മോഹച്ചിറകില്‍ പറന്നുപറന്ന്...
നേടുമെന്ന ദൃഢനിശ്ചയവും ആത്മാര്‍ത്ഥമായ പരിശ്രമവും ഉണ്ടെങ്കില്‍ ഏതൊരുകാര്യവും സാധിക്കുമെന്ന് തന്റെ ജീവിതത്തെ സാക്ഷി നിര്‍ത്തി പ്രമുഖ വ്യവസായിയും ബദര്‍ അല്‍സമ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ അബ്ദുല്‍ലത്തീഫ് ഉപ്പള ഗേറ്റ്.തളങ്കര സ്‌കൂളിലെ ഒരു ആദരവ് ചടങ്ങില്‍ അദ്ദേഹം നടത്തിയ പ്രസംഗം കഠിനാധ്വാനം കൊണ്ട് താന്‍ നേടിയെടുത്ത ജീവിത വിജയത്തിന്റെ ഏടുകള്‍ വിവരിക്കുന്നതായിരുന്നു. ആ പ്രസംഗം കുട്ടികള്‍ക്ക് വലിയ പ്രചോദനമാകുകയും അവരില്‍ പ്രതീക്ഷയുടെ വലിയ തിരികൊളുത്തുകയും ചെയ്തു.പ്രസംഗം ഇങ്ങനെയാണ്:'ഓരോ കുട്ടിയുടേയും മുഖത്ത് പ്രതീക്ഷയുടെ തിരിനാളം ഞാന്‍ കാണുന്നു. ഏതൊരാളിലും മിനിമം […]
നേടുമെന്ന ദൃഢനിശ്ചയവും ആത്മാര്‍ത്ഥമായ പരിശ്രമവും ഉണ്ടെങ്കില്‍ ഏതൊരുകാര്യവും സാധിക്കുമെന്ന് തന്റെ ജീവിതത്തെ സാക്ഷി നിര്‍ത്തി പ്രമുഖ വ്യവസായിയും ബദര്‍ അല്‍സമ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ അബ്ദുല്‍ലത്തീഫ് ഉപ്പള ഗേറ്റ്.തളങ്കര സ്‌കൂളിലെ ഒരു ആദരവ് ചടങ്ങില്‍ അദ്ദേഹം നടത്തിയ പ്രസംഗം കഠിനാധ്വാനം കൊണ്ട് താന്‍ നേടിയെടുത്ത ജീവിത വിജയത്തിന്റെ ഏടുകള്‍ വിവരിക്കുന്നതായിരുന്നു. ആ പ്രസംഗം കുട്ടികള്‍ക്ക് വലിയ പ്രചോദനമാകുകയും അവരില്‍ പ്രതീക്ഷയുടെ വലിയ തിരികൊളുത്തുകയും ചെയ്തു.പ്രസംഗം ഇങ്ങനെയാണ്:'ഓരോ കുട്ടിയുടേയും മുഖത്ത് പ്രതീക്ഷയുടെ തിരിനാളം ഞാന്‍ കാണുന്നു. ഏതൊരാളിലും മിനിമം […]

നേടുമെന്ന ദൃഢനിശ്ചയവും ആത്മാര്‍ത്ഥമായ പരിശ്രമവും ഉണ്ടെങ്കില്‍ ഏതൊരുകാര്യവും സാധിക്കുമെന്ന് തന്റെ ജീവിതത്തെ സാക്ഷി നിര്‍ത്തി പ്രമുഖ വ്യവസായിയും ബദര്‍ അല്‍സമ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ അബ്ദുല്‍ലത്തീഫ് ഉപ്പള ഗേറ്റ്.
തളങ്കര സ്‌കൂളിലെ ഒരു ആദരവ് ചടങ്ങില്‍ അദ്ദേഹം നടത്തിയ പ്രസംഗം കഠിനാധ്വാനം കൊണ്ട് താന്‍ നേടിയെടുത്ത ജീവിത വിജയത്തിന്റെ ഏടുകള്‍ വിവരിക്കുന്നതായിരുന്നു. ആ പ്രസംഗം കുട്ടികള്‍ക്ക് വലിയ പ്രചോദനമാകുകയും അവരില്‍ പ്രതീക്ഷയുടെ വലിയ തിരികൊളുത്തുകയും ചെയ്തു.
