താമരശേരിയില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; മഞ്ചേശ്വരം സ്വദേശികളായ മൂന്നുപേര്‍ കസ്റ്റഡിയില്‍

മഞ്ചേശ്വരം: താമരശേരിയില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മഞ്ചേശ്വരം സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം കന്യാല സ്വദേശികളായ മൂന്നുപേരെയാണ് മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെ താമരശേരി പൊലീസ് ഇന്നലെ രാത്രി പിടികൂടിയത്. ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്തുവരികയാണ്. പൈവളിഗെ ഭാഗത്തുള്ള ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട പത്തോളം പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഈ സംഘത്തെക്കുറിച്ച് കസ്റ്റഡിയിലുള്ളവര്‍ക്ക് വ്യക്തമായി അറിയാമെന്ന് പൊലീസ് കരുതുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കായി പൈവളിഗെ, […]

മഞ്ചേശ്വരം: താമരശേരിയില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മഞ്ചേശ്വരം സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം കന്യാല സ്വദേശികളായ മൂന്നുപേരെയാണ് മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെ താമരശേരി പൊലീസ് ഇന്നലെ രാത്രി പിടികൂടിയത്. ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്തുവരികയാണ്. പൈവളിഗെ ഭാഗത്തുള്ള ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട പത്തോളം പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഈ സംഘത്തെക്കുറിച്ച് കസ്റ്റഡിയിലുള്ളവര്‍ക്ക് വ്യക്തമായി അറിയാമെന്ന് പൊലീസ് കരുതുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കായി പൈവളിഗെ, ബായാര്‍, ബായിക്കട്ട എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ ഇന്ന് പുലര്‍ച്ചെ വരെ മഞ്ചേശ്വരം പൊലീസും താമരശേരി പൊലീസും റെയ്ഡ് നടത്തി.
പ്രവാസിയായിരുന്ന മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പൈവളിഗെയിലെ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവര്‍ പ്രതികളാണ്. ഇപ്പോള്‍ താമരശേരിയില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും പൈവളിഗെയിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഒരാഴ്ച മുമ്പാണ് താമരശേരിയിലെ ഷാഫിയെയും ഭാര്യയെയും കാറില്‍ തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് ഇറക്കിവിട്ടെങ്കിലും ഷാഫിയെ സംഘം മോചിപ്പിച്ചിട്ടില്ല. അതിനിടെ ഇന്നലെ ഷാഫിയുടേതായ ഒരു വീഡിയോ പുറത്തുവന്നിരുന്നു. സൗദിയില്‍ നിന്ന് 325 കിലോ സ്വര്‍ണ്ണം നാട്ടിലെത്തിച്ചതിനെ തുടര്‍ന്നാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഷാഫി വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ആരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നോ, എവിടെയാണുള്ളതെന്നോ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നില്ല.
തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ഒരു ഷോറൂമില്‍ നിന്ന് കാസര്‍കോട് പൊലീസിന്റെ സഹായത്തോടെ താമരശേരി പൊലീസ് കണ്ടെടുത്തിരുന്നു. കാര്‍ തളങ്കര സ്വദേശിയുടേതാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ ആദ്യം കണ്ടെത്തിയതെങ്കിലും പല ആളുകളിലൂടെ കൈമാറി മേല്‍പ്പറമ്പ് സ്വദേശിയുടെ പക്കലാണ് കാറുണ്ടായിരുന്നതെന്നാണ് പൊലീസ് ഇപ്പോള്‍ നല്‍കുന്ന സൂചന. മേല്‍പ്പറമ്പ് സ്വദേശിയില്‍ നിന്ന് സംഘം കാര്‍ വാടകയ്ക്ക് വാങ്ങിയതാണെന്ന സംശയത്തില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it