പറയാതെ വയ്യ; ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെപ്പറ്റി

കോവിഡ് മഹാമാരിക്ക് മുന്നില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുകയാണ്. മനുഷ്യനിര്‍മ്മിത വേര്‍തിരിവുകളെയെല്ലാം അസ്ഥാനത്താക്കി കോവിഡ ബാധിതരും അല്ലാത്തവരുമായി മനുഷ്യരാശി രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരി ഏറെ ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയായിരിക്കാം. കോവിഡ് വൈറസ് വ്യാപനത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി സ്‌കൂളുകളും കോളേജുകളും സര്‍വകലാശാലകളും അടച്ചിരിക്കെ, ഇന്ന് ലോകമെമ്പാടും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് പഠനം. ഈ കോവിഡ് കാലത്ത് മുതിര്‍ന്നവര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെ ധാരാളം പ്രശ്‌നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും സഹപാഠികളുമായി പങ്കുവെക്കാന്‍ പറ്റാത്തതും […]

കോവിഡ് മഹാമാരിക്ക് മുന്നില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുകയാണ്. മനുഷ്യനിര്‍മ്മിത വേര്‍തിരിവുകളെയെല്ലാം അസ്ഥാനത്താക്കി കോവിഡ ബാധിതരും അല്ലാത്തവരുമായി മനുഷ്യരാശി രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരി ഏറെ ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയായിരിക്കാം. കോവിഡ് വൈറസ് വ്യാപനത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി സ്‌കൂളുകളും കോളേജുകളും സര്‍വകലാശാലകളും അടച്ചിരിക്കെ, ഇന്ന് ലോകമെമ്പാടും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് പഠനം. ഈ കോവിഡ് കാലത്ത് മുതിര്‍ന്നവര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെ ധാരാളം പ്രശ്‌നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും സഹപാഠികളുമായി പങ്കുവെക്കാന്‍ പറ്റാത്തതും വീട്ടിലുള്ള ഒറ്റപ്പെടലും മാതാപിതാക്കളുടെ ശാസനകളും യുവതയെ പ്രശ്‌നങ്ങളിലേക്ക് തള്ളി നീക്കുന്നുണ്ട്. സമയബന്ധിതവും കൃത്യനിഷ്ഠ ഇല്ലാത്തതുമായ ജീവിതവും കൗണ്‍സിലിംഗ് ഇല്ലായ്മയും ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗവും പ്രായഭേദമന്യേ കുട്ടികളെ വളരെയധികം ബാധിച്ചിട്ടുണ്ട്.

ബാധിക്കുന്നത് കുഞ്ഞു മനസിനെ
അധ്യാപകരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കവും കുട്ടികളുടെ പ്രശ്‌നങ്ങളില്‍ അധ്യാപകരുടെ ഇടപെടലും ഇല്ലാത്തതിനാല്‍ ഈ കാലം കുട്ടികളുടെ മാനസികാവസ്ഥയെ ഗൗരവകരമായി ബാധിച്ചിരിക്കുകയാണ്. മാതാപിതാക്കളുമായി പങ്കുവെക്കാന്‍ പറ്റാത്ത പല പ്രശ്‌നങ്ങളും അധ്യാപകരും കൂട്ടുകാരും കൗണ്‍സിലര്‍മാരുമൊക്കെയായി പങ്കുവെച്ചിരുന്നു. അതിനുള്ള സാധ്യതകളാണ് ഈ കാലം ഇല്ലാതാക്കിയിരിക്കുന്നത്. അതും കുട്ടികളെ മാനസികമായി ബാധിച്ചിട്ടുണ്ട്.
പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഓണ്‍ലൈന്‍ വിദ്യാഭ്യാസം അമിത പഠനഭാരവും മാനസിക സമ്മര്‍ദ്ദവും കുട്ടികളില്‍ ഏല്‍പ്പിക്കുന്നു. മണിക്കൂറുകളോളമുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പലപ്പോഴും കുട്ടികള്‍ക്ക് പല കാര്യങ്ങളും മനസ്സിലാകാറില്ല. അതോടൊപ്പം നടത്തുന്ന പരീക്ഷകള്‍ കുട്ടികളില്‍ വളരെ അധികം മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നു. പരീക്ഷാകാലത്തുള്ള കുട്ടികളിലെ മാനസിക സംഘര്‍ഷം ഒരു പരിധിവരെ അവരുടെ കൂടിച്ചേരലുകളിലൂടെയാണ് ഇല്ലാതാവുന്നത്. എന്നാല്‍ അത്തരം കൂടിച്ചേരലുകള്‍ക്ക് ഇപ്പോള്‍ അവസരം ഇല്ലാതായിരിക്കുന്നു . ഇത് പലപ്പോഴും പരീക്ഷാപേടിയാലുള്ള ആത്മഹത്യയിലേക്ക് വരെ നയിക്കുന്നു.

