ശാന്തസുന്ദരമായ ഒരു ഗാനം ആസ്വദിക്കുമ്പോള്‍ തലച്ചോറിന് ഏറെ സുഖവും ശാന്തിയും മനസിന് ധ്യാനാത്മകതയും ലയവും പകരുന്ന അല്‍ഫാ തരംഗങ്ങള്‍ രൂപപ്പെടുമത്രെ. അതുവഴി പിരിമുറുക്കവും ടെന്‍ഷനും കുറക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളെ ശരീരം ഉല്‍പാദിപ്പിക്കുകയും അത് രോഗശമനത്തിന് പ്രധാനകാരണമാവുകയും ചെയ്യും. ലോകവ്യാപകമായി സംഗീത ചികിത്സയ്ക്ക് പ്രചാരമുണ്ടായത് അങ്ങനെയാണ്. കോവിഡിനെ തുടര്‍ന്നുണ്ടായ ജീവിത സാഹചര്യങ്ങള്‍ നമ്മിലുണ്ടാക്കിയ പിരിമുറുക്കങ്ങള്‍ ഏറെയായിരുന്നു. ആസ്വാദ്യമായ വേദികള്‍ ഉണരാത്തത് നമ്മുടെയൊക്കെ സങ്കടമായി മാറിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റീജെന്‍ കൂട്ടായ്മക്ക് കീഴില്‍ മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈ സല്‍വാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംഗീതസായാഹ്നം-‘മഴ ചാറും ഇടവഴിയില്‍’ മനസില്‍ തളംകെട്ടിക്കിടന്ന പിരിമുറുക്കത്തെയും സമ്മര്‍ദ്ദങ്ങളെയും തേച്ചു
മായ്ച്ചു കളയുന്നതായി. സംഗീതത്തിന്റെ മാസ്മരിക ലോകത്തെ ഇണക്കുരുവികളായ റാസാബീഗം ശ്രുതിമധുരമായ ശബ്ദവുമായി ചാരെ വന്നപ്പോള്‍ അവരെ ഹൃദയം തുറന്ന് കേള്‍ക്കുകയായിരുന്നു ആസ്വാദകര്‍.
മഴചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ തൂവല്‍ പോല്‍
ഇളം നാമ്പുപോല്‍ കുളിര്‍ കാറ്റു പോലെ
ചാരെ വന്നോളെ…
എന്റെ ചാരെ വന്നോളെ..
അവരുടെ മധുരിതമായ ഓരോ വരികളും ഹൃദയങ്ങളിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. വരണ്ടുണങ്ങിയ മണ്ണില്‍ പുതുമഴയുടെ നനവെത്തിയ പോലെ സംഘര്‍ഷഭരിതമായ മനസ് കുളിര്‍മ കൊള്ളുകയായിരുന്നു ആ നിമിഷങ്ങളില്‍. ചിലര്‍ മറ്റെല്ലാം മറന്ന്, കണ്ണുകളടച്ച് ആ വരികള്‍ക്കൊപ്പം മമ കിനാക്കള്‍ കോര്‍ത്ത് കൊണ്ടിരുന്നു. മറ്റു ചിലരാകട്ടെ അവര്‍ക്കൊപ്പം വരികള്‍ മൂളി സംഗീതത്തിന്റെ ആഴങ്ങളിലേക്ക് കടന്നുപോയി. എത്രകേട്ടാലും മതിവരാത്ത ഗാനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അതിന് ജീവന്‍ പകര്‍ന്ന ശബ്ദത്തിലൂടെ, അവരെ നേരില്‍ കണ്ട് ആസ്വദിച്ചവര്‍ അന്നേരം തീര്‍ച്ചയായും അനുഭൂതിയുടെ മറ്റൊരു ലോകത്തായിരിക്കണം.
