പൊസോളിഗെ അബ്ദുല്ല ഹാജി എന്ന വൈജ്ഞാനിക സമുദ്ധാരകന്‍

ബെളിഞ്ച ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് പൊസോളിഗെ അബ്ദുല്ല ഹാജിയെ കുറിച്ച് കേള്‍ക്കുന്നത്. മകന്‍ ഖലീല്‍ ദാരിമി എന്റെ സഹപാഠിയായിരുന്നു. റഷീദ് ബെളിഞ്ചം, നൂറുദ്ദീന്‍ ബെളിഞ്ചം, സലാം ബെളിഞ്ചം, ഹാഫിള് ശിഹാബുദ്ദീന്‍ ദാരിമി എന്നിവര്‍ എന്റെ ഉറ്റസുഹൃത്തുക്കളും. ഖലീല്‍ ദാരിമിയുടെ പിതാവ് എന്ന നിലക്ക് ക്ലാസ് ഉസ്താദായ സയ്യിദ് മുഹമ്മദ് തങ്ങള്‍ അബ്ദുല്ല ഹാജിയുടെ വിശേഷങ്ങള്‍ ചോദിച്ച് അറിയുന്നു. അദ്‌ളച്ച ഹജ്ജിന് പോയ സമയമായിരുന്നു അത്. ബെളിഞ്ചയില്‍ നിന്ന് പരിശുദ്ധ ഹജ്ജിന് പോയ പ്രഥമ […]

