ഷമീം ഉമരി: സഞ്ചരിച്ച, വളര്‍ന്ന വഴികള്‍...

ആദ്യത്തെ ഉറുദു-മലയാളം നിഘണ്ടുവിന്റെ രചയിതാവും പണ്ഡിതനും പ്രമുഖ എഴുത്തുകാരനുമായ മുഹമ്മദ് ശമീം ഉമരി മരണപ്പെട്ട് ഒരു മാസം തികയുകയാണ്. അദ്ദേഹത്തെ കുറിച്ച് മകന്‍ ജുബൈര്‍ ഇബ്‌നു ഷമീം അനുസ്മരിക്കുന്നു മുഹമ്മദ് ശമീം ഉമരി വിട പറഞ്ഞിരിക്കുകയാണ്. നാലാം വയസ്സ് മുതല്‍ കയ്യിലേന്തിയ പേന എഴുപത് വര്‍ഷങ്ങളോളം തുടര്‍ന്നതിന് ശേഷമുള്ള വിട പറച്ചില്‍. സൗമ്യത, വിനയം, എളിമ ഈ മൂന്ന് പദങ്ങള്‍ ചേരുന്നതാണ് മുഹമ്മദ് ശമീം ഉമരിയെന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന മുഹമ്മദ് കുഞ്ഞി. കേരളത്തിലെ ഉറുദു-അറബി ഭാഷാ […]

ആദ്യത്തെ ഉറുദു-മലയാളം നിഘണ്ടുവിന്റെ രചയിതാവും പണ്ഡിതനും പ്രമുഖ എഴുത്തുകാരനുമായ മുഹമ്മദ് ശമീം ഉമരി മരണപ്പെട്ട് ഒരു മാസം തികയുകയാണ്. അദ്ദേഹത്തെ കുറിച്ച് മകന്‍ ജുബൈര്‍ ഇബ്‌നു ഷമീം അനുസ്മരിക്കുന്നു

മുഹമ്മദ് ശമീം ഉമരി വിട പറഞ്ഞിരിക്കുകയാണ്. നാലാം വയസ്സ് മുതല്‍ കയ്യിലേന്തിയ പേന എഴുപത് വര്‍ഷങ്ങളോളം തുടര്‍ന്നതിന് ശേഷമുള്ള വിട പറച്ചില്‍. സൗമ്യത, വിനയം, എളിമ ഈ മൂന്ന് പദങ്ങള്‍ ചേരുന്നതാണ് മുഹമ്മദ് ശമീം ഉമരിയെന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന മുഹമ്മദ് കുഞ്ഞി. കേരളത്തിലെ ഉറുദു-അറബി ഭാഷാ പണ്ഡിതന്മാരില്‍ അനിഷേധ്യമായ സ്ഥാനം നേടിയെടുത്താണ് ശമീം ഉമരി വിട പറയുന്നത്. എഴുത്തിനെ അത്രമേല്‍ പ്രണയിച്ച മനുഷ്യന്‍. അഞ്ചു വര്‍ഷമായി എഴുതിക്കൊണ്ടിരുന്ന ഹദീസ് സമാഹാര ഗ്രന്ഥമായ 'മിശ്കാത്' ന്റെ എഴുത്ത് പൂര്‍ത്തീകരിച്ചതിന് ശേഷമാണ് തന്റെ നാഥനിലേക്ക് യാത്രയായത്. 'മിശ്കാത്' പുറത്തിറക്കുക എന്ന വലിയൊരു ഉത്തരവാദിത്വം മകനെന്ന നിലയില്‍ എന്നില്‍ വന്നുചേര്‍ന്നിരിക്കുകയാണ്.

പുസ്തകങ്ങളുടെ നടുവിലായിരുന്നു അദ്ദേഹം ജീവിച്ചത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആ ലോകത്ത് നിന്ന് പുറത്തിറങ്ങില്ലായിരുന്നു. എഴുത്തിനെ അത്രമാത്രം സ്‌നേഹിച്ച ഒരാളെന്ന നിലയില്‍ തന്റെ എഴുത്തുകള്‍ തലമുറകള്‍ക്ക് വായിക്കാനുള്ളതത്രയും എഴുതിവെച്ചിട്ടാണ് അദ്ദേഹത്തിന്റെ മടക്കം.
1945ല്‍ ജില്ലയിലെ മൂടംബയലില്‍ പഴയകാല കോണ്‍ഗ്രസ് നേതാവും തെക്കില്‍ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ടുമായിരുന്ന അബ്ദുല്‍ റഹ്‌മാന്റേയും മറിയം ബന്താടിന്റെയും മൂത്ത മകനായിട്ടാണ് ജനനം. ദാരിദ്രത്തിലൂന്നിയ കുട്ടിക്കാലത്തെ അതിജീവിച്ചുകൊണ്ടായിരുന്നു സ്വദേശത്തെയും വിദേശത്തെയും വിദ്യാഭ്യാസം. പ്രമുഖ ഇസ്ലാമിക ചിന്തകനും പണ്ഡിതനുമായിരുന്ന ഇമാം ഗസാലി (റഹി)യുടെ ചിന്തകളോടും എഴുത്തുകളോടും വളരെയേറെ ആഭിമുഖ്യവും ഉണ്ടായിരുന്ന ശമീം ഉമരി ഗസാലി എഴുത്തുകള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

ആലിയ അറബിക് കോളേജിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനത്തിനായി ദാറുല്‍ഹുദാ യൂണിവേഴ്‌സിറ്റിയിലും മദീനയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയിലും അദ്ദേഹം പ്രവേശിച്ചു. ഉമറാബാദിലെ വിദ്യാഭ്യാസത്തിനിടയിലാണ് ഇമാം ഗസാലിയുടെ ചിന്തകളിലും എഴുത്തുകളിലും ആകൃഷ്ടനാവുന്നതും അദ്ദേഹത്തിന്റെ കൃതികള്‍ കൈരളിക്ക് പരിചയപ്പെടുത്താന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതും. ഗസാലിയുടെ പേരില്‍ തന്നെ സ്വന്തമായി പ്രസാധനം ആരംഭിക്കുകയും ചെയ്തു.വിദ്യാഭ്യാസത്തിന് ശേഷം അധ്യാപനവൃത്തിയിലേക്ക് കടന്ന ശമീം ഉമരി ബെണ്ടിച്ചാല്‍ സ്‌കൂളില്‍ അറബി അധ്യാപകനായും ബോവിക്കാനം, ചെമ്മനാട് കടവത്ത് എന്നീ സ്‌കൂളുകളില്‍ അധ്യാപകനായും കണ്ണൂര്‍ പഴയങ്ങാടി വാദി ഹുദാ അറബിക് കോളേജില്‍ പ്രിന്‍സിപ്പലായും ആലിയ അറബിക് കോളേജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. കേരളത്തിലും പുറത്തും നൂറുകണക്കിന് ശിഷ്യരെ സമ്പാദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മടക്കം. മോഡേണ്‍ അറബിക് ഭാഷയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ശമീം ഉമരി ഇരുപതോളം സ്വന്തന്ത്ര രചനകളും 18 വിവര്‍ത്തന കൃതികളും പ്രസിദ്ധികരിച്ചിട്ടുണ്ട്.

സ്വന്തം രചനകള്‍ക്ക് പ്രസാധകര്‍ കിട്ടാന്‍ വിഷമിച്ചിരുന്ന കാലത്താണ് പിതാവ് സ്വന്തമായി പ്രസാധനം ആരംഭിക്കുന്നത്. എഴുത്തുലോകത്ത് സജീവമായതോടെ അല്‍ ഹുദാ ബുക്ക്‌സ്, ഡി.സി ബുക്ക്‌സ് എന്നിവര്‍ ശമീം ഉമരിയുടെ പുസ്തകള്‍ പ്രസിദ്ധികരിക്കാന്‍ രംഗത്തുവന്നു. പഠനകാലത്ത് ഉറുദു-മലയാളം നിഘണ്ടുവിന്റെ അഭാവം തന്നെ അലട്ടിയതുകൊണ്ടാണ് സ്വന്തമായി ആദ്യത്തെ ഉറുദു-മലയാളം നിഘണ്ടു അദ്ദേഹം തയ്യാറാക്കുന്നത്. 'ഷമീമുല്ലാഗാത്' എന്ന പേരിലുള്ള ആദ്യത്തെ ഉറുദു-മലയാളം നിഘണ്ടുവിന്റെ ജോലി 1979 ല്‍ പൂര്‍ത്തിയായിരുന്നുവെങ്കിലും പ്രസാധകരെ കിട്ടാത്തതിനാല്‍ പുറത്തിറങ്ങിയത് 1981 ലാണ്. അന്നത്തെ കേരള സാഹിത്യ അക്കാഡമി ചെയര്‍മാന്‍ സി.പി ശ്രീധരന്‍ കാസര്‍കോട്ട് വന്നപ്പോള്‍ നിഘണ്ടു പരിചയപ്പെടുത്തുകയും കൃതി ഇഷ്ട്ടപ്പെട്ട സി.പി ശ്രീധരന്‍ നിഘണ്ടുവിനെ പ്രശംസിച്ച് കത്തും പാരിതോഷികവും അയക്കുകയും ചെയ്തു. ഐ.പി.എച്ച് കോഴിക്കോട് പ്രസിദ്ധികരിച്ച ഇസ്ലാമിക വിജ്ഞാനകോശത്തിന്റെ പത്രാധിപ സമിതിയംഗവും സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുല്‍ മുസ്ലിം എന്നീ ഹദീസ് സമാഹാരങ്ങളുടെ പരിഭാഷ പരിശോധന സമിതിയംഗവുമായിരുന്നു.
കോഴിക്കോടുമായി അഭേദ്യമായ ഒരു ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. എഴുത്തുകള്‍ അച്ചടിച്ചിരുന്നതും പ്രധാന കേന്ദ്രമായി വിറ്റതും കോഴിക്കോടായിരുന്നു. സുഹൃദ് ബന്ധകളിലും പ്രസ്ഥാന ബന്ധങ്ങളിലും അടുപ്പക്കാര്‍ ഉണ്ടായിരുന്നതും കോഴിക്കോടാണ്.

ശമീം ഉമരിയെ അനുസ്മരിക്കുമ്പോള്‍ വിട്ടുപോകാന്‍ കഴിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. സംഘടനകള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന കേരള മുസ്ലിംകള്‍ക്കിടയില്‍ ഏവര്‍ക്കും പ്രിയങ്കരനായ പണ്ഡിതനും സ്വാതികനുമായിരുന്നു ശമീം ഉമരി. സംഘടനയെക്കാളും മുകളിലാണ് മതമെന്ന് തന്റെ പ്രവര്‍ത്തിയിലൂടെയും ആശയങ്ങളിലൂടെയും കാണിച്ചുതന്ന പണ്ഡിതന്‍. സാമുദായിക ഐക്യത്തിനായി പ്രവര്‍ത്തിച്ച ഒരു വിശ്വാസി കൂടിയായിരുന്നു അദ്ദേഹം. എളിമയുള്ള പെരുമാറ്റം ആരെയും ആകര്‍ഷിക്കാതെ പോകില്ലെന്ന് തീര്‍ച്ചയാണ്. അല്ലാഹുവുമായുള്ള കരാര്‍ പൂര്‍ത്തീകരിച്ചുവെന്ന സംതൃപ്തിയിലായിരിക്കണം പിതാവ് ഇഹലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. ഒരു മകനെന്ന നിലയില്‍, ഇതെഴുതുമ്പോഴും ഉപ്പയുടെ അഭാവം ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് വസ്തുത. നാളെ അല്ലാഹുവിന്റെ അടുക്കല്‍ പ്രിയ പിതാവിനെ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെ പ്രാര്‍ത്ഥനയോടെ...

Related Articles
Next Story
Share it