അബ്ദുല്‍ കരിം; സ്വന്തമായി വനം സൃഷ്ടിച്ച് മാതൃകയായ മലയാളി
സ്വന്തമായി ഒരു വനം സൃഷ്ടിച്ച് ലോകത്തിന് തന്നെ മാതൃകയായ വ്യക്തിയാണ് മലയാളിയും കാസര്‍കോട്ടുകാരനുമായ അബ്ദുല്‍ കരീം. കാലം ആവശ്യപ്പെടുന്ന, അല്ലെങ്കില്‍ കാലത്തിന് ആവശ്യമായ ഈ പ്രവൃത്തി അതു കൊണ്ടു തന്നെ ലോകം അംഗീകരിക്കുകയാണ്. നിലവിലുള്ള വനങ്ങളെ സംരക്ഷിക്കുകയും മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുമല്ല കരീമിന്റെ പ്രവര്‍ത്തനം. മരങ്ങളൊന്നുമില്ലാത്ത മരുഭൂമി പോലെയുള്ള പാറപ്രദേശം അദ്ദേഹം വിലക്കു വാങ്ങി മരങ്ങള്‍ നട്ട് വനം സൃഷ്ടിക്കുകയായിരുന്നു. ഈ പ്രവൃത്തിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കാസര്‍കോടു ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കോട്ടപ്പുറം സ്വദേശിയാണ് കരീം. ചെറുപ്പത്തില്‍ തന്നെ വനങ്ങളെയും […]
സ്വന്തമായി ഒരു വനം സൃഷ്ടിച്ച് ലോകത്തിന് തന്നെ മാതൃകയായ വ്യക്തിയാണ് മലയാളിയും കാസര്‍കോട്ടുകാരനുമായ അബ്ദുല്‍ കരീം. കാലം ആവശ്യപ്പെടുന്ന, അല്ലെങ്കില്‍ കാലത്തിന് ആവശ്യമായ ഈ പ്രവൃത്തി അതു കൊണ്ടു തന്നെ ലോകം അംഗീകരിക്കുകയാണ്. നിലവിലുള്ള വനങ്ങളെ സംരക്ഷിക്കുകയും മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുമല്ല കരീമിന്റെ പ്രവര്‍ത്തനം. മരങ്ങളൊന്നുമില്ലാത്ത മരുഭൂമി പോലെയുള്ള പാറപ്രദേശം അദ്ദേഹം വിലക്കു വാങ്ങി മരങ്ങള്‍ നട്ട് വനം സൃഷ്ടിക്കുകയായിരുന്നു. ഈ പ്രവൃത്തിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കാസര്‍കോടു ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കോട്ടപ്പുറം സ്വദേശിയാണ് കരീം. ചെറുപ്പത്തില്‍ തന്നെ വനങ്ങളെയും […]

സ്വന്തമായി ഒരു വനം സൃഷ്ടിച്ച് ലോകത്തിന് തന്നെ മാതൃകയായ വ്യക്തിയാണ് മലയാളിയും കാസര്‍കോട്ടുകാരനുമായ അബ്ദുല്‍ കരീം. കാലം ആവശ്യപ്പെടുന്ന, അല്ലെങ്കില്‍ കാലത്തിന് ആവശ്യമായ ഈ പ്രവൃത്തി അതു കൊണ്ടു തന്നെ ലോകം അംഗീകരിക്കുകയാണ്. നിലവിലുള്ള വനങ്ങളെ സംരക്ഷിക്കുകയും മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുമല്ല കരീമിന്റെ പ്രവര്‍ത്തനം. മരങ്ങളൊന്നുമില്ലാത്ത മരുഭൂമി പോലെയുള്ള പാറപ്രദേശം അദ്ദേഹം വിലക്കു വാങ്ങി മരങ്ങള്‍ നട്ട് വനം സൃഷ്ടിക്കുകയായിരുന്നു. ഈ പ്രവൃത്തിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
കാസര്‍കോടു ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കോട്ടപ്പുറം സ്വദേശിയാണ് കരീം. ചെറുപ്പത്തില്‍ തന്നെ വനങ്ങളെയും കാവുകളെയും സ്‌നേഹിച്ചിരുന്ന വ്യക്തിയാണദ്ദേഹം. നീലേശ്വരം രാജാസ് സ്‌ക്കൂളിലെ പഠന കാലത്ത് ഒഴിവു സമയങ്ങളില്‍ തൊട്ടടുത്ത മന്നംപുറത്തുകാവില്‍ പോകുമായിരുന്നു. പ്രകൃതിയുടെ പച്ചപ്പണിഞ്ഞ ആ ദ്യശ്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. പിന്നീട് കോളേജ് പഠനം കഴിഞ്ഞ് ജോലിയാവശ്യാര്‍ത്ഥം 1973ല്‍ ഗള്‍ഫില്‍ പോയെങ്കിലും അദ്ദേഹത്തിന്റെ മനസ്സില്‍ വനമെന്ന ആശയം വിടാതെ പിന്തുടര്‍ന്നു. ഗള്‍ഫിലെ മരുഭൂമിയില്‍ പുല്‍ത്തകിടികള്‍ വെച്ചുപിടിപ്പിക്കുന്നത് അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചു. എന്തുകൊണ്ട് നമ്മുടെ നാട്ടിലും ഇത്തരത്തില്‍ മരങ്ങള്‍ നട്ടുവളര്‍ത്തികൂടെയെന്ന ചിന്താഗതി അദ്ദേഹത്തില്‍ രൂപപ്പെട്ടു. അങ്ങനെ 1977ല്‍ നീലേശ്വരത്തു നിന്നും ഏകദേശം മുപ്പത് കിലോമീറ്റര്‍ അകലെ മലയോര പ്രദേശമായ പരപ്പയിലെ പൊലിയംകുളത്ത് അഞ്ച് ഏക്കര്‍ പാറപ്രദേശം 3750 രൂപക്ക് വാങ്ങി തന്റെ സ്വപ്‌നത്തിന് തുടക്കമിട്ടു. ആദ്യ വര്‍ഷം കുറേ മരതൈകള്‍ നട്ടെങ്കിലും ഒന്നു മാത്രം അവശേഷിച്ചു. അവശേഷിച്ച മരതൈ കനിമരുതായിരുന്നു. ആ മരതൈ പ്രചോദനമായി. അടുത്ത മഴ കാലത്ത് വീണ്ടും നിരവധി കാട്ടുമരതൈകള്‍ നട്ടു. തൊട്ടടുത്ത ഭീമനടി വനപ്രദേശത്തു നിന്നാണ് തൈകള്‍ കൊണ്ടുവന്നത്. വേനല്‍ കാലമായപ്പോള്‍ ദൂരെ നിന്ന് വെള്ളം കൊണ്ടു വന്ന് നനച്ചു. വറ്റിവരണ്ട പ്രദേശമായിരുന്ന ഇവിടെ വെള്ളമില്ലാത്ത ഒരു പൊട്ടക്കിണര്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മൂന്നു വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറമേകി മരതൈകള്‍ വളര്‍ന്നുതുടങ്ങി. പിന്നീട് സമീപത്തെ സ്ഥലങ്ങള്‍ കൂടി വാങ്ങി മൊത്തം 28 ഏക്കറില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ് കരീം ഫോറസ്റ്റ്. മരുത്, കൊന്ന, തുടങ്ങി നിരവധി കാട്ടുമരങ്ങളും ഔഷധസസ്യങ്ങളുമടങ്ങുന്ന പൂങ്കാവനമായി മാറിയിരിക്കുകയാണ് കരീം ഫോറസ്റ്റ്. പാറപ്രദേശത്ത് മരതൈകള്‍ നട്ട് വെള്ളമൊഴിച്ച് സംരക്ഷിക്കുമ്പോള്‍ തന്നെ തമാശയാക്കിയവര്‍ പോലും ഇന്ന് 'അത്ഭുതം' എന്നു പറയാന്‍ മടിച്ചില്ല. വറ്റിവരണ്ട ഈ പ്രദേശത്ത് മരങ്ങള്‍ വളര്‍ന്നതോടെ ജലനിരപ്പ് വര്‍ധിച്ചു. വനത്തിനകത്തെ കിണറുകളില്‍ ജലസമൃദ്ധിയായി. ഇന്നദ്ദേഹം അറുപത് വീട്ടുകാര്‍ക്ക് തന്റെ കിണറില്‍ നിന്ന് വെള്ളം നല്‍കുന്നുണ്ട്.
പലരും പണമുണ്ടാക്കുന്നതിന്റെ പിറകെ പോകുമ്പോള്‍ യാതൊരു വരുമാനവുമില്ലാത്ത ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ അദ്ദേഹം ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ ഭുമി എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അവയുണ്ടെങ്കിലേ നമുക്ക് നിലനില്‍പ്പുളളൂ. പലരും മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതല്ലാതെ സംരക്ഷിക്കുന്നില്ല. മരങ്ങള്‍ നട്ടുവളര്‍ത്തണമെന്ന പേരില്‍ കാമ്പയിനുകളും മറ്റും സംഘടിപ്പിക്കുന്നതല്ലാതെ അവയെ ആരും സംരക്ഷിക്കുന്നില്ല. എല്ലാ മതങ്ങളിലും പ്രകൃതിയെ സംരക്ഷിക്കണമെന്ന് അടിവരയിട്ട് പറയുന്നുണ്ട്. പ്രകൃതിയെ മറന്നുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം തന്റെ ആശങ്കകള്‍ പങ്കുവെക്കുകയാണ്.
കാടുണ്ടായാല്‍ വെള്ളമുണ്ടാകും രോഗമുണ്ടാകില്ല സ്വപ്രയത്‌നത്തിലൂടെ കരീം തെളിയിച്ചിരിക്കുകയാണ്. ഇവിടെ നിന്നും ലഭിക്കുന്ന സുഖം മറ്റൊരിടത്തു നിന്നും ലഭിക്കില്ല. മനുഷ്യനൊഴിച്ച് മറ്റുള്ള ജീവജാലങ്ങള്‍ പ്രകൃതിയെ സംരക്ഷിക്കുന്നു. കാടും കൂടും കാട്ടു പൂഞ്ചോലയുമായി നീണ്ട നാല്‍പ്പതു വര്‍ഷ ജീവിതം അനുഭവങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണ്.