ബെളിഞ്ച ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് പൊസോളിഗെ അബ്ദുല്ല ഹാജിയെ കുറിച്ച് കേള്‍ക്കുന്നത്. മകന്‍ ഖലീല്‍ ദാരിമി എന്റെ സഹപാഠിയായിരുന്നു. റഷീദ് ബെളിഞ്ചം, നൂറുദ്ദീന്‍ ബെളിഞ്ചം, സലാം ബെളിഞ്ചം, ഹാഫിള് ശിഹാബുദ്ദീന്‍ ദാരിമി എന്നിവര്‍ എന്റെ ഉറ്റസുഹൃത്തുക്കളും. ഖലീല്‍ ദാരിമിയുടെ പിതാവ് എന്ന നിലക്ക് ക്ലാസ് ഉസ്താദായ സയ്യിദ് മുഹമ്മദ് തങ്ങള്‍ അബ്ദുല്ല ഹാജിയുടെ വിശേഷങ്ങള്‍ ചോദിച്ച് അറിയുന്നു. അദ്‌ളച്ച ഹജ്ജിന് പോയ സമയമായിരുന്നു അത്. ബെളിഞ്ചയില്‍ നിന്ന് പരിശുദ്ധ ഹജ്ജിന് പോയ പ്രഥമ വ്യക്തിയാണ് അദ്ദേഹം. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനും വിശേഷങ്ങള്‍ അറിയാനും എല്ലാവര്‍ക്കും വലിയ താല്‍പര്യമായിരുന്നു.
മക്കത്ത് നിന്ന് കൊണ്ട് വന്ന പിച്ചര്‍ സ്‌ക്രീന്‍ ഖലീല്‍ മദ്രസയില്‍ കൊണ്ട് വന്നപ്പോള്‍ കണ്ണോട് ചേര്‍ത്ത് വെച്ച് മക്കയിലും മദീനയിലുമുള്ള കാഴ്ചകളുടെ ചിത്രങ്ങള്‍ കുട്ടികളായ ഞങ്ങള്‍ ആവേശപൂര്‍വ്വം കണ്ടത് ഇന്നും ഓര്‍ക്കുന്നു. പിന്നീട് ബെളിഞ്ച എ.എല്‍.പി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് സ്‌കൂള്‍ മാനേജര്‍ എന്ന നിലയില്‍ നേരിട്ട് കാണുന്നത്. ചുളിയാത്ത വസ്ത്രവും കറക്കിക്കെട്ടിയ തലപ്പാവും ധരിച്ച് സ്‌കൂളിലെത്തും.
വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വിഘാതമുണ്ടാകുന്നതൊന്നും സ്‌കൂളില്‍ ഉണ്ടായിക്കൂടായെന്ന കണിശതയും ഉത്തരവാദിത്തവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബാല്യകാല മനസ്സില്‍ നിറഞ്ഞ് നിന്ന അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളാണ് പൊസോളിഗെ അബ്ദുല്ല ഹാജി.
കര്‍ഷകരും കൂലിത്തൊഴിലാളികളുമായിരുന്ന നാട്ടുകാരുടെ മക്കള്‍ക്ക് ഉത്തമവും ഉദാത്തവുമായ വിദ്യാഭ്യാസ ഭാവി ആഗ്രഹിച്ച് 1984ല്‍ അബ്ദുല്ല ഹാജിയെന്ന സാമൂഹ്യ സ്നേഹി ആരംഭിച്ച മലയാളം മീഡിയം സ്‌കൂളിലൂടെയാണ് ബെളിഞ്ചയില്‍ വിജ്ഞാന വെളിച്ചം പിറവി കൊണ്ടത്. കര്‍ണ്ണാടകയോട് ചേര്‍ന്ന് നിന്ന പ്രദേശമായതിനാല്‍ കന്നടയായിരുന്നു ഔദ്യോഗിക ഭാഷ. ക്രയവിക്രയങ്ങള്‍ക്കും ഔദ്യോഗിക രേഖകള്‍ക്കും കന്നട ലിപിയായിരുന്നു ഉപയോഗിച്ചത്. നാട്ടിലെ പഴയകാല പ്രമാണങ്ങളെല്ലാം ഇന്നും കന്നടയിലാണുള്ളത്.
ജാതി, മത ഭേദമന്യേ സര്‍വ്വരും കന്നട പഠിച്ചതിനാല്‍ പഴമക്കാര്‍ക്കെല്ലാം നിഷ്പ്രയാസം കന്നട സംസാരിക്കാനും എഴുതാനും സാധിച്ചിരുന്നു. മരിച്ചതും ജീവിച്ചിരിക്കുന്നതുമായ പഴയ തലമുറ മലയാളം, കന്നട, തുളു ഭാഷകളിലാണ് ആശയ വിനിമയം നടത്തിയിരുന്നത്.
1984ന് കാസര്‍കോട് ജില്ല പിറവി കൊണ്ടതിന് ശേഷമാണ് പഞ്ചായത്തില്‍ മലയാള ഭാഷ ലിഖിതമായി തുടങ്ങിയത്. നാട്ടുകാര്‍ക്ക് മലയാളം പഠിപ്പിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയില്‍ 1980ല്‍ അദ്ദേഹം ആരംഭിച്ച മലയാള മീഡിയം തലമുറയുടെ സര്‍വ്വകലാശാലയായി മാറി. നാട്ടില്‍ മലയാള മീഡിയമെന്ന സ്വപ്‌നം പൂവണിയാന്‍ ആദ്യന്ത്യം പ്രവര്‍ത്തിച്ച പ്രമുഖ വ്യക്തിത്വമാണ് അബ്ദുല്ല ഹാജി.
പിന്നീട് എല്‍.പി വിദ്യാഭ്യാസം വരെ കന്നട-മലയാള മീഡിയം സ്‌കൂളുകള്‍ അബ്ദുല്ല ഹാജിയുടെ നേതൃത്വത്തില്‍ ബെളിഞ്ചയില്‍ സ്ഥാപിതമായി. വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യം വെച്ച് നാടിന്റെ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിത്വത്തെയാണ് സമൂഹത്തിന് നഷ്ടമായത്.
പ്രവര്‍ത്തനത്തിനൊത്ത പേരും പെരുമയും കൈവന്നപ്പോഴെല്ലാം നാട്യങ്ങളില്ലാത്ത നാട്ടുകാരനായി ജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
2017ല്‍ ബെളിഞ്ചയില്‍ സ്ഥാപിതമായ മഹബ്ബ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബെളിഞ്ച എ.എല്‍. പി സ്‌കൂളില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടന സെഷനില്‍ സംഘാടകര്‍ നല്‍കിയ ആദരവ് ചടങ്ങില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഹൃദത്തടത്തില്‍ ഓളങ്ങളായി ഒഴുകുന്നു.
'ആദരവിന് ഒരിക്കലും ഞാന്‍ അര്‍ഹനല്ല, ചെയ്യുന്നതെല്ലാം അല്ലാഹു സ്വീകരിക്കണം, നിങ്ങളെപ്പോലെയുള്ള സംഘാടകര്‍ നല്‍കുന്നതിനോട് വിമുഖത കാണിക്കുന്നത് ഞാന്‍ ചെയ്യുന്ന വലിയ അപരാധമായിരിക്കും'
സമൂഹത്തിന്റെ ഉന്നതതലങ്ങളില്‍ വിരാചിക്കുമ്പോഴെല്ലാം എളിമയോടെ ജീവിച്ച സല്‍സ്വഭാവിയാണ് അദ്ദേഹം. ബെളിഞ്ച സ്‌കൂളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ച് പോയ അധ്യാപകരെല്ലാം അദ്ദേഹത്തിന്റെ ജനാസ കാണാന്‍ വീട്ടിലെത്തിയത് തന്നെ അദ്ദേഹത്തിന്റെ സ്വഭാവ മഹിമയുടെ മകുടോദാഹരണമാണ്. അബ്ദുല്ല ഹാജിയുടെ ഭൗതിക മേനി നാട്ടുകാരുടെ സാന്നിധ്യത്തില്‍ ആറടിമണ്ണിലേക്ക് താഴ്ത്തിവെച്ചെങ്കിലും അദ്ദേഹം കൊളുത്തിവെച്ച വൈജ്ഞാനിക വിപ്ലവം അണയാതെ പ്രകാശിക്കുക തന്നെ ചെയ്യും.
ബെളിഞ്ചയുടെ വൈജ്ഞാനിക സമുദ്ധാരകനെയാണ് പൊസോളിഗെ അബ്ദുല്ല ഹാജിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. ജന്മനാടിനെ കര്‍മ്മഭൂമിയാക്കിയ അബ്ദുല്ല ഹാജി നാട്ടുകാര്‍ക്കും പരിസര പ്രദേശത്തുകാര്‍ക്കുമെല്ലാം പ്രിയങ്കരനായിരുന്നു. നിസ്വാര്‍ത്ഥ സേവനം കൊണ്ട് ജനകീയനായ ആ വിദ്യാഭ്യാസ പ്രവര്‍ത്തകന്റെ ഓര്‍മകള്‍ വരും തലമുറക്ക് പാഠമാകട്ടെ...

Related Articles
Next Story
Share it