പോസ്റ്റ്മാന്‍
ഓരോ തപാല്‍ ദിനവും എനിക്ക് ഗ്രഹാതുരത്വത്തിന്റെ അറകള്‍ തുറക്കാനുള്ള ഒരു താക്കോലാണ്. ഒക്ടോബര്‍ 9 നാണ് ലോക തപാല്‍ ദിനം കടന്നു പോയത്. 1969ല്‍ ജപ്പാനിലെ ടോക്യോയില്‍ നടന്ന ആഗോള തപാല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ വെച്ചായിരുന്നു ആദ്യമായി ലോക പോസ്റ്റല്‍ദിനം ആഘോഷിച്ചത്. ഈ ആശയം അവതരിപ്പിച്ചത് ഇന്ത്യക്കാരനായ ആനന്ദമോഹന്‍ നാരുലയും. അന്ന് മുതല്‍ തപാല്‍ സേവനങ്ങളുടെ പ്രാധാന്യം അനുസ്മരിക്കുന്നതിനായാണ് തപാല്‍ ദിനം ആഘോഷിക്കുന്നത്. ഞായറാഴ്ച ഒഴിവ് ദിനമാണല്ലോ? ഒഴിവ് ദിനം സജീവമായി ആഘോഷിച്ചിരുന്നു. കുറച്ചു കാലങ്ങളായി കലണ്ടറില്‍ […]
ഓരോ തപാല്‍ ദിനവും എനിക്ക് ഗ്രഹാതുരത്വത്തിന്റെ അറകള്‍ തുറക്കാനുള്ള ഒരു താക്കോലാണ്. ഒക്ടോബര്‍ 9 നാണ് ലോക തപാല്‍ ദിനം കടന്നു പോയത്. 1969ല്‍ ജപ്പാനിലെ ടോക്യോയില്‍ നടന്ന ആഗോള തപാല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ വെച്ചായിരുന്നു ആദ്യമായി ലോക പോസ്റ്റല്‍ദിനം ആഘോഷിച്ചത്. ഈ ആശയം അവതരിപ്പിച്ചത് ഇന്ത്യക്കാരനായ ആനന്ദമോഹന്‍ നാരുലയും. അന്ന് മുതല്‍ തപാല്‍ സേവനങ്ങളുടെ പ്രാധാന്യം അനുസ്മരിക്കുന്നതിനായാണ് തപാല്‍ ദിനം ആഘോഷിക്കുന്നത്. ഞായറാഴ്ച ഒഴിവ് ദിനമാണല്ലോ? ഒഴിവ് ദിനം സജീവമായി ആഘോഷിച്ചിരുന്നു. കുറച്ചു കാലങ്ങളായി കലണ്ടറില്‍ […]
ഓരോ തപാല്‍ ദിനവും എനിക്ക് ഗ്രഹാതുരത്വത്തിന്റെ അറകള്‍ തുറക്കാനുള്ള ഒരു താക്കോലാണ്. ഒക്ടോബര്‍ 9 നാണ് ലോക തപാല്‍ ദിനം കടന്നു പോയത്. 1969ല്‍ ജപ്പാനിലെ ടോക്യോയില്‍ നടന്ന ആഗോള തപാല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ വെച്ചായിരുന്നു ആദ്യമായി ലോക പോസ്റ്റല്‍ദിനം ആഘോഷിച്ചത്. ഈ ആശയം അവതരിപ്പിച്ചത് ഇന്ത്യക്കാരനായ ആനന്ദമോഹന്‍ നാരുലയും. അന്ന് മുതല്‍ തപാല്‍ സേവനങ്ങളുടെ പ്രാധാന്യം അനുസ്മരിക്കുന്നതിനായാണ് തപാല്‍ ദിനം ആഘോഷിക്കുന്നത്.
ഞായറാഴ്ച ഒഴിവ് ദിനമാണല്ലോ? ഒഴിവ് ദിനം സജീവമായി ആഘോഷിച്ചിരുന്നു. കുറച്ചു കാലങ്ങളായി കലണ്ടറില്‍ മാത്രം ഒതുങ്ങിയ ചുവന്ന അക്കമായി അത് മാറിയിട്ട്.
ഒഴിവുദിനചിന്തകള്‍ മനസ്സില്‍ മുള പൊട്ടിയപ്പോള്‍ പോസ്റ്റ്മാനെ കുറിച്ചുള്ള ഓര്‍മ്മകള്‍ തികട്ടി വന്നു. പോസ്റ്റ്മാനും പോസ്റ്റാഫീസും ബാര്‍ബര്‍ ഷാപ്പും സാക്ഷര കേരളത്തിന്റെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഘടകങ്ങളാണ്.
