കാനനം കഥപറയും പുണ്യഭൂമി

സപ്തഭാഷകള്‍ നൃത്തംവെക്കുന്ന, സര്‍വ്വരും സമഭാവനയോടെ, സാഹോദര്യത്തോടെ കഴിഞ്ഞുവരുന്ന കാസര്‍കോട് മനോഹരമായ സ്ഥലങ്ങളാല്‍ സമ്പന്നമാണ്. അങ്ങനെ ഒരു സ്ഥലമാണ് കാഞ്ഞങ്ങാടിന് 5 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന ഗുരുവനം. സ്വാമി നിത്യാനന്ദ ഭഗവാന്റെ തപോവനം. പ്രകൃതീദേവി കനിഞ്ഞനുഗ്രഹിച്ച സ്ഥലം. പേരറിയാത്ത പൂക്കളുടെ സുഗന്ധവും പേറി തഴുകിത്തലോടുന്ന കുളിര്‍ത്തെന്നല്‍. ചുറ്റിനും പൂത്തും തളിര്‍ത്തും നില്‍ക്കുന്ന മാമരങ്ങള്‍. കണ്ണെത്താ ദൂരത്തോളം മാമലകള്‍ കാവല്‍ നില്‍ക്കുന്ന വനപ്രദേശം. കിളികള്‍ പൊഴിക്കുന്ന സംഗീതമൊഴികെ എങ്ങും നിറഞ്ഞുനില്‍ക്കുന്ന നിശ്ശബ്ദത. അതുകൊണ്ടാവാം ഇവിടെ ചെന്നെത്തുമ്പോള്‍ നാമറിയാതെ തന്നെ […]

സപ്തഭാഷകള്‍ നൃത്തംവെക്കുന്ന, സര്‍വ്വരും സമഭാവനയോടെ, സാഹോദര്യത്തോടെ കഴിഞ്ഞുവരുന്ന കാസര്‍കോട് മനോഹരമായ സ്ഥലങ്ങളാല്‍ സമ്പന്നമാണ്. അങ്ങനെ ഒരു സ്ഥലമാണ് കാഞ്ഞങ്ങാടിന് 5 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന ഗുരുവനം. സ്വാമി നിത്യാനന്ദ ഭഗവാന്റെ തപോവനം. പ്രകൃതീദേവി കനിഞ്ഞനുഗ്രഹിച്ച സ്ഥലം. പേരറിയാത്ത പൂക്കളുടെ സുഗന്ധവും പേറി തഴുകിത്തലോടുന്ന കുളിര്‍ത്തെന്നല്‍. ചുറ്റിനും പൂത്തും തളിര്‍ത്തും നില്‍ക്കുന്ന മാമരങ്ങള്‍. കണ്ണെത്താ ദൂരത്തോളം മാമലകള്‍ കാവല്‍ നില്‍ക്കുന്ന വനപ്രദേശം. കിളികള്‍ പൊഴിക്കുന്ന സംഗീതമൊഴികെ എങ്ങും നിറഞ്ഞുനില്‍ക്കുന്ന നിശ്ശബ്ദത. അതുകൊണ്ടാവാം ഇവിടെ ചെന്നെത്തുമ്പോള്‍ നാമറിയാതെ തന്നെ ഒരു ദൈവീകാനുഭൂതി നമ്മിലേക്ക് കടന്നുവരുന്നത്. ആത്മീയതയുടെ ആനന്ദത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്. ഈ കാനന നടുവില്‍ ഒരു ക്ഷേത്രമുണ്ട്. 1966ല്‍ സ്വാമി ജനാനന്ദയാണ് ഇവിടെ ക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീട് കാലപ്പഴക്കാല്‍ അത് നാശോന്മുഖമായപ്പോള്‍ പൊളിച്ചുമാറ്റി കുഴിയെടുത്ത് ജലനിരപ്പില്‍ നിന്ന് കെട്ടിയുയര്‍ത്തിയതാണ് ഇപ്പോഴുള്ള ക്ഷേത്രം. ഇവിടെ നിത്യാനന്ദ സ്വാമികളുടെ പൂര്‍ണകായ പ്രതിഷ്ഠയുണ്ട്. നിത്യാനന്ദ ഭഗവാന്റെ മഹാസമാധിയുടെ സുവര്‍ണജൂബിലി വര്‍ഷത്തിലാണ് വിഗ്രഹ പ്രതിഷ്ഠ നടന്നത്. പഞ്ചലോഹ നിര്‍മ്മിതമാണ് വിഗ്രഹം. 44 കരിങ്കല്‍ തൂണുകളിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്‍ മാത്രം ഉപയോഗിച്ച് ഉണ്ടാക്കിയ ഭിത്തികളും ചെമ്പ് പാകിയ മേല്‍ക്കൂരയും ക്ഷേത്രത്തിന് മിഴിവേകുന്നു. നിത്യാനന്ദ പബ്ലിക് ട്രസ്റ്റിന്റെ കീഴിലാണ് ഇവിടം പരിപാലിച്ചുപോരുന്നത്.
