മുന്‍കരുതലുകളില്ല, ശാസ്ത്രീയ സംവിധാനങ്ങളും ഭാഗികം; ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം, അപകടങ്ങളും പതിവ്

കാസര്‍കോട്: മതിയായ മുന്‍കരുതലുകളെടുക്കാത്തതും ശാസ്ത്രീയ സംവിധാനമൊരുക്കാത്തതുംമൂലം നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനാപകടങ്ങളും പതിവായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്, കറന്തക്കാട്, വിദ്യാനഗര്‍ ഭാഗങ്ങളിലാണ് ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. ദിനേന മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ ഗതാഗതകുരുക്കുണ്ടാകുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളും കുരുക്കില്‍പെടുന്നു. സര്‍വീസ് റോഡുകള്‍ പ്രവൃത്തി പൂര്‍ത്തിയാക്കി മുഴുവനായും തുറന്നുനല്‍കിയിരുന്നെങ്കില്‍ ഗതാഗതകുരുക്കിന് പരിഹാരമുണ്ടാകുമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ മിക്കയിടങ്ങളിലും സര്‍വീസ് റോഡ് പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. ചില ഇടങ്ങളില്‍ ഗതാഗതത്തിന് തുറന്നുനല്‍കിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ സര്‍വീസ് റോഡ് […]

കാസര്‍കോട്: മതിയായ മുന്‍കരുതലുകളെടുക്കാത്തതും ശാസ്ത്രീയ സംവിധാനമൊരുക്കാത്തതുംമൂലം നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനാപകടങ്ങളും പതിവായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്, കറന്തക്കാട്, വിദ്യാനഗര്‍ ഭാഗങ്ങളിലാണ് ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. ദിനേന മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ ഗതാഗതകുരുക്കുണ്ടാകുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളും കുരുക്കില്‍പെടുന്നു. സര്‍വീസ് റോഡുകള്‍ പ്രവൃത്തി പൂര്‍ത്തിയാക്കി മുഴുവനായും തുറന്നുനല്‍കിയിരുന്നെങ്കില്‍ ഗതാഗതകുരുക്കിന് പരിഹാരമുണ്ടാകുമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ മിക്കയിടങ്ങളിലും സര്‍വീസ് റോഡ് പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. ചില ഇടങ്ങളില്‍ ഗതാഗതത്തിന് തുറന്നുനല്‍കിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ സര്‍വീസ് റോഡ് അടച്ചിട്ട് ദേശീയപാതയിലൂടെയാണ് വാഹനങ്ങളെ കടത്തിവിടുന്നത്. എന്നാല്‍ ഇടുങ്ങിയ പാതയിലൂടെയുള്ള യാത്രയാണ് ഗതാഗതകുരുക്ക് രൂക്ഷമാകാന്‍ കാരണമായിരിക്കുന്നത്. ഒരു വലിയ വാഹനത്തിന് കടന്നുപോകാനുള്ള വഴിമാത്രമാണ് മിക്ക ഇടങ്ങളിലുമുള്ളത്. ചെറുവാഹനങ്ങള്‍ ഇടയിലൂടെ കയറ്റിയാല്‍ പോലും ഗതാഗതകുരുക്ക് രൂപപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ചിലയിടങ്ങളില്‍ സര്‍വീസ് റോഡിന്റെ പ്രവൃത്തി പാതിവഴിയില്‍ നിലച്ച മട്ടിലാണ്. വിദ്യാനഗര്‍, ബി.സി റോഡ് ഭാഗങ്ങളില്‍ സര്‍വീസ് റോഡ് തുറന്നുനല്‍കിയിട്ടുണ്ടെങ്കിലും ഇവിടങ്ങളില്‍ റോഡ് പ്രവൃത്തി നടത്തിയിട്ടില്ല. മഴ പെയ്താല്‍ മണ്ണിട്ട റോഡില്‍ വെള്ളക്കെട്ടും ചെളിക്കുളവും രൂപപ്പെടുകയാണ്. അഞ്ച് മാസത്തോളമായി ഇതേ സ്ഥിതിയാണ്. മഴ കുറഞ്ഞെങ്കിലും ഇവിടെ സര്‍വീസ് റോഡിന്റെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. കുഴി നിറഞ്ഞ റോഡില്‍ ദുരിതം സഹിച്ചാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഈ ഭാഗങ്ങളിലുള്ള സ്വകാര്യ ആസ്പത്രികളിലേക്ക് ഏറെ പ്രയാസപ്പെട്ടാണ് രോഗികളുമായുള്ള വാഹനങ്ങള്‍ എത്തുന്നത്. ഇത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഒരാഴ്ചക്കകം നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരേയും നടപടിയുണ്ടായില്ല. ദേശീയപാത നവീകരണ പ്രവൃത്തിക്ക് മുന്നോടിയായി ആവശ്യമായ മുന്‍കരുതലെടുക്കാത്തതാണ് ദുരിതത്തിന് പ്രധാന കാരണമായിരിക്കുന്നത്. ഇത് മൂലം യാത്രക്ക് വലിയ പ്രയാസം നേരിടുന്ന പ്രദേശങ്ങളുമുണ്ട്. നേരത്തെയുണ്ടായിരുന്ന റോഡുകള്‍ക്ക് മുന്നില്‍ മതില്‍കെട്ടിയടച്ചതിനാല്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് ദേശീയപാതയില്‍ പ്രവേശിക്കേണ്ട സ്ഥിതിയിലാണ് ചില പ്രദേശങ്ങള്‍. പുതിയ ബസ് സ്റ്റാന്റില്‍ ഗതാഗത കുരുക്ക് രൂപപ്പെടുന്നതിനാലും നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനാലും കോട്ടക്കണ്ണി റോഡിലേക്ക് പ്രവേശിക്കുന്നതിന് വലിയ പ്രയാസമാണ് നേരിടുന്നത്. കറന്തക്കാട് ജംഗ്ഷനിലും ഗതാഗതകുരുക്ക് രൂക്ഷമാണ്. ഇവിടേയും ഏറെ നേരമാണ് ദിനേന വാഹനങ്ങള്‍ കുടുങ്ങുന്നത്. പ്രവൃത്തി പുരോഗമിക്കുന്ന പലയിടങ്ങളിലും വലിയ കുഴികളെടുത്തിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇതുസംബന്ധിച്ച് സൂചനാ ബോര്‍ഡ് സ്ഥാപിക്കാത്തതിനാല്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. സര്‍വീസ് റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ച ഓവുചാലുകളുടെ സ്ലാബിലെ വലിപ്പ വ്യത്യാസം മൂലം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായിരിക്കുകയാണ്. വെള്ളം ഒഴുകിപ്പോകുന്നതിന് ശാസ്ത്രീയ സംവിധാനം ഒരുക്കത്താത്തിനാല്‍ ചില ഇടത്ത് റോഡില്‍ തന്നെ മഴവെള്ളം കെട്ടിക്കിടക്കുകയാണ്.

Related Articles
Next Story
Share it