പോസ്റ്റ്മാന്റെ സൈക്കിള്‍ എനിക്കെന്നും കൗതുകകരമായിരുന്നു. സൈക്കിളും സൈക്കിളിന്റെ ഹാന്‍ഡിലില്‍ ചരിച്ച് തൂക്കിയിടാറുള്ള വലിയ നീളന്‍ കാലന്‍ കുടയും തപാല്‍ ഉരുപ്പടികള്‍ നിറച്ച കാക്കി നിറത്തിലുള്ള സഞ്ചിയും മുട്ടോളമുള്ള കാക്കി ട്രൗസറും... ഈ വേഷം ഇന്നത്തെ പുതുതലമുറക്ക് അറിയാനിടയില്ല. കാസര്‍ക്കോട്ടുകാര്‍ക്ക് അവര്‍പോസ്റ്റുമാനല്ല. പേതെകളായിരുന്നു. ഈ വാക്കിന്റെ ഉറവിടം അജ്ഞാതം. ഏറ്റവും രസകരം ഈ സൈക്കിളില്‍ പോസ്റ്റുമാന്‍ അപൂര്‍വ്വമായെ സഞ്ചരിക്കുമായിരുന്നുള്ളു. പലപ്പോഴും തള്ളിക്കൊണ്ട് പോകുന്നതായാണ് കണ്ടിട്ടുള്ളത്. ചിലപ്പോള്‍ ഒരു കത്ത് കൊടുത്ത് കഴിഞ്ഞു തൊട്ടപ്പുറത്തായിരിക്കും അടുത്ത വിലാസം. ഉടനെ ഇറങ്ങേണ്ടി വരും. അതുകൊണ്ട് പോസ്റ്റ്മാന്‍ സൈക്കിളിനെ ഒരു കാരിയര്‍ വാഹനമായിട്ടാണ് ഉപയോഗിച്ചിരുന്നത്.
കൃത്യസമയത്ത് നാട്ടിന്‍പുറത്തെത്തുന്ന പോസ്റ്റുമാന്‍ ഒരു സമയസൂചികയുമായിരുന്നു. തപാല്‍ വിതരണം ചെയ്യാന്‍ സൈക്കിള്‍ നിര്‍ത്തിയിടുന്ന ചില നിശ്ചിത സ്ഥലങ്ങളുമുണ്ടായിരുന്നു. അത് കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പിന്‍തള്ളപ്പെട്ടുപോയ ഗ്രാമീണതയുടെ ഓര്‍മ്മക്കല്ലായി മാറിയെന്നത് യാഥാര്‍ത്ഥ്യം. തലമുറകളില്‍ നിന്ന് തലമുറകളിലേക്കെത്തുമ്പോള്‍ അവ ക്രമേണ ഓര്‍മ്മയില്‍ നിന്നു പോലും മാഞ്ഞുപോകും. പോസ്റ്റുമാനും പോസ്റ്റാഫീസും സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായിരുന്നു. തപാല്‍ പെട്ടിയും പോസ്റ്റ്മാനും പോസ്റ്റാഫീസുമെല്ലാം ഇന്ന് ക്രമേണ പുതിയ വാര്‍ത്താ വിനിമയ രീതികള്‍ക്ക് വഴിമാറിക്കൊടുക്കുകയാണ്.