പ്രസംഗം ഇങ്ങനെയാണ്:
'ഓരോ കുട്ടിയുടേയും മുഖത്ത് പ്രതീക്ഷയുടെ തിരിനാളം ഞാന്‍ കാണുന്നു. ഏതൊരാളിലും മിനിമം ലെവല്‍ ഐക്യു ഉണ്ട്. അതിനെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ വളര്‍ച്ചയുടെ തോത്. എല്ലാവര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഒരു കഴിവ് സൃഷ്ടാവ് നല്‍കിയിട്ടുണ്ട്. അത് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പിന്നെ നമ്മള്‍ ശ്രമിക്കണം. കഠിനമായ ശ്രമമില്ലാതെ ഒരു കാര്യവും നേടാനാവില്ല.
കഠിനമായ ശ്രമവും അധ്വാനവും കൊണ്ട് തന്നെയാണ് എന്റെ ജീവിതത്തില്‍ വിജയങ്ങളുണ്ടായിട്ടുള്ളത്. ആഗ്രഹങ്ങളായിരുന്നു എന്റെ വിജയത്തിന്റെ അടിത്തറ. നമുക്ക് സ്വപ്‌നങ്ങളും ലക്ഷ്യബോധവും വേണം. അതിലേക്ക് എത്താനുള്ള ശ്രമങ്ങളുമുണ്ടാവണം. എന്റെ വാപ്പക്ക് സാമാന്യം ഭേദപ്പെട്ട സമ്പത്തുണ്ടായിരുന്നു. ബോംബെയില്‍ റസ്റ്റോറന്റ് മേഖലയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. യുവാവായപ്പോള്‍ എനിക്ക് ഗള്‍ഫില്‍ പോകണമെന്ന മോഹം ഉദിച്ചു. പലരും ഗള്‍ഫില്‍ നിന്ന് നല്ല സ്റ്റൈലില്‍, പത്രാസോടെ നാട്ടിലേക്ക് വരുമ്പോള്‍ അവരെ കണ്ട് തോന്നിയ ആഗ്രഹമാണത്. ഗള്‍ഫില്‍ പോവാനുള്ള ആഗ്രഹം ഉപ്പയോട് പങ്കുവെച്ചപ്പോള്‍ മറുത്തൊന്നും പറഞ്ഞില്ല. അങ്ങനെ ഞാന്‍ ജീവിത വഴിതേടി ആദ്യമായി ഗള്‍ഫിലെത്തി. സഹോദരിയും ഭര്‍ത്താവും അവിടെ ഉണ്ടായിരുന്നത് എനിക്കൊരു ബലമായിരുന്നു. എന്നാല്‍ നാട്ടില്‍ കണ്ടതും കേട്ടതും പോലെയല്ല ഗള്‍ഫ് എന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. ജോലിക്ക് വേണ്ടിയുള്ള പല ശ്രമങ്ങളും വെറുതെയായി. ഒടുവില്‍ റാസല്‍ഖൈമയിലെ ഒരു സിമന്റ് ഫാക്ടറിയില്‍ ജോലി തരപ്പെട്ടു. സിമന്റ് ഫാക്ടറിയില്‍ ജോലി കിട്ടിയ കാര്യം സഹോദരിയോടും ഭര്‍ത്താവിനോടും ഞാന്‍ മറച്ചുവെച്ചു. പറഞ്ഞാല്‍ ചിലപ്പോള്‍ സിമന്റ് ഫാക്ടറിയിലെ ജോലി അവര്‍ സമ്മതിച്ചുതരില്ല. രാവിലെ ജീന്‍സും ടീഷര്‍ട്ടുമിട്ട് സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് ഞാനിറങ്ങും. സിമന്റ് ഫാക്ടറിയില്‍ ചെന്ന് അവിടത്തെ വേഷവും ഹാറ്റും ധരിച്ച് ജോലി ചെയ്യും. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ സഹോദരി ഭര്‍ത്താവ് ഇതുകണ്ടുപിടിച്ചു. അവര്‍ നാട്ടില്‍ പോകാനാണ് എന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഗള്‍ഫില്‍ നിന്നുതന്നെ മറ്റൊരു ജോലിക്ക് ശ്രമിക്കുകയായിരുന്നു ഞാന്‍. ശ്രമം വെറുതെയായില്ല. യു.എ.ഇ എംബസി പ്രതിനിധിയായി ഇറ്റലിയിലെ റോമിലുള്ള എംബസിയില്‍ ജോലി കിട്ടി. സ്വപ്‌ന സുരേഷൊക്കെ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന അതേ ജോലി തന്നെ. അവിടെ ഡിപ്ലോമാറ്റിക് ബാഗേജുകളൊക്കെ കൈകാര്യം ചെയ്യാനുള്ള അവസരമുണ്ടായി. എന്നാല്‍ ഇന്ന് കേള്‍ക്കുന്നത് പോലെയുള്ള വിവാദ വിഷയങ്ങള്‍ക്കൊന്നും അന്ന് ആരും നിന്നിരുന്നില്ല. നാല് വര്‍ഷമാണ് റോമില്‍ ജോലിചെയ്‌തെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവിടത്തെ മലയാളികള്‍ക്കിടയില്‍ ഞാനൊരു നിറസാന്നിധ്യമായി തീര്‍ന്നു. എനിക്കന്ന് ഇരുപതോ ഇരുപത്തിഒന്നോ വയസ്. അക്കാലത്ത് തന്നെ റോമില്‍ കേരള സമാജം ഉണ്ടായിരുന്നു. അതിന്റെ ജോയിന്റ് സെക്രട്ടറിയായി വരെ പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. എന്നാല്‍ അവധിക്ക് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഉപ്പ തടയിട്ടു. ഇനി റോമില്‍ പോകേണ്ടെന്നും തന്റെ കൂടെ നിന്നാല്‍ മതിയെന്നും പറഞ്ഞ് ഉപ്പ ഒപ്പം കൂട്ടി. കൂറേ കാലം ഉപ്പയോടൊപ്പമായി.
