അബ്ദുവിന്റെ രചനകളും 'സ്‌നേഹത്തിന്റെ നൂല്‍പാല'വും

സ്‌നേഹം എന്ന വാക്കിന്റെ അര്‍ത്ഥം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഈകെട്ട കാലത്ത് 'സ്‌നേഹത്തിന്റെ നൂല്‍പാല'വുമായി അബ്ദു കാവുഗോളി എന്ന കെ.കെ അബ്ദു എഴുതിയ പുസ്തകം ഒറ്റയിരുപ്പിനാണ് വായിച്ച് തീര്‍ത്തത്. കാവുഗോളി ദേശത്തെ നല്ലവണ്ണം ഉഴുതുമറിച്ച് കൊണ്ടാണ് അബ്ദു സ്‌നേഹത്തിന്റെ നൂല്‍പാലം പണിതത്. ഉത്തരദേശത്തിലടക്കം എഴുതിയ ലേഖന സമാഹാരങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. അബ്ദുവിന്റെ എഴുത്തുകളില്‍ നിറയെ സ്‌നേഹവും ഇന്നലകളുടെ മധുരവുമാണ്. പോയ കാലത്തിന്റെ കഥ തരിമ്പും വിടാതെ പറയാന്‍ അബ്ദുവിനെ പോലെ സമര്‍ത്ഥന്‍ നമ്മുടെ കൂട്ടത്തില്‍ വേറെയുണ്ടാവില്ല. നാടിന്റെ കഥ […]

