കുമ്പള: നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയുടെ ഭാഗമായ സര്‍വീസ് റോഡില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായി മാറുന്നു. കുമ്പളയില്‍ മീന്‍ ലോറി കയറി മഞ്ചേശ്വരം സ്വദേശി കഴിഞ്ഞ ദിവസം മരണപ്പെടുകയുണ്ടായി. മഞ്ചേശ്വരം കെദമ്പാടി പാവൂരിലെ ബി.എം. മുഹമ്മദ് (66) ആണ് ശനിയാഴ്ച്ച 11 മണിയോടെ കുമ്പള ടൗണിന് സമീപത്തെ സര്‍വീസ് റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ ലോറി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര് ദിശയില്‍ മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയും റോഡിലേക്ക് തെറിച്ച് വീണ മുഹമ്മദിന്റെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മുഹമ്മദിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എട്ട് മാസം മുമ്പ് പെര്‍വാഡ് സര്‍വീസ് റോഡില്‍ സ്കൂട്ടര്‍ അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരണപ്പെട്ടിരുന്നു. മൂന്ന് മാസം മുമ്പ് മഞ്ചേശ്വരത്ത് സര്‍വീസ് റോഡില്‍ ഓടിയ ലോറി കയറി സ്കൂട്ടര്‍ യാത്രക്കാരന് മരിക്കുകയുമുണ്ടായി. ഇത്തരത്തിലുള്ള നിരവധി അപകടങ്ങളാണ് ദേശീയപാതാ സര്‍വീസ് റോഡില്‍ ഉണ്ടായത്. ദേശീയപാതയുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ സര്‍വീസ് റോഡ് വഴിയാണ് പലയിടങ്ങളിലും വാഹനങ്ങളെ കടത്തിവിടുന്നത്. എന്നാല്‍ വീതി കുറഞ്ഞ സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അപകട സാധ്യത ഏറെയാണ്. അപകടങ്ങള്‍ വര്‍ധിച്ചതോടെ വാഹന യാത്രക്കാര്‍ ഭീതിയിലുമാണ്.