ഇതിനിടയിലാണ് മര്‍ച്ചന്റ് നേവിയില്‍ കയറണമെന്ന ആഗ്രഹം ഉദിച്ചത്. ഞാന്‍ നേരത്തെ പറഞ്ഞല്ലോ. ആഗ്രഹങ്ങളായിരുന്നു എന്റെ ബലഹീനത. 6-8 മാസം അതിന് വേണ്ടി ശ്രമിച്ചു. ഒടുവില്‍ അഞ്ചുകപ്പലുകളില്‍ ഞാന്‍ ജോലി ചെയ്തു. പല രാജ്യങ്ങളും പല നാടുകളും കണ്ടു. അതുകഴിഞ്ഞ് തിരിച്ചുവന്നാണ് എന്റെ ജീവിതത്തിലെ ഏറ്റവും വഴിത്തിരിവായ പുതിയ തൊഴിലിലേക്ക് കാലെടുത്തുവെക്കുന്നത്. എനിക്കൊരു ഗുരുവുണ്ട്. റബീഉള്ള. നിങ്ങളൊക്കെ കേട്ടിട്ടുണ്ടാവും. അദ്ദേഹത്തിന് നിരവധി ഹോസ്പിറ്റലുകള്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്നെ സൗദിയിലേക്ക് ക്ഷണിച്ചു. ഞാന്‍ റബീഉള്ളയുടെ കൂടെ ചേര്‍ന്നു. ജോലിയില്‍ കയറി ആറ് മാസംകൊണ്ട് ഞാന്‍ അവിടത്തെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജറും ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ മാനേജറുമായി. വെറുതെ ആയതല്ല. കഠിനാധ്വാനം കൊണ്ട് തന്നെയാണ്. റബീഉള്ളയുടെ സ്ഥാപനത്തിന് വേണ്ടി ഞാന്‍ ഒരുപാട് പ്രയത്‌നിച്ചു. ഒരുപാട് സ്ഥാപനങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. അപ്പോഴാണ് എനിക്ക് തോന്നിയത്, അവര്‍ക്ക് വേണ്ടി സ്ഥാപനങ്ങള്‍ ഉണ്ടാക്കികൊടുക്കാന്‍ എനിക്ക് കഴിയുമെങ്കില്‍ എന്തുകൊണ്ട് എനിക്ക് വേണ്ടി തന്നെ സ്ഥാപനങ്ങള്‍ ഉണ്ടാക്കിക്കൂടാ എന്ന്. ആ ചിന്തയാണ് എന്നിലെ വ്യവസായിയെ ഉണര്‍ത്തിയത്. ഞാന്‍ ഒരു ഹോസ്പിറ്റല്‍ തുടങ്ങി. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലായി എനിക്ക് 24 ഹോസ്പിറ്റലുകളുണ്ട്. 13 എണ്ണം മസ്‌ക്കത്തിലും അഞ്ചെണ്ണം ബഹ്‌റൈനിലും മൂന്നെണ്ണം സൗദിയിലും ഓരോ എണ്ണം വീതം ദുബായിലും കുവൈത്തിലും. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമായി ഏതാണ്ട് 3500ഓളം പേര്‍ എന്റെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. സാധാരണക്കാരല്ല, എം.ആര്‍.സി.പിയും എഫ്.ആര്‍.സി.എസുമൊക്കെ ഉള്ളവരാണ് ഏറെയും.
