പ്രകൃതിയൊരുക്കിയ വിസ്മയക്കാഴ്ചയുമായി അബി ഫാള്‍സ്

ഒരു വെള്ളച്ചാട്ടത്തിനെന്തു സമ്മാനിക്കാനാവും എന്നു പറയണമെങ്കില്‍ മടിക്കേരിക്ക് സമീപമുള്ള അബി ഫാള്‍സ് സന്ദര്‍ശിക്കണം. മടിക്കേരിയില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമുള്ള അബി ഫാള്‍സ് അബെ ഫാള്‍സ് (അബെ ജലപാത) എന്നും അറിയപ്പെടുന്നു. കൊടും കാടായ ഈ പ്രദേശം കൊടകിലെ ആദ്യ ബ്രിട്ടീഷ് റവറന്റ് സന്ദര്‍ശിക്കുകയും മറ്റൊന്നുമായി താരതമ്യം ചെയ്യപ്പെടാനാവാത്ത മനോഹാരിതയിലും പ്രകൃതി സൗനര്യത്തിലും ആകൃഷ്ടനായ അദ്ദേഹം തന്റെ മകളുടെ പേരായ ജെസ്സിയെന്ന് ചേര്‍ത്ത് ജെസ്സി ഫാള്‍സ് എന്ന് വിളിച്ചു. സ്വാതന്ത്ര്യാനന്തരം ഈ പ്രദേശം സര്‍ക്കാറില്‍ നിക്ഷിപ്തമായി. വര്‍ഷങ്ങള്‍ക്കു […]

