മംഗളൂരു: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ ഒരു സംഘം മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച ഭാര്യാസഹോദരന്‍ അക്രമത്തിനിരയായതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം മരിച്ചു. ബെല്‍ത്തങ്ങാടി ഇന്‍ഡബെട്ടു ഗ്രാമത്തിലെ പരാരി ശാന്തിനഗരയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കടയില്‍ ചുരുട്ടിയ ബീഡികള്‍ എത്തിച്ച് മടങ്ങുകയായിരുന്ന നാരായണ നായിക്കിനെ (47) ശാന്തി നഗറിലെ കളിസ്ഥലത്ത് വെച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നു. നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു അക്രമം. നാരായണ നായിക്കിനെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ഇടപെട്ട ഭാര്യാസഹോദരന്‍ ജാരപ്പ നായിക്കിനെയും (55) സംഘം ക്രൂരമായി മര്‍ദിച്ചു.
ഗുരുതരമായി പരിക്കേറ്റ നാരായണ നായിക്കും ജാരപ്പ നായിക്കും നിലത്ത് വീണുകിടക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം വീട്ടുകാരെ അറിയിച്ചു. ഗ്രൗണ്ടിനു സമീപം എത്തിയ ജാരപ്പയുടെ മകന്‍ രാജശേഖര്‍ ഇരുവരെയും ഉജിരെയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചു. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വഴിമധ്യേ ജാരപ്പ നായിക് മരിച്ചു. പിന്നീട് മൃതദേഹം ബെല്‍ത്തങ്ങാടി സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി.
നാരായണ നായിക് ബെല്‍ത്തങ്ങാടി സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മനോഹര്‍, ചന്ദ്രകാന്ത് നായിക്, ദീപക് റായ്, ഹരിപ്രസാദ്, വിജയ്, വൈശാലി തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.