റാസാബീഗം എന്ന പേര് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംഗീതാസ്വാദകരുടെ വികാരമാണ്. റാസാബീഗം എന്നത് ഒരാളുടെ പേരല്ല. സംഗീതത്തെ പ്രണയിച്ച് ജീവിക്കുന്നതിനിടയില്‍ ഒന്നായ രണ്ട് ജീവിതങ്ങളുടെ പേരാണത്. കണ്ണൂര്‍ സ്വദേശിയായ അബ്ദുല്‍ റസാഖ് എന്ന റാസയും തിരുവനന്തപുരം സ്വദേശിനിയായ ഇംതിയാസ് ബീഗം എന്ന ബീഗവും. സംഗീതം തന്നെ ജീവിതമാക്കിയവര്‍ ഒന്നായതോടെ പിന്നെയത് സംഗീതാസ്വാദകരുടെ സൗഭാഗ്യമായി. പാട്ടുപ്രേമികള്‍ സ്‌നേഹത്തോടെ കേള്‍ക്കുന്ന, പ്രതീക്ഷയോടെ കാണുന്ന, വിരഹത്തോടെ ഓര്‍ക്കുന്ന ശബ്ദമായി അവര്‍ മാറി.
സംഗീത പാരമ്പര്യമുള്ള കുടുംബാംഗമല്ലാതിരുന്നിട്ടും ചെറിയ പ്രായത്തിലെ റാസക്ക് സംഗീതത്തോട് ഭ്രമം തോന്നിയിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉപ്പ സമ്മാനിച്ച കാസിയോ കീ ബോര്‍ഡാണ് സംഗീതവഴിയിലെ ആദ്യ സന്തോഷം. വളരുന്നതിനനുസരിച്ച് സംഗീതഭ്രമവും കൂടി. അതിനിടെ കീബോര്‍ഡും ഹാര്‍മോണിയവും ഉപയോഗിക്കാന്‍ പഠിച്ചു. ഉപ്പയുടെ സുഹൃത്ത് മൊഹമൂദാണ് ഹാര്‍മോണിയം പഠിപ്പിച്ചത്. സംഗീതത്തെ പ്രണയിച്ച് ജീവിക്കുന്നതിനിടെ പറ്റിയ കൂട്ടാളിയെ റാസ അന്വേഷിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് പാട്ടുവഴിയില്‍ ബീഗത്തെ പരിചയപ്പെടുന്നത്. തന്റെ സങ്കല്‍പത്തിലുള്ളതെല്ലാം ബീഗത്തില്‍ കണ്ടതോടെ ഇഷ്ടം തുറന്നു പറഞ്ഞു. പ്രണയമായി, പിന്നെ ജീവിതവും പാട്ടും ഒന്നിച്ചായി.
ബാപ്പയായിരുന്നു ഇംതിയാസ് ബീഗത്തിന്റെ ആദ്യഗുരു. അദ്ദേഹം പതിവായി വീട്ടില്‍ കൊണ്ടുവന്നിരുന്ന പഴയ ഹിന്ദി പാട്ടുകളുടെയും ഗസലുകളുടെയും കാസറ്റുകള്‍ കേട്ടാണ് ബീഗത്തിന് പാട്ടുകളോട് കമ്പമുണ്ടാവുന്നത്. ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ ശാസ്ത്രീയ സംഗീതത്തിലും കണ്ണൂരിലെ വിജയപ്രഭുവില്‍ നിന്ന് ഹിന്ദുസ്ഥാനിയിലും പ്രാഥമിക പരിശീലനം ലഭിച്ചു. കുട്ടിക്കാലം തൊട്ടെ ഗസല്‍ കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചതിനാല്‍ ബീഗത്തിന്റെ മനസില്‍ സംഗീതം അത്ര ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്നു. പാട്ടിനെ പ്രണയിച്ചും പരസ്പരം പ്രണയിച്ചും ഒന്നായത് കൊണ്ടാവണം അവരുടെ ഓരോ വരികളും ജീവനുള്ളതാവുന്നത്. പ്രണയാര്‍ദ്രമായ കണ്ണുകളുമായി, മുഖത്തോട് മുഖംനോക്കി അവര്‍ ഹൃദയത്തില്‍ നിന്ന് കോറിയിടുന്ന ഓരോ വരികളിലും പ്രണയവും നൊമ്പരവുമൊക്കെ അത്രമേല്‍ അനുഭവപ്പെടുന്നു. മെഹ്ഫിലുകള്‍ക്കിടയില്‍ ഇരുവരുടെയും കണ്ണുകളിലും ശബ്ദത്തിലും തുളുമ്പുന്ന പ്രണയം ആസ്വാദകര്‍ക്ക് വായിച്ചെടുക്കാനാവും. ഓമാലാളെ കിനാവുകാണുന്ന ഓരോ മനസിലേക്കും ഇളംനാമ്പു പോലെ, കുളിര്‍ കാറ്റുപോലെ ഓരോവരികളും അറിയാതെ കടന്നുവരും.