രക്ഷിതാക്കള്‍ ഒപ്പമുണ്ടാകണം
സംശയ ദൂരീകരണത്തിനും പ്രശ്‌ന പരിഹാരത്തിനും അധ്യാപകരും കൗണ്‍സിലിംഗ് അധ്യാപകരും കുട്ടികളുടെ കൂടിച്ചേരലുകളും ഇല്ലാത്ത ഈ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ അവരുടെ കുട്ടികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണെന്ന് യു.എ.ഇയിലെ സ്‌കൂള്‍ കൗണ്‍സിലിംഗ് അധ്യാപികയായ ഹിസാന പറയുന്നു. അല്ലെങ്കില്‍ ജീവിതപരിചയം ഇല്ലാത്ത കുട്ടികള്‍ സ്വയം ഒരു ചോദ്യചിഹ്നമായി മാറുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ആധുനിക കാലത്തെ ഏതൊരു വെല്ലുവിളിയെയും നാം അതിന്റേതായ ഗൗരവത്തില്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നാണ് വിദ്യാഭ്യാസ മനഃശാസ്ത്ര കണ്‍സല്‍ട്ടന്റ് കൂടിയായ ഡോ. വിജയന്‍ കരിപ്പാല്‍ അഭിപ്രായപ്പെടുന്നത്. പുതിയ വെല്ലുവിളികളെ നേരിടാന്‍ പുതിയ പ്രതികരണങ്ങളും അവയ്ക്കുള്ള നിര്‍വചനങ്ങളും നാം തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. നമുക്ക് മുന്നില്‍ എത്തുന്ന ഓരോ പ്രശ്‌നത്തിന്റെയും പ്രതിവിധി നാം അതിനെ ഏതു രീതിയില്‍ ഏറ്റെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് ഏതൊരു വെല്ലുവിളിയെയും നാം ഏറ്റെടുത്തേ മതിയാവൂ. അല്ലാതെ ജീവിതത്തില്‍ വിജയിക്കാനാകില്ലെന്നും അദ്ദേഹം വിവരിക്കുന്നു.

വിരസം ഈ പഠനം
ഓണ്‍ലൈന്‍ പഠനകാലം തീര്‍ത്തും വിരസമാണെന്നാണ് പത്താം തരം വിദ്യാര്‍ത്ഥിയായ അശ്വിന്‍ ദേവിന് പറയാനുള്ളത്. അധ്യാപകരെ നേരില്‍ കാണാന്‍ കഴിയാത്തതും സഹപാഠികളുമായി അടുത്ത് ഇടപഴകാന്‍ സാധിക്കാത്തതും മാനസിക
വിഷമം ഉണ്ടാക്കുന്നതായും അവന്‍ പറയുന്നു. അതേസമയം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഈ കോവിഡ് കാലത്തെ ഒരു അനുഗ്രഹമാണെന്നാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ അമിതയുടെ അഭിപ്രായം. ക്ലാസുകളൊക്കെ നന്നായി മനസിലാക്കാനും കഴിയുന്നതായും അവള്‍ പറയുന്നു. എങ്കിലും മണിക്കൂറുകളോളമുള്ള ക്ലാസുകളും സാങ്കേതിക ഉപകരണങ്ങളിലെ മറ്റു സംവിധാനങ്ങളും വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത ഇല്ലാതാകുന്നു എന്നാണ് രണ്ട് വിദ്യാര്‍ത്ഥികളുടെ പിതാവായ മാവുങ്കാലിലെ ശിവപ്രകാശന്‍ അഭിപ്രായപ്പെടുന്നത്. കുട്ടികള്‍ ക്ലാസുകളില്‍ പൂര്‍ണ്ണ ശ്രദ്ധചെലുത്തുന്നുണ്ടോ എന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഒരുക്കിക്കൊടുക്കുന്ന സൗകര്യങ്ങള്‍ കുട്ടികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നും എല്ലായ്‌പ്പോഴും ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരിതപിക്കുന്നു.
ബന്തടുക്ക ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പ്രഥമാധ്യാപികയായ വീണയുടെ അഭിപ്രായത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും ഏറ്റവും അനുയോജ്യമായ അന്തരീക്ഷം ക്ലാസ്മുറികള്‍ തന്നെയാണ്. എന്നിരുന്നാലും ഈ കോവിഡ് കാലത്ത് ക്ലാസ്മുറികളിലെ പഠനം അസാധ്യമായതിനാല്‍ ഒന്നുമില്ലാത്തതിനെക്കാളും നല്ലത് എന്തെങ്കിലും ഉള്ളതാണ് എന്ന രീതിയില്‍ ക്ലാസുകള്‍ തീര്‍ത്തും ഇല്ലാത്തതിനെക്കാളും ഓണ്‍ലൈന്‍ വഴിയെങ്കിലും നടത്തുന്നത് കുട്ടികള്‍ക്ക് ഒരു ആശ്വാസം തന്നെയാണ്.
അധ്യാപകരുമായിട്ടുള്ള സമ്പര്‍ക്കമില്ലായ്മ കുട്ടികളെ സാരമായി ബാധിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ ശരാശരിക്കു മുകളില്‍ പഠനനിലവാരം പുലര്‍ത്തിയിരുന്ന കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ പരിമിതികള്‍ മൂലം ശരാശരി നിലവാരത്തിലേക്ക് താഴ്ന്ന് പോകുന്ന സാഹചര്യമാണ് നാം ഇന്ന് കാണുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

തൊട്ടറിയണം കുഞ്ഞു മനസുകള്‍
ഓണ്‍ലൈന്‍ പഠനകാലത്ത് കുട്ടികളുമായി നേരിട്ട് സംവദിക്കാനും ആശയ വിനിമയം നടത്താനും അധ്യാപകര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ കുട്ടികളിലെ മാനസീക സംഘര്‍ഷത്തിന്റെ തീവ്രത മനസിലാക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കുന്നില്ല. ഇതിനെല്ലാം പുറമെ ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രായോഗിക തലത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ്. ഇന്റര്‍നെറ്റിന്റെ ലഭ്യത ഇല്ലായ്മയും ആവശ്യമായ ഉപകരണങ്ങളുടെ അപര്യാപ്തതയും ശാരീരികമായ അസുഖങ്ങളും ഇവ പരിഹരിക്കാന്‍ ആവാതെ സ്വഹത്യയിലേക്ക് മാറി ചിന്തിച്ച കുട്ടികളും സമൂഹത്തില്‍ ഉണ്ട്.
ഇന്നത്തെ ലോകത്തിന് പരിചയമില്ലാത്ത ഈ മഹാമാരി കാലത്ത് എല്ലാ വഴികളും അടഞ്ഞപ്പോള്‍, നാം സ്വയമേവ കണ്ടത്തിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കുന്നുണ്ടെങ്കിലും അതിനും അപ്പുറം ഒരുപാട് ജീവിത പരാജയങ്ങള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും മാനസിക ശാരീരിക അസുഖങ്ങള്‍ക്കും കാരണമാവുന്നു എന്ന് പറയാതെ വയ്യ.

Related Articles
Next Story
Share it