കൊല്ലപ്പെട്ട അബൂബക്കര്‍ നേരിട്ടത് അതിക്രൂരമര്‍ദ്ദനം, നെഞ്ചില്‍ ആഞ്ഞുചവിട്ടിയതിന്റെയും പുറത്ത് വടി കൊണ്ട് അടിച്ചതിന്റെയും പാടുകള്‍, മൃതദേഹം ആസ്പത്രിയില്‍ ഉപേക്ഷിച്ച ശേഷം കൊലയാളികള്‍ രക്ഷപ്പെട്ട കാര്‍ കസ്റ്റഡിയില്‍; കൊലപാതകത്തിന് പിന്നില്‍ എട്ടംഗസംഘം

പൈവളിഗെ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വകാര്യാസ്പത്രിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൊലയാളികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതം. മുഗുവിലെ അബ്ദുല്‍റഹ്‌മാന്റെ മകനും പ്രവാസിയും ഉപ്പളയിലെ ഷൂ വ്യാപാരിയുമായ അബൂബക്കര്‍ സിദ്ധിഖിനെ (32) ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. മൃതദേഹം ആസ്പത്രിയില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ട കാര്‍ തലപ്പാടിക്ക് സമീപം തൊക്കോട്ട് നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കണ്ടെത്തി. ഞായറാഴ്ചയാണ് നടുക്കിയ അരുംകൊലപാതകം നടന്നത്. അബൂബക്കര്‍ […]

പൈവളിഗെ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വകാര്യാസ്പത്രിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൊലയാളികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതം. മുഗുവിലെ അബ്ദുല്‍റഹ്‌മാന്റെ മകനും പ്രവാസിയും ഉപ്പളയിലെ ഷൂ വ്യാപാരിയുമായ അബൂബക്കര്‍ സിദ്ധിഖിനെ (32) ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. മൃതദേഹം ആസ്പത്രിയില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ട കാര്‍ തലപ്പാടിക്ക് സമീപം തൊക്കോട്ട് നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കണ്ടെത്തി.
ഞായറാഴ്ചയാണ് നടുക്കിയ അരുംകൊലപാതകം നടന്നത്. അബൂബക്കര്‍ സിദ്ധിഖ് കൊല്ലപ്പെടുന്നതിന് മുമ്പ് നേരിട്ടത് അതിക്രൂരമായ മര്‍ദ്ദനമാണ്. യുവാവിന്റെ ശരീരത്തിലെ മുറിവുകളും പാടുകളും ഇത് തെളിയിക്കുന്നതായി പൊലീസ് പറഞ്ഞു. സിദ്ധിഖിന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടിയതിന്റെയും പുറത്ത് വടി കൊണ്ട് അടിച്ചതിന്റെയും പാടുകളുണ്ട്. കാലുകള്‍ നീരുവന്ന് വീര്‍ത്ത നിലയിലാണ്. ഒരു ചെവിയില്‍ നിന്ന് രക്തം ഒലിച്ചിറങ്ങിയിരുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഈ സാഹചര്യത്തില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി തിങ്കളാഴ്ച ഉച്ചയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതികള്‍ക്കായി കുമ്പള സി.ഐയുടെ നേതൃത്വത്തില്‍ വലവിരിച്ചു.
സിദ്ധിഖിനെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ബന്തിയോട്ടെ സ്വകാര്യാസ്പത്രിയില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയുമായിരുന്നു. കുമ്പള സി.ഐ പ്രമോദ്, എസ്.ഐ വി.കെ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എട്ടംഗസംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും കൊലപാതകത്തിന് ക്വട്ടേഷന്‍ സംഘത്തെയാണ് ഉപയോഗിച്ചതെന്നും സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ചില പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. അതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ തൊക്കോട്ട് നിന്ന് കാര്‍ കണ്ടെത്തിയത് പൊലീസിന് കച്ചിതുരുമ്പായി. ഈ കാറിലാണ് സിദ്ധിഖിനെ ആസ്പത്രിയില്‍ എത്തിച്ച് സംഘം ഉപേക്ഷിച്ച് കടന്നതെന്ന് പൊലീസ് കരുതുന്നു. കാറിന്റെ ആര്‍.സി ഉടമയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കാര്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അബൂബക്കര്‍ സിദ്ധിഖിന്റെ സഹോദരന്‍ അന്‍വറിനേയും സുഹൃത്ത് മുഗുവിലെ അന്‍സാറിനേയും സംഘം രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ വിട്ടയക്കണമെങ്കില്‍ അബൂബക്കര്‍ സിദ്ധിഖിനെ തങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. ഇതേ തുടര്‍ന്ന് ഞായറാഴ്ച സിദ്ധീഖിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി. ഞായറാഴ്ച രാവിലെയാണ് സിദ്ധിഖ് നാട്ടിലെത്തിയത്. പിന്നലെ സിദ്ധിഖിനേയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. അന്‍വറും അന്‍സാറും മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. അന്‍വറിന് സാരമായ പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുമ്പള പൊലീസ് അന്വേഷണം നടത്തിവരുന്നത്. ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്. സംഭവം നടന്നത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെയില്‍ ആയതിനാല്‍ കേസ് മഞ്ചേശ്വരം പൊലീസിന് കൈമാറും. ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച ഡോളറും സ്വര്‍ണവും അബൂബക്കര്‍ സിദ്ധിഖ് തട്ടിയെടുത്തുവെന്നാരോപിച്ചാണ് സംഘം കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അന്‍വറിനെയും അന്‍സാറിനെയും സംഘം പൈവളിഗെയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ഷോക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ സംഘം ഗള്‍ഫിലുള്ള അബൂബക്കര്‍ സിദ്ധിഖിനെ ഫോണില്‍ വിളിച്ച് ജ്യേഷ്ഠന്‍ അന്‍വറിനെ തങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഉടന്‍ ഇവിടേക്ക് വന്നില്ലെങ്കില്‍ അന്‍വറിനെ കൊലപ്പെടുത്തുമെന്നും അറിയിച്ചു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ സിദ്ധിഖിനെ പാതി വഴിയില്‍ വിളിച്ചുകൊണ്ടുപോയി പൈവളിഗെ ബോളംകളയിലെ വിജനമായ സ്ഥലത്തുള്ള കുന്നിന്‍മുകളില്‍ എത്തിക്കുകയും അവിടെ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.


സിദ്ധിഖിന്റെ മൃതദേഹവും ഒപ്പം അന്‍വറിനെയും അന്‍സാറിനെയും കാറില്‍ കയറ്റി സംഘം ഞായറാഴ്ച രാത്രി 7 മണിയോടെ ബന്തിയോട് എത്തുകയും അന്‍വറിനെയും അന്‍സാറിനെയും ഇറക്കിവിട്ട ശേഷം സിദ്ധിഖിന്റെ മൃതദേഹം ബന്തിയോട് ഡി.എം ആസ്പത്രി മുറ്റത്ത് ഇറക്കിയ സംഘം അതേ കാറില്‍ സ്ഥലം വിടുകയുമായിരുന്നു. ആസ്പത്രി ജീവനക്കാര്‍ ഓടിവന്ന് പരിശോധിച്ചപ്പോള്‍ സിദ്ധിഖ് മരിച്ച നിലയിലായിരുന്നു. കൊണ്ടുവന്നവരെ തിരഞ്ഞപ്പോള്‍ എല്ലാവരും രക്ഷപ്പെട്ടതായി അറിഞ്ഞ് പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്. കുമ്പള പൊലീസ് എത്തിയാണ് അന്‍വറിനേയും അന്‍സാറിനെയും മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റിയത്.

Related Articles
Next Story
Share it