അബ്ബാസ് ഹാജി ബദ്‌രിയ: സാമൂഹ്യ-രാഷ്ട്രീയ സേവന രംഗത്തെ മാതൃകാ പുരുഷന്‍

സത്യസന്ധതയും ആത്മാര്‍ത്ഥതയും പൊതുജന സേവന രംഗത്ത് നിന്നും അകന്നു പോകുന്ന സമകാലീക അവസ്ഥയില്‍, പൊതുജന സേവന രംഗത്ത് വലിയ മാതൃക നല്‍കി വിട പറയുന്ന നേതാക്കള്‍ എന്നും സ്മരിക്കപ്പെടേണ്ടവരാണ്. ത്യാഗത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും പാതയില്‍ അവര്‍ തെളിയിച്ച സേവന വെളിച്ചം സമൂഹത്തിന് വലിയ പാഠങ്ങള്‍ നല്‍കുന്നു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ആരംഭ ദശയില്‍ ചെങ്കള പഞ്ചായത്തിലും കാസര്‍കോടിന്റെ കിഴക്കന്‍ പ്രദേശങ്ങളായ കുമ്പഡാജെ, ബെള്ളൂര്‍, ബദിയടുക്ക, കാറഡുക്ക തുടങ്ങിയ അവികസിത പ്രദേശങ്ങളില്‍ എല്ലാം കാടും തോടും കടന്നു മുസ്ലിം […]

സത്യസന്ധതയും ആത്മാര്‍ത്ഥതയും പൊതുജന സേവന രംഗത്ത് നിന്നും അകന്നു പോകുന്ന സമകാലീക അവസ്ഥയില്‍, പൊതുജന സേവന രംഗത്ത് വലിയ മാതൃക നല്‍കി വിട പറയുന്ന നേതാക്കള്‍ എന്നും സ്മരിക്കപ്പെടേണ്ടവരാണ്. ത്യാഗത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും പാതയില്‍ അവര്‍ തെളിയിച്