കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ (32) കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം വൈകുന്നു. സംഭവം നടന്ന് ആറ് മാസമായിട്ടും ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. 16 പ്രതികളുള്ള കേസില്‍ ഇതുവരെയായും അറസ്റ്റ് ചെയ്യാനായത് ആറുപേരെ മാത്രമാണ്. കൊലപാതകക്കേസുകളില്‍ കുറ്റകൃത്യം നടന്ന് 90 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ റിമാണ്ട് പ്രതികള്‍ക്ക് സ്വാഭാവികമായും ജാമ്യം ലഭിക്കും.
അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ നേരത്തെ അറസ്റ്റിലായി റിമാണ്ടിലായിരുന്ന അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മഞ്ചേശ്വരം ഉദ്യാവറിലെ റിയാസ് ഹസന് (33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂറഹ്മത്ത് മന്‍സിലിലെ അബ്ദുള്‍റസാഖ് (46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് (33), ഉദ്യാവര്‍ ജെ.എം റോഡിലെ അബ്ദുല്‍ അസീസ് (36), അബ്ദുല്‍റഹീം (41) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കൊലപാതകത്തിന് സഹായം നല്‍കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസിലെ മുഖ്യപ്രതിയായ ഉപ്പള ബായാറിലെ ജെ. അസ്ഫാനെ (26) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ഇയാളെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തിട്ടുണ്ട്.
അസ്ഫാന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
2022 ജൂണ്‍ 26ന് രാത്രിയാണ് അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഗള്‍ഫിലായിരുന്ന അബൂബക്കര്‍ സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം.
യുവാവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി പൈവളിഗെയിലുള്ള ഇരുനില വീട്ടില്‍ തടങ്കലിലാക്കുകയും തുടര്‍ന്ന് ബോളംകള കുന്നില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.