ഇന്ന് ഇലകള്‍ വീണ് വളമായി നല്ല ജൈവാംശമുള്ള മണ്ണായി ഈ പാറപ്രദേശം മാറിയിരിക്കുകയാണ്. മരങ്ങളുടെ വേരുകള്‍ പാറ തുരന്ന് പൊളിച്ച് മണ്ണാക്കുകയാണ്. മരങ്ങളുടെ വിത്തുകള്‍ വഴി വീണ്ടും മരങ്ങളുണ്ടാകുന്നു. പക്ഷികള്‍ വഴിയും മറ്റും വിത്തുകള്‍ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. വറ്റിവരണ്ട പുലിയംകുളത്ത് ഇന്ന് ഏതു വേനലിലും നല്ല തണുപ്പു കാലാവസ്ഥ. അത് കരീമെന്ന വ്യക്തിയുടെ നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതിഫലമാണ്.
സ്വന്തം വനത്തിനകത്ത് താമസിക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനായി വീടും നിര്‍മ്മിച്ചിട്ടുണ്ട്. ഫാനോ എ.സി യോ ഇല്ലാതെ ശുദ്ധമായ വായു ശ്വസിച്ച് ജീവിക്കുവാന്‍ പറ്റിയ ഭൂമിയിലെ സ്വര്‍ഗ്ഗം പിന്നെയെവിടെയാണ്?
കരീം ഫോറസ്റ്റിലേക്ക് പ്രവേശിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. സന്ദര്‍ശിക്കുന്നവര്‍ പ്രകൃതിക്കും അതിലെ ജീവജാലങ്ങള്‍ക്കും ബുദ്ധിമുട്ടാകരുതെന്ന നിര്‍ബന്ധമുണ്ട്. അതുപോലെ പ്ലാസ്റ്റിക് അനുവദനീയമല്ല.
തന്റെ ഈ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറയുന്നു.
കരീമിന്റെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ നേടിയതിന് ഉദാഹരണങ്ങളാണ് അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങള്‍. 1998ല്‍ സഹറാ ഗ്രൂപ്പിന്റെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുളള അവാര്‍ഡ്, ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ആദരം തുടങ്ങി ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. പുരസ്‌ക്കാരങ്ങളുടെ പിറകെ പോവാതെ പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയാണ്. പുരസ്‌ക്കാരങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെയെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ അദ്ദേഹം എന്നും തിരക്കിലാണ്. രാജ്യത്തെയും വിദേശത്തെയും വിവിധ സംഘടനകള്‍ കരീമിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുകയാണ്. അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശിയായും മറ്റും അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രയോജനപ്പെടുത്തുകയാണ്.
കുട്ടികള്‍ക്ക് പരിസ്ഥിതി സംബന്ധമായും മറ്റും അദ്ദേഹം ക്ലാസ്സെടുക്കുന്നുണ്ട്. ആറാം ക്ലാസ് പാഠ പുസ്തകത്തിലും സി.ബി.എസ്.യിലും അദ്ദേഹത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ട്.
കാട് കയ്യേറുകയും നശിപ്പിക്കുകയും ചെയ്യുന്ന കാലത്ത് സ്വന്തമായി കാടുണ്ടാക്കി അതില്‍ താമസിക്കുന്ന ഒരേയൊരാള്‍ കരീം മാത്രമായിരിക്കും. പ്രതിസന്ധികളെ തരണം ചെയ്ത് പാറക്കൂട്ടങ്ങളെ കൊടും കാടാക്കിയ അപൂര്‍വം വ്യക്തി, പ്രകൃതി മുഴുവന്‍ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഉറച്ചു വിശ്വസിക്കുന്ന, കാലത്തിനും പ്രകൃതിക്കുമേല്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഹരിതജീവിതങ്ങളെ കുറിച്ച് പ്രകൃതിയില്‍ നിന്നും ലഭിച്ച ആഴത്തിലുള്ള അറിവുള്ള, അനുഭവജ്ഞാനമുള്ള അപൂര്‍വ്വം വ്യക്തികളിലൊരാള്‍, പ്രകൃതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വവും കടമയുമെന്ന് പറയുക മാത്രമല്ല പ്രവൃത്തിയിലൂടെ കാട്ടിത്തന്നൊരാള്‍, വിശേഷണങ്ങള്‍ തീരുന്നില്ല.
കാടെവിടെ മക്കളെ, കൂടെവിടെ മക്കളെ എന്നന്വേഷിച്ച് പോകുന്നവര്‍ക്ക് മുന്നില്‍ കാട്ടിലെ മനുഷ്യനായി തന്നെ അറിയാന്‍ ആഗ്രഹിക്കുന്ന കരീമുണ്ട്.
പച്ചപ്പണിഞ്ഞു നില്‍ക്കുന്ന പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് തന്റെ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞതിന്റെ സന്തോഷത്തില്‍.
-രാജന്‍ മുനിയൂര്‍