ഒരു വെള്ളച്ചാട്ടത്തിനെന്തു സമ്മാനിക്കാനാവും എന്നു പറയണമെങ്കില്‍ മടിക്കേരിക്ക് സമീപമുള്ള അബി ഫാള്‍സ് സന്ദര്‍ശിക്കണം. മടിക്കേരിയില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമുള്ള അബി ഫാള്‍സ് അബെ ഫാള്‍സ് (അബെ ജലപാത) എന്നും അറിയപ്പെടുന്നു. കൊടും കാടായ ഈ പ്രദേശം കൊടകിലെ ആദ്യ ബ്രിട്ടീഷ് റവറന്റ് സന്ദര്‍ശിക്കുകയും മറ്റൊന്നുമായി താരതമ്യം ചെയ്യപ്പെടാനാവാത്ത മനോഹാരിതയിലും പ്രകൃതി സൗനര്യത്തിലും ആകൃഷ്ടനായ അദ്ദേഹം തന്റെ മകളുടെ പേരായ ജെസ്സിയെന്ന് ചേര്‍ത്ത് ജെസ്സി ഫാള്‍സ് എന്ന് വിളിച്ചു. സ്വാതന്ത്ര്യാനന്തരം ഈ പ്രദേശം സര്‍ക്കാറില്‍ നിക്ഷിപ്തമായി. വര്‍ഷങ്ങള്‍ക്കു ശേഷം ഈ വനപ്രദേശം നെരവന്ദ ബി. നാനയ്യ എന്ന വ്യക്തി സര്‍ക്കാറില്‍ നിന്നും വാങ്ങി ഭൂമി കൃഷിയോഗ്യമാക്കി. കൂറ്റന്‍ മരങ്ങളോടൊപ്പം കാപ്പിയും കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്തു. കൃഷിത്തോട്ടത്തിലൂടെ ഇരുന്നോറോളം പടികളും കമ്പിവേലിയുമൊരുക്കി വെള്ളച്ചാട്ടത്തിലേക്ക് വഴിയൊരുക്കി. ഇന്ന് ദിവസേന ആയിരക്കണക്കിന് സന്ദര്‍ശകര്‍ ഈ സ്വകാര്യ സ്ഥലത്തേക്ക് എത്തിച്ചേരുന്നു.
പല വഴികളിലൂടെ ഒഴുകി വരുന്ന വെള്ളം ഇവിടെ ഒന്നിച്ചു ചേര്‍ന്ന് വന്‍ ജലപാതയായി കൂറ്റന്‍ കരിങ്കല്‍ പാറകളിലൂടെ താഴേക്കു പതിക്കുന്നു. താഴേക്കു പതിക്കുന്ന വെള്ളത്തിന്റെ കൂറ്റന്‍ ശബ്ദത്തില്‍ താഴ്വാരത്തെ നൂറുകണക്കിനു സഞ്ചാരികളുടെ ശബ്ദങ്ങള്‍ കേള്‍ക്കാതെ പോവുകയാണ്.
പലരും പ്രകൃതിയിലെ ഈ സുന്ദര കാഴ്ച കണ്ട് അമ്പരപ്പോടെ, അതിശയത്തോടെ, ആവേശത്തോടെ ഉച്ചത്തില്‍ കൂകിയാലും ആരും കേള്‍ക്കില്ല. പ്രകൃതിയുടെ മടിത്തട്ടിലെ ഈ വിസ്മയം അതുകൊണ്ടു തന്നെ ജനശ്രദ്ധയാകര്‍ഷിക്കുന്നു.
ഏകദേശം 70 ഫീറ്റ് ഉയരമുള്ള ഈ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര തന്നെ ഒരനുഭൂതിയാണ്. വണ്ടി നിര്‍ത്തി പ്രവേശന കവാടം കടന്നാല്‍ പിന്നെ കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞ എസ്റ്റേറ്റിലൂടെയുള്ള യാത്ര. നിത്യേനയെത്തുന്ന ധാരാളം സഞ്ചാരികളുമായി ഒരുത്സവ പ്രതീതി സൃഷ്ടിക്കുന്നു. പടുകൂറ്റന്‍ മരങ്ങള്‍ സൂര്യരശ്മികള്‍ താഴേക്കു പതിയാതെ തടുത്തതിനാല്‍ എന്നും സുഖശീതളിമ പ്രദാനം ചെയ്യുന്നു. വെള്ളച്ചാട്ടം കാണാനുള്ള വ്യൂ പോയിന്റില്‍ നിന്ന് ഫോട്ടോകള്‍ ഒപ്പിയെടുത്തും തൊട്ടടുത്തുളള ഏറുമാടത്തില്‍ കയറി ഒഴുക്കിന്റെ സൗന്ദര്യമാസ്വദിച്ചും നേരം പോയതറിഞ്ഞില്ല.
മണ്‍സൂണ്‍ കാലത്ത് ദ്യശ്യങ്ങള്‍ കൂടുതല്‍ മിഴിവേകും. വെള്ളത്തിന്റെ വര്‍ദ്ധനവും ശക്തമായ ഒഴുക്കും കാരണം വന്‍ ശബ്ദവും ജലപ്രവാഹവും സൃഷ്ടിക്കുന്നു. വെള്ളത്തിന്റെ സ്‌പ്രേ ദൂരെ സ്ഥലം വരെയെത്തുന്നു. സുരക്ഷാ കാരണം വെള്ളത്തില്‍ ഇറങ്ങുവാന്‍ സമ്മതമില്ല. അബി ഫാള്‍സിനു സമീപം ചെറിയൊരു കാളി ക്ഷേത്രമുണ്ട്. യാത്രികര്‍ അവിടെയും സന്ദര്‍ശിക്കാറുണ്ട്. കര്‍ണാടകയിലെ കാശ്മീര്‍ എന്നറിയപ്പെടുന്ന കൂര്‍ഗ് ജില്ല, കാപ്പിയുടെയും സുഗന്ധവ്യജ്ഞനങ്ങളുടെയും നാട് എന്നത് പോലെ ഒരു പാട് മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും സമ്മാനിച്ചിട്ടുണ്ട്. അവയൊക്കെ പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനങ്ങളാണ്. അവ അതുപോലെ എന്നും സംരക്ഷിക്കപ്പെടട്ടെ.


-രാജന്‍ മുനിയൂര്‍

Related Articles
Next Story
Share it