തപാല്‍ വകുപ്പിന്റെ തന്നെ ഭാഗമായിരുന്നു ടെലഗ്രാം അല്ലെങ്കില്‍ കമ്പി. ഏറ്റവും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുമായിരുന്ന ഒരു വാര്‍ത്താ വിനിമയ മാര്‍ഗമായിരുന്നു അത്. ടെലഗ്രാം ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായിട്ട് കാലങ്ങളേറെയായി. സാധാരണയായി വല്ലവരും മരിച്ചാല്‍ ഉടനെ വിവരമറിയിക്കാനുള്ള ഉപാധിയായിരുന്നു നാട്ടിന്‍പുറത്ത് കമ്പി. അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും ധാരാളം. എന്റെ നാട്ടില്‍ നിന്നും പുകയില കച്ചവടത്തിന് കോയമ്പത്തൂര്‍പോയ ഒരാള്‍ അങ്ങാടിയില്‍ വില കുറവാണ് എന്ന് കമ്പിയടിച്ചത് ഇന്നും ഓര്‍മ്മയിലുണ്ട്. വിവരം വേഗം അറിയിക്കാന്‍ വേണ്ടി മാര്‍ക്കറ്റ് ഡൗണ്‍ എന്ന് വീട്ടിലേക്ക് കമ്പിയടിച്ചു. മരണ വിവരം മാത്രം കമ്പി വഴി അറിയിച്ചിരുന്ന ആ കാലത്ത് ഇങ്ങനെ ഒരു കമ്പി കിട്ടിയപ്പോള്‍ ഉണ്ടായ പുകില് ചെറുതല്ല. കച്ചവടത്തിന് പോയ ആള്‍ മരിച്ചു പോയി എന്ന് ഗ്രാമത്തിലെ വലിയ പഠിപ്പുകാരനെന്ന് സ്വയം പറഞ്ഞിരുന്ന ഒരാള്‍ വായിച്ചര്‍ത്ഥം വെച്ചപ്പോള്‍ അതൊരു കൂട്ട നിലവിളിയായി. പോസ്റ്റുമാന്‍ എന്ന പേരില്‍ തന്നെ വിവിധ ഭാഷകളില്‍, പ്രസിദ്ധങ്ങളായ സിനിമകളും കഥകളും ഇറങ്ങിയിട്ടുണ്ട്. അക്ഷരാഭ്യാസമില്ലാത്ത കുടുംബിനിക്ക് ഭര്‍ത്താവിന്റെ കത്തുകള്‍ വായിച്ചു കൊടുത്ത് അവസാനം പോസ്റ്റുമാനുമായി പ്രണയത്തിലായ കഥയും പുകള്‍പെറ്റതാണ്. ഗള്‍ഫുകാരന്റെ ഗൃഹാതുരത്വത്തിന്റെ തീക്ഷണത അറിയിക്കുന്ന കത്തുപാട്ടുകളിലും തപാല്‍ പെട്ടിയും പോസ്റ്റുമാനും നമ്മുടെ മുമ്പിലെത്തുന്നു. തപാലാപീസിന്റെ കാര്യസ്ഥനാണ് പോസ്റ്റ് മാസ്റ്റര്‍. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആളാണ് അയാള്‍. പോസ്റ്റ്മാന്റെ മുകളില്‍ എന്തു സംശയവും തീര്‍ക്കുന്ന ആള്‍ക്ക് നാട്ടില്‍ വലിയ ആദരവും.
രവീന്ദ്രനാഥ് ടാഗോറിന്റെ 'ദി പോസ്റ്റ് മാസ്റ്റര്‍'എന്ന ചെറുകഥ വളരെ പ്രസിദ്ധമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ, കല്‍കത്തയില്‍ നിന്നും ഒരാളെ ഉത്തരേന്ത്യയിലെ ഒരു കുഗ്രാമത്തില്‍ പോസ്റ്റ് മാസ്റ്ററായി നിയമിക്കുന്നു. കൊളോണിയസത്തിന്റെ നുഴഞ്ഞു കയറ്റം ആയിരുന്നു അതെന്ന് വ്യാഖ്യാനിക്കപ്പെടുന്നു; ആ കഥ.
ജനവാസം കുറഞ്ഞ, പ്രകൃതി ഭംഗിനിറഞ്ഞ ഗ്രാമം. വല്ലാത്ത ഒറ്റപ്പെടല്‍. ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ പാട്ടുകളും കവിതകളും എഴുതിത്തുടങ്ങി. ആയിടെയാണ് തൊട്ടടുത്തുള്ള പെണ്‍കുട്ടിയെ കണ്ട് മുട്ടുന്നതും. സൗഹൃദം തുടങ്ങുന്നതും. അയാളുടെ കുടുംബ പാശ്ചാത്തലവും അവളുടെ തും ഒരേപോലെ. അവള്‍ കരുതി അയാള്‍ അവളുടെ കുടുംബത്തിലെ അംഗമാണെന്ന്. ബോറടിച്ചു കഴിഞ്ഞിരുന്ന പോസ്റ്റ്മാസ്റ്റര്‍ അവളെ അക്ഷരം പഠിപ്പിച്ചു തുടങ്ങി. അവള്‍ മാസ്റ്റര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും ചെയ്യും. ഋതുക്കള്‍ കൊഴിഞ്ഞ ഇലകള്‍ പോലെ കാലം അയാളെ രോഗത്തിലേക്കും വാര്‍ധക്യത്തിലേക്കും നയിച്ചു. ട്രാന്‍സ്ഫറിനപേക്ഷ കൊടുത്തത് നിരസിക്കപ്പെട്ടു. ഒരു നാള്‍ മാസ്റ്റര്‍ ജോലിയുപേക്ഷിച്ചു കല്‍ക്കത്തക്ക് തിരിച്ചു. പോകുമ്പോള്‍ തന്നെയും കൊണ്ടു പോകണമെന്ന് ആ പെണ്‍കുട്ടി അപേക്ഷിക്കുന്നു. പുതിയ മാസ്റ്റര്‍ വരുമ്പോള്‍ തന്നെ കുറിച്ച് ഞാന്‍ അവരോട് പറയാം എന്ന് പറഞ്ഞ് അയാള്‍ യാത്ര തുടര്‍ന്നു.