ഞങ്ങളുടെ പാട്ടുകള്‍ ആസ്വാദകരെ വല്ലാത്ത ഒരു തലത്തിലേക്ക് എത്തിക്കുന്നുവെന്നും വരികള്‍ മനസില്‍ കുടിയേറിയെന്നുമൊക്കെ പലരും പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണെന്ന് റാസ പറയുന്നു.
‘ഓമലാളെ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചി മുനയില്‍…’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് റാസാബീഗം കൂടുതല്‍ ശ്രദ്ധേയമാവുന്നത്. സുഹൃത്ത് യൂനുസ് സലീം എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ വരികളാണതെന്ന് റാസ പറയുന്നു. പിന്നീടൊരിക്കല്‍ അല്‍ഐനില്‍ ജോലി ചെയ്യുന്നതിനിടെ തനിക്ക് അയച്ചു തന്നു. അന്ന് വലിയ പ്രത്യേകതയൊന്നും തോന്നിയിരുന്നില്ല. പ്രവാസ ജീവിതത്തില്‍ തനിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ ഹാര്‍മോണിയം എടുത്ത് പാടി നോക്കി. അനുപല്ലവിയൊക്കെ മറ്റൊരു രീതിയിലാക്കിയാണ് പാടിയത്. ഇത് ഭാര്യ ബീഗത്തിന് അയച്ചു കൊടുത്തു. അവളത് സൂക്ഷിച്ചു വെച്ചു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയപ്പോള്‍ ഒരിക്കല്‍ മകളുടെ കൂടെ ഓമലാളെ വീണ്ടും പാടി. ഈ ദൃശ്യം ബീഗം വീഡിയോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതിന് മികച്ച പ്രതികരണമുണ്ടായി. അത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും സംഗീതവഴിയില്‍ ടേണിംഗ് പോയിന്റാവുകയും ചെയ്തു-റാസ പറയുന്നു.
റഷീദ് പാറക്കല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ ആല്‍ബത്തിലെ പാട്ടാണ് ‘മഴചാറും ഇടവഴിയില്‍’. ശിവറാം നാകുലശ്ശേരിയുടെ സംഗീത സംവിധാനത്തില്‍ വിദ്യാധരന്‍ മാഷാണ് അന്നതിന് ശബ്ദം നല്‍കിയത്. പിന്നീട് ഒരു കവര്‍ വേര്‍ഷന്‍ പോലെ ഞങ്ങളത് പാടിയപ്പോള്‍ അതിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്-റാസ സന്തോഷം പ്രകടിപ്പിക്കുന്നു. പാട്ടുവഴിയിലെ ഗുരുക്കന്മാരെയും പിന്തുണയും പ്രോത്സാഹനവും നല്‍കി കൂടെ നിന്ന സുഹൃത്തുക്കളെയും മറക്കാനാവില്ലെന്നും നമ്മള്‍ എന്തായോ അതിന് അവരോടൊക്കെ എന്നും കടപ്പാടുണ്ടാവുമെന്നും റാസ പറയുന്നു.
എല്ലാവര്‍ക്കും ആസ്വാദ്യകരമാവുന്ന ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാനുതകുന്ന വരികള്‍ തിരെഞ്ഞടുത്താണ് ഗസല്‍ അവതരിപ്പിക്കുക. ശരാശരി നിലവാരത്തില്‍ താഴെ പാട്ടോ ട്യൂണോ പോകരുതെന്ന നിര്‍ബന്ധബുദ്ധി തുടക്കം മുതലെയുണ്ടായിരുന്നു. പാട്ട് തിരഞ്ഞെടുക്കുന്നതിലുള്ള അന്വേഷണ ത്വര എല്ലായിപ്പോഴുമുണ്ടായി. ഭാസ്‌കരന്‍ മാഷിന്റെയും യൂസഫലി കേച്ചേരിയുടെയും ശ്രീകുമാരന്‍ തമ്പിയുടെയുമൊക്കെ വരികളോട് ബാല്യത്തിലെ ആരാധന തോന്നിയിരുന്നു. ഒരേ സമയം സാധാരണക്കാരോട് സംവദിക്കുകയും അതിനൊപ്പം ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ചെയ്യുന്ന ഭാസ്‌കരന്‍ മാഷിന്റെ വരികളോട് പ്രത്യേക ഇഷ്ടവും. ബാബുരാജ്, അര്‍ജുനന്‍ മാഷ്, രാഘവന്‍ മാഷ് എന്നിവരുടെ പാട്ടുകളും പഴയ ഹിന്ദി – ഉറുദു ഗസലുകളുമൊക്കെ എത്രകേട്ടാലും മതിവരാത്തതെന്നും അവരുടെ പാട്ടുകളാണ് കൂടുതല്‍ പ്രചോദനമായതെന്നും റാസ പറയുന്നു.