ഇവിടെ ജാതിമതലിംഗ അതിര്‍വരമ്പുകളേതുമില്ല. ഉച്ചനീചത്വമില്ല. എല്ലാവരും സമന്മാരാണ്. ഏവര്‍ക്കും പ്രവേശനം സാധ്യമാണ്. പക്ഷെ നിശബ്ദത പാലിക്കണമെന്ന് മാത്രം. കാരണം നിശ്ശബ്ദതയാണ് ഇവിടത്തെ മുഖമുദ്ര. അതുകൊണ്ടുതന്നെ ആശ്രമത്തിലുടനീളം നിശ്ശബ്ദത പാലിക്കുക എന്ന ബോര്‍ഡുകാണാം. പ്രവേശന കവാടത്തില്‍ നമ്മെ വരവേല്‍ക്കുന്നതും ഈ ബോര്‍ഡ് തന്നെയാണ്. ഗേറ്റ് കടക്കുമ്പോള്‍ തന്നെ നിറഞ്ഞ തണുപ്പും തണലും നിറഞ്ഞ അന്തരീക്ഷം നമ്മെ മാടിവിളിക്കും. ജീവിതത്തിരക്കുകളില്‍ നിന്നും ടെന്‍ഷനുകളില്‍ നിന്നും മാറിനിന്ന് അല്‍പനേരമെങ്കിലും ശാന്തതയും സമാധാനവും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഇങ്ങോട്ടേക്ക് വരിക. ഇവിടെ പ്രകൃതിയുടെ മടിത്തട്ടില്‍ വിശ്രമിക്കാം. ധ്യാനിക്കാം. ഈ ആത്മീയാനുഭൂതി അനുഭവിച്ചറിയാം. ഗുരുവനത്തിലേക്കുള്ള യാത്രയും മനോഹരമാണ്. വയലേലകളും തോടും പുഴയും ഒക്കെ കണ്ടുകൊണ്ടുള്ള യാത്ര അനിര്‍വചനീയമാണ്.
19-ാം നൂറ്റാണ്ടിലെ ആദ്യ പകുതിയില്‍ കൊയിലാണ്ടിയില്‍ ഭൂജാതനായ രാമന്‍ എന്ന പയ്യന്‍ വളര്‍ത്തച്ഛനോടൊപ്പം കാശിയിലേക്ക് പോകുകയും അവിടെനിന്നും ഹിമാലയസാനുക്കളില്‍ ധ്യാനമിരുന്ന് ദേശാന്തരങ്ങള്‍ പലതുതാണ്ടി നിത്യാനന്ദ ഭഗവനായി കാഞ്ഞങ്ങാട്ടെത്തുകയുമായിരുന്നുവത്രെ. 1920കളില്‍ ഗുരുവനത്തെത്തി ഗുഹതീര്‍ത്ത് അദ്ദേഹം അനവധികാലം തപസ്സുചെയ്തുവത്രെ. പിന്നീടാണ് കാഞ്ഞങ്ങാട്ടെ പുതിയകോട്ടയിലെത്തി ഗുഹകള്‍ തീര്‍ക്കുകയും അവിടെ നിത്യാനന്ദ ആശ്രമം സ്ഥാപിക്കപ്പെട്ടതും. ഗുരുവനത്തെ ഈ സ്ഥലം 1958ല്‍ ശിഷ്യര്‍ ചേര്‍ന്ന് വിലകൊടുത്ത് വാങ്ങുകയും 1966ല്‍ സ്വാമി ജനാനന്ദ ക്ഷേത്രം പണികഴിപ്പിക്കുകയുമായിരുന്നു.