നടന്നകലുമ്പോള്‍ അയാള്‍ക്ക് മാനസാന്തരമുണ്ടായി. പെണ്‍കുട്ടിയെ കൂടെ കൊണ്ട് പോകണമെന്ന് തോന്നി. തിരിച്ചു വരുന്നു. വഴിയില്‍ അയാളുടെ ചിന്തകള്‍ പിന്നെയും മാറുന്നു. ഞാനെന്തിനു അവളെ കൊണ്ട് പോകണം. ജീവിതം തന്നെ എന്നെങ്കിലുമായി നഷ്ടപ്പെടും. ഒന്നും ശാശ്വതമല്ലല്ലോ. കൂടിച്ചേരലുകള്‍ക്കും വേര്‍പ്പാടുകള്‍ക്കും ഓരോ കാലങ്ങള്‍. വേര്‍പാടുകളും ജീവിതത്തിന്റെ ഭാഗമാണല്ലോ? പെണ്‍കുട്ടിയെ ഒഴിവാക്കി അയാള്‍ യാത്രതുടര്‍ന്നു. അതേസമയം തന്റെ കുടുംബക്കാരനാണ് ആ ബംഗാളി പോസ്റ്റ് മാസ്റ്റര്‍ എന്ന് സ്വയം തീരുമാനിച്ച അവള്‍, എന്നെങ്കിലും തന്നെ കൂട്ടി കൊണ്ടുപോകാന്‍ മാസ്റ്റര്‍ വരുമെന്ന് കരുതി കാത്തിരിക്കുകയാണെന്ന സൂചനയുമായി കഥ അവസാനിക്കുന്നു. ഒരു വശത്ത് കാത്തിരിപ്പും പ്രതീക്ഷയും മറുവശത്ത് കാത്തിരിപ്പിനൊന്നും അര്‍ത്ഥമില്ല, എല്ലാം എന്നെങ്കിലുമായി നഷ്ടപ്പെടുമെന്നുള്ള യാഥാര്‍ത്ഥ്യവും വായനക്കാരെ സങ്കടത്തിലാക്കുന്നു. ഇന്ന് പോസ്റ്റ് ബോക്‌സുകളും തപാലാപീസുകളും കാണാതായിത്തുടങ്ങി. മനുഷ്യന്റെ സ്‌നേഹത്തിന്റെയും നൊമ്പരത്തിന്റെയും നെഞ്ചിടിപ്പിന്റെയും താളം എഴുത്തുകളിലാക്കി എഴുത്ത് പെട്ടിയിലിട്ടു നെടുവീര്‍പ്പിട്ടിരുന്ന കാലം കഴിഞ്ഞു എന്നു തോന്നുന്നു. എം.ടി.യുടെ 'മഞ്ഞ്'എന്ന നോവലിലെ കഥാ പാത്രവും മുന്നില്‍ വരുന്നു. വിരസതയകറ്റാന്‍ സ്വയം വിലാസമെഴുതി പോസ്റ്റ് ചെയ്യുന്ന രംഗം. അനന്തമായ കാത്തിരിപ്പിന്റെ രംഗം.
എഴുത്തും തപാല്‍ പെട്ടിയും പോസ്റ്റുമാനും മെല്ലെമെല്ലെ അരങ്ങൊഴിയുകയാണ്. ഒരു കാലത്ത് നമുക്ക് പ്രതീക്ഷകളായിരുന്നു അവ. ഇപ്പോഴും ഓര്‍ത്തെടുക്കുമ്പോള്‍ പലതായി പിരിയുന്ന പ്രതീക്ഷകളുടെ വലിയ ഓര്‍മ്മപ്പൂക്കള്‍.