സ്‌നേഹം എന്ന വാക്കിന്റെ അര്‍ത്ഥം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഈകെട്ട കാലത്ത് 'സ്‌നേഹത്തിന്റെ നൂല്‍പാല'വുമായി അബ്ദു കാവുഗോളി എന്ന കെ.കെ അബ്ദു എഴുതിയ പുസ്തകം ഒറ്റയിരുപ്പിനാണ് വായിച്ച് തീര്‍ത്തത്. കാവുഗോളി ദേശത്തെ നല്ലവണ്ണം ഉഴുതുമറിച്ച് കൊണ്ടാണ് അബ്ദു സ്‌നേഹത്തിന്റെ നൂല്‍പാലം പണിതത്. ഉത്തരദേശത്തിലടക്കം എഴുതിയ ലേഖന സമാഹാരങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. അബ്ദുവിന്റെ എഴുത്തുകളില്‍ നിറയെ സ്‌നേഹവും ഇന്നലകളുടെ മധുരവുമാണ്. പോയ കാലത്തിന്റെ കഥ തരിമ്പും വിടാതെ പറയാന്‍ അബ്ദുവിനെ പോലെ സമര്‍ത്ഥന്‍ നമ്മുടെ കൂട്ടത്തില്‍ വേറെയുണ്ടാവില്ല. നാടിന്റെ കഥ വായനക്കാര്‍ക്ക് മുന്നില്‍ വിളമ്പാന്‍ അബ്ദു എന്ന തൂലികാ സ്‌നേഹി പ്രത്യക്ഷപ്പെട്ടത് എന്ത് കൊണ്ടും സ്വാഗതാര്‍ഹം തന്നെ. പോയ നാളുകളില്‍ പരസ്പര ബന്ധവും സ്‌നേഹതലോടലും കാണാമായിരുന്നു. മനുഷ്യര്‍ പുരോഗമനകുതിപ്പിലൂടെ കുതിച്ചോടുമ്പോള്‍ അപരനോടുള്ള പരസ്പര സ്‌നേഹവും മറന്നു പോകുന്നു. നൊന്ത് പ്രസവിച്ച മാതാവിനെ പോലും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന നവീനയുഗം. അത്തരമൊരു കാലഘട്ടത്തില്‍ ഇന്നലെകളുടെ ഓര്‍മ്മ തന്റെ ക്യാന്‍വാസില്‍ ഒപ്പിയെടുത്ത് ജനമനസ്സുകളിലേക്ക് എത്തിക്കാന്‍ കാണിച്ച അബ്ദുവിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
'സ്‌നേഹത്തിന്റെ നൂല്‍പാലം' എന്ന പുസ്തകം വായിച്ചപ്പോള്‍ ഏറ്റവുമധികം ആകര്‍ഷിച്ചത് ഉമ്മയുടെ ലാളനയും ശാസനയും തലോടലും ലഭിക്കാതെ പോയ എഴുത്തുകാരന്റെ വികാര നിര്‍ഭരമായ വരികള്‍ തന്നെ. പത്ത് വര്‍ഷമെടുത്തുവെത്രെ ഉമ്മയുടെ ദിവംഗത്വം അറിയാന്‍. ഉമ്മയുടെ ഉമ്മ വല്ല്യുമ്മ കുഞ്ഞിബിയിലൂടെയാണ് ഉമ്മയുടെ ലാളന തൊട്ടറിഞ്ഞത്. ഉമ്മ വളരെനേരത്തെ പറക്കമുറ്റാത്ത മൂന്ന് മക്കളെയും വിട്ട് ആറടി മണ്ണിലേക്ക് മടങ്ങിയിരുന്നു. അങ്ങനെയാണ് വല്ല്യുമ്മയുടെ അതിരുകളില്ലാത്ത സ്‌നേഹം വാരിക്കോരി ലഭിച്ചുവെന്ന് അദ്ദേഹത്തിന്റെ വരികള്‍ക്കിടയില്‍ വായിച്ചെടുക്കാന്‍ കഴിയുന്നത്. ഓര്‍മ്മയില്‍ സൂക്ഷിച്ച പല കഥകളും വിവരിക്കുന്നു. കാവുഗോളിയുടെ, മതമൈത്രിയുടെ ഇന്നലെകളെയും തരിമ്പും ഒഴിവാക്കുന്നില്ല.
നര്‍മ്മത്തില്‍ ചാലിച്ചെടുത്തതല്ലെങ്കിലും അബ്ദുവിന്റെ രചനകളിലുടനീളം ഹാസ്യത്തിന്റെ മേമ്പൊടികള്‍ കാണാം. ഒഴുക്കോടെ അബ്ദു കാവുഗോളി എഴുതി തീര്‍ത്ത സ്‌നേഹത്തിന്റെ നൂല്‍പാലം ഏതുതരം വായനക്കാരനും ഒരു പോലെ വായിച്ച് തീര്‍ക്കാന്‍ പറ്റിയ പുസ്തകമാണ്. കാവുഗോളിയുടെ മണ്ണിനെ തൂലികയില്‍ എമ്പാടും വരച്ചു കാണിക്കുന്നുണ്ട്. പുസ്തകത്തിന്റെ ആദ്യം തൊട്ടവസാനം വരെ നര്‍മ്മരസം തുളുമ്പുന്ന വാക്കുകള്‍ കൊണ്ട് സമ്പുഷ്ടമായത് കൊണ്ടാവാം വായനയുടെ മുഷിപ്പ് അനുഭവപ്പെട്ടതേയില്ല. ഈ പുസ്തകത്തിന്റെ പ്രത്യേകത എന്തെന്നാല്‍ വാക്കുകളില്‍ തേന്‍ പുരട്ടി വായനക്കാരന്റെ മനസ്സിനെ മധുരമുള്ളതാക്കിത്തീര്‍ക്കുന്നുഎന്നതാണ്. അത്‌കൊണ്ട് സോപ്പ് കുമിളകള്‍ പോലെ അത് പെട്ടെന്ന് ഉടഞ്ഞ് പോകുന്നില്ല. സ്വന്തം ജീവിതാനുഭൂതികളോട് ഊഷ്മളമായ സത്യസന്ധത പുസ്തകത്തിലുടനീളം അബ്ദു പുലര്‍ത്തി കാണുന്നുണ്ടെന്നതും പുസ്തകത്തിന്റെ പ്രത്യേകതയാണ്. പല അധ്യായങ്ങളും ഓരോ വായനക്കാരന്റെയും ഇന്നലെകളെ ഓര്‍മ്മപ്പെടുത്തുന്നു. തനിക്ക് ഏറെ പരിചിതമായ മൊഴികളിലൂടെയാണല്ലോ എഴുത്തുകാരന്‍ ആനയിച്ച് കൊണ്ടുപോവുന്നതെന്ന് വായനക്കാരന് തോന്നിയിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടാനില്ല. അബ്ദു സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്നുണ്ട്.
നേരമ്പോക്കിന് വേണ്ടി മാത്രമാകാതെ, സൂക്ഷിച്ച് വെക്കാനുള്ള ഗ്രന്ഥങ്ങളായി ഇതുപോലെ അച്ചടിമഷി പുരട്ടി വെച്ചാല്‍ കാലമേറെ കഴിഞ്ഞാലും എടുത്ത് വായിക്കാന്‍ അതുപകരിക്കും.


-എരിയാല്‍ മുഹമ്മദ് കുഞ്ഞി

Related Articles
Next Story
Share it