന്നും മുങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഒരു സ്വകാര്യ വാഹനത്തിന്റെ ഡ്രൈവര്‍ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാരമായി പരിക്കേറ്റ ശകുന്തളയെ നാട്ടുകാര്‍ സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. ഇതിന് മുമ്പും ശകുന്തളയെ ശ്രീധര്‍ ഭീഷണിപ്പെടുത്തിയിരുന്നു. യുവതി ഇത് സംബന്ധിച്ച് വിട്ള പൊലീസില്‍ പരാതി നല്‍കിയതോടെ ശ്രീധറിനെ പൊലീസ് താക്കീത് ചെയ്തിരുന്നു. വ്യക്തി വൈരാഗ്യം മൂലമാണ് ഭാര്യയെ ശ്രീധര്‍ കൊലപ്പെടുത്തിയതെന്ന് ശകുന്തളയുടെ ഭര്‍ത്താവ് സഞ്ജീവ പൊലീസിനോട് വെളിപ്പെടുത്തി.