ഗള്‍ഫില്‍ ഒരു ഹോസ്പിറ്റല്‍ തുടങ്ങുമ്പോള്‍ അവിടെ ഏതാണ്ട് നൂറുപേര്‍ക്കെങ്കിലും ജോലി നല്‍കാന്‍ കഴിയുന്നു. ഇത് എന്നിലുണ്ടാക്കുന്ന സന്തോഷം ചെറുതല്ല. കുറേ കുടുംബങ്ങള്‍ക്ക് അത്താണിയാവാന്‍ കഴിയുക എന്നത് വലിയൊരു ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ഗള്‍ഫിലെ ആസ്പത്രികള്‍ കൂടാതെ നാട്ടിലും ഈ മേഖലയില്‍ ഞാന്‍ കൈവെച്ചത് സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ല. ആര്‍ക്കെങ്കിലും ഉപകരിക്കട്ടെ എന്ന് കരുതിയാണ്. ഇന്ത്യാന ആസ്പത്രിയുടെ വൈസ് ചെയര്‍മാനാണ്. കോവിഡ് കാലത്ത് മംഗലാപുരത്തെ ആസ്പത്രികളെ ആശ്രയിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ കാസര്‍കോട്ട് വമ്പന്‍ ആസ്പത്രികള്‍ തുടങ്ങുമെന്ന് പല ഭാഗങ്ങളില്‍ നിന്നും പ്രഖ്യാപനങ്ങളുണ്ടായി. ജില്ലയില്‍ രണ്ട് ആസ്പത്രികള്‍ ഞാനും പ്രഖ്യാപിച്ചു. അതിലൊരെണ്ണം കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കാസര്‍കോട്ട് പൊലീസ് സ്റ്റേഷന് സമീപത്തായി രണ്ടാമത്തെ ആസ്പത്രിയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ജനുവരിയിലോ ഫെബ്രുവരിയിലോ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സാധാരണ ആസ്പത്രികളല്ല രണ്ടും. കാത്ത്‌ലാബും എം.ആര്‍.ഐയും സി.ടി സ്‌കാനുമൊക്കെയുള്ള വിപുലമായ സംവിധാനങ്ങളാണുള്ളത്. മംഗലാപുരത്തേക്ക് പോകേണ്ടിവരില്ല. ഇതൊക്കെ ഞാന്‍ പറയുന്നത് എന്റെ വളര്‍ച്ച എടുത്തുപറയാനല്ല. നിങ്ങള്‍ വിദ്യാര്‍ത്ഥികളാണ് നിങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയണം. പ്രതീക്ഷകളും അത് സഫലമാക്കാനുള്ള കഠിനമായ ശ്രമങ്ങളും ഉണ്ടാവണം. സീറോയില്‍ നിന്ന് തുടങ്ങിയാണ് എനിക്ക് ബദര്‍ അല്‍ സമ എന്ന പേരില്‍ ആസ്പത്രി ശൃംഖലകള്‍ തന്നെ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞത്. ആഗ്രഹങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ കഠിനമായി ശ്രമിക്കണം. ഞാനങ്ങനെ ശ്രമിക്കുകയും അതിന്റെ ഫലം ഉണ്ടാകുകയും ചെയ്തു. പൗലോകൊയ്‌ലോ അടക്കമുള്ള ലോക പ്രശസ്തരുടെ നോവലുകളും ചില സിനിമകളും വരെ എന്നെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. യഹ്‌യ തളങ്കര അടക്കമുള്ളവരുടെ ജീവിതം എന്റെ ജീവിത വഴിയില്‍ മുതല്‍കൂട്ടായിട്ടുണ്ട്. ആസ്പത്രി ശൃംഖലകള്‍ക്ക് പുറമെ മറ്റു മേഖലയിലും കയ്യൊപ്പ് ചാര്‍ത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്…-അബ്ദുല്‍ലത്തീഫിന്റെ വാക്കുകള്‍ വിദ്യാര്‍ത്ഥികള്‍ സാകൂതം കേട്ടിരുന്നു. അവരുടെ മുഖത്ത് പുതിയ പ്രതീക്ഷകളുടെ പുഞ്ചിരികള്‍ വിടര്‍ന്നു. ഒരു റോള്‍ മോഡലിനെ മുന്നില്‍ കണ്ട സന്തോഷവും അവരുടെ മുഖത്ത് തുടിച്ചുനിന്നിരുന്നു.
അബ്ദുല്‍ലത്തീഫിനുള്ള സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ ഉപഹാരം വികസന സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കര സമ്മാനിച്ചു.
ടി.എ ഷാഫി പരിചയപ്പെടുത്തി. റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സ്വര്‍ണ്ണകുമാരി ടീച്ചര്‍ സ്വാഗതം പറഞ്ഞു. പ്രീതി ശ്രീധരന്‍, എം. ഹസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
-ടി.എ ഷാഫി