മലയാളികളെ ഗസലിനാല്‍ പുളകമണിയിച്ച ഉമ്പായിക്കയെ കുറിച്ച് ചോദിച്ചപ്പോള്‍ റാസ കൂടുതല്‍ വാചാലനായി. ഗസല്‍ കിംഗ് മെഹദി ഹസന്‍ സാഹിബും ബീഗം അക്തറും പോലെ മലയാളത്തിന്റെ ഗസല്‍ കിംഗ് ഉമ്പായിക്കയാണ്. മലയാള ഗസലിന്റെ ഐക്കണ്‍ എന്നും പറയാം. ഗസലിന് യോജിച്ച ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. ആലാപനത്തിലും അവതരണ രീതിയിലുള്ള പ്രത്യേക ഭംഗിയും ഉറുദു ഭാഷയിലും ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള അവഗാഹവുമെല്ലാം ഉമ്പായിക്കയെ വ്യത്യസ്തനാക്കി എന്ന് റാസ പറയുന്നു. ഒത്തിരി കവിതകളും പ്രണയ ഗീതങ്ങളും സമ്മാനിച്ച അദ്ദേഹത്തെ കണ്ടെത്താന്‍ മലയാളികള്‍ വൈകിയെന്നും റാസ പറയുന്നു. ഉമ്പായിക്കക്ക് ശേഷം ഗസലിനെ മലയാളികള്‍ക്കിടയില്‍ ജനകീയമാക്കിയ മറ്റൊരു മുഖം ഷഹബാസ് അമനാണ്. ഒറ്റതവണ കേള്‍ക്കുമ്പോഴേക്കും ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങുന്ന വരികളുമായാണ് ഷഹബാസ് അമന്‍ സംഗീതാസ്വാദകരുടെ മനസില്‍ കയറിക്കൂടിയത്. മറ്റേതൊരു സംഗീതമേഖല പോലെ തന്നെ എടുത്തു കാട്ടാന്‍ ഷഹബാസ് അമന്‍ അടക്കം ഒത്തിരി മലയാള ഗസല്‍ ഗായകര്‍ ഇന്നുണ്ട്. മുന്‍കാലങ്ങളേക്കാള്‍ ഉപരിയായി ചെറുപ്രായക്കാര്‍ ഇന്ന് ഗസലിനോട് താല്‍പര്യം കാട്ടുന്നത് വലിയ സന്തോഷം നല്‍കുന്നു-റാസ കൂട്ടിച്ചേര്‍ത്തു.
നീ എറിഞ്ഞ കല്ല് പാഞ്ഞ്
മാനത്തമ്പിളി പാതിമുറിഞ്ഞ്
തോട്ടുവരമ്പില്‍ വീണതെന്ന്
പൊള്ള് പറഞ്ഞില്ലേ… -സംഗീതാസ്വാദകരുടെ മനസ്സിലേക്ക് വരികള്‍ എറിഞ്ഞിട്ട് മകള്‍ സൈനബത്തുല്‍ യുസ്റ എന്ന സൈനുവും അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുന്നു. ഈയടുത്ത കാലത്ത് ഗസല്‍ പ്രേമികളുടെ മനസ്സ് കീഴടക്കിയ ഗാനമാണത്. യൂട്യൂബില്‍ പുറത്തിറക്കി കേവലം പത്ത് ദിനങ്ങള്‍ക്കകം തന്നെ പത്ത് ലക്ഷം പേരാണ് ആ ഗാനം കണ്ടത്. പിന്നീട് ദിവസങ്ങള്‍ക്കകം ഇരട്ടിയായി. സുഹൃത്ത് ഷാഹുല്‍ ഹമീദാണ് ഈ ഗാനം രചിച്ചത്. വരികള്‍ കേട്ടപ്പോഴേ അതിലൊരു കുഞ്ഞുസ്വരം കൂടിയുണ്ടെങ്കില്‍ നന്നായേനെ എന്ന തോന്നലാണ് സൈനുവിനെ കൂടി ഉള്‍പ്പെടുത്തിയതെന്ന് റാസ പറയുന്നു. അവള്‍ അത് അസാധ്യമായി പാടുകയും ചെയ്തു. പഴയ പാട്ടുകളുടെ രീതിയിലാണ് ഇത് ഒരുക്കിയിരുന്നത്. റാസ തന്നെയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. കുഞ്ഞുസൈനുവിനൊപ്പം റാസയും ബീഗവും അണിനിരന്ന ഈ ഗാനത്തെ ആസ്വാദകര്‍ കയ്യടിയോടെയാണ് വരവേറ്റത്. സൈനു കോഴിക്കോട് മണാശ്ശേരി എല്‍.പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്.
റാസക്കും ബീഗത്തിനുമൊപ്പം ഓര്‍ക്കസ്ട്ര നിയന്ത്രിക്കുന്നതിന് പിന്നിലും സംഗീതം ഇടനെഞ്ചിലേറ്റിയ ഒരു പിടി പ്രതിഭകളാണ്. മലയാളത്തിന്റെ ഗസല്‍ സുല്‍ത്താന്‍ സാക്ഷാല്‍ ഉമ്പായിയുടെ മകന്‍ സമീറാണ് ഗിത്താര്‍ വായിക്കുന്നത്. പിതാവിനെപ്പോലെ സംഗീതമാണ് സമീറിന്റെ പ്രാണന്‍. തബലയില്‍ കയ്യൊപ്പ് ചാര്‍ത്തിയ ജിത്തു ഉമ്മന്‍ തോമസും വയലിനില്‍ വിവേകുമുണ്ട്. ചെമ്പൈ മ്യൂസിക് ഫെസ്റ്റിലെ ജേതാവ് കൂടിയാണ് വിവേക്. സഞ്ജയ് അറക്കലാണ് കീബോര്‍ഡ് വായിക്കുന്നത്. സെല്‍ജാസാണ് സൗണ്ട് എഞ്ചിനീയര്‍. സംഗീതത്തെ മനോഹരമാക്കുന്നതില്‍ ശബ്ദത്തിനും ട്യൂണിനും അത്ര ഗൗരവമുള്ളതിനാല്‍ പിന്നണിയിലെ എല്ലാവര്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്.
കോവിഡ് കാലം വിശ്രമം നല്‍കിയതിനൊപ്പം ഗസലിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ആഴങ്ങളിലേക്ക് ഇറങ്ങാന്‍ ഉപകരിച്ചു. ഈ കാലയളവില്‍ ഒട്ടനവധി പാട്ടുപ്രവൃത്തികള്‍ ചെയ്യാനായതായി റാസ പറയുന്നു. സുഹൃത്തുക്കള്‍ അടക്കമുള്ളവരുടെ വരികളാണ് പുതിയ സൃഷ്ടികള്‍. അതില്‍ ഒന്നുരണ്ടെണ്ണം പുറത്തിറങ്ങി. ബാക്കിയുള്ളവ ഇനിയുള്ള നാളുകളില്‍ റിലീസാവും. എല്ലാം ആസ്വാദകര്‍ കയ്യടിച്ചു സ്വീകരിക്കുമെന്ന പ്രതീക്ഷ റാസക്കുണ്ട്. പലതിലും കുഞ്ഞു സൈനുവും ശബ്ദം നല്‍കിയിട്ടുണ്ട്. ഉറുദുവിലെ പ്രസിദ്ധമായ വരികള്‍ മലയാളത്തിലാക്കി അവതരിപ്പിക്കണം, അതിനുള്ള ശ്രമം നടന്നുവരികയാണ്-റാസ കൂട്ടിച്ചേര്‍ത്തു.