നിത്യാനന്ദ സ്വാമികള്‍ തപസ് ചെയ്ത് അഷ്ടശൈ്വര്യ സിദ്ധി കൈവരിച്ച സ്ഥലത്ത് ഒരു മണിമണ്ഡപമുണ്ട്. അഷ്ടസിദ്ധി സൂചിപ്പിക്കാന്‍ ശിവലിംഗ രൂപത്തിലുള്ള എട്ട് പ്രതിഷ്ഠയും എട്ട് വാതിലുകളും ഇവിടെയുണ്ട്. തൊട്ടടുത്ത് തന്നെ വനദേവനായ മലവീരന്റെ പ്രതിഷ്ഠയും സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് സമീപം തന്നെ സ്വാമികള്‍ തപസ്സനുഷ്ഠിച്ച ഗുഹയുമുണ്ട്. ഗുഹയിലൂടെ ഏറെ ദൂരം സഞ്ചരിക്കാന്‍ പറ്റുമെങ്കിലും ആരും ആ സാഹസത്തിന് മുതിരാറില്ലത്രെ.
നിത്യാനന്ദ ഭഗവാന്‍ സ്വപ്രയത്‌നത്താല്‍ സൃഷ്ടിച്ച പാപനാശിനി ഗംഗയും ഇവിടെ കാണാന്‍ സാധിക്കും. തന്റെ തപശക്തിയാല്‍ ഗംഗയെ വിളിച്ചുവരുത്തി എന്നാണ് ഐതിഹ്യം. സൃഷ്ടിച്ചകാലം തൊട്ട് നിര്‍ഗളം പ്രവഹിച്ചുകൊണ്ടിരിക്കുന്ന ജലധാര. പുനദ്ധാരണ സമയത്ത് ക്ഷേത്രത്തിനടിയിലൂടെ മുന്‍വശത്തെ പാപനാശിയില്‍ എത്തിച്ചേരുന്നതിനായി സൗകര്യം ഒരുക്കിയിരിക്കുന്നു.
1930കളുടെ തുടക്കത്തില്‍ കേരളം വിട്ട് വീണ്ടും യാത്രതിരിച്ച നിത്യാനന്ദ ഭഗവാന്‍ ഇന്ത്യയിലുടനീളം സഞ്ചരിച്ചു. പിന്നീട് ഇന്ത്യയുടെ പല ഭാഗത്തും ആശ്രമങ്ങള്‍ സ്ഥാപിക്കപ്പെട്ടു.
1961ല്‍ ബോംബെയിലെ ഗണേഷ്പുരിയിലായിരുന്നു നിത്യാനന്ദ ഭഗവാന്റെ സമാധി.
ഗുരുവനത്തിന്റെ നിശ്ശബ്ദതയിലേക്കും കുളിര്‍മ്മയിലേക്കും നിരവധി സഞ്ചാരികള്‍ ഇറങ്ങിവരാറുണ്ട്. പലരും ഈ പുണ്യഭൂമിയുടെ കഥ പറയാറുമുണ്ട്.
നേരിട്ട് ചെന്ന് മാത്രം അനുഭവിച്ചറിയേണ്ട ഒരു സ്ഥലമാണ് ഗുരുവനം. ശാന്തത കൊതിക്കുന്ന എല്ലാവര്‍ക്കും ഇവിടെ വന്ന് അല്‍പം വിശ്രമിച്ച് തിരിച്ചുപോകാം. അല്ലാതെ താമസ സൗകര്യമൊന്നും ഇവിടെ ലഭ്യമല്ല. ഗുരുവനത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും കാഴ്ചകളും കാണാന്‍ ഞങ്ങളുടെ യൂട്യൂബ് ചാനല്‍ 'യാത്രിക' സന്ദര്‍ശിക്കുക

Related Articles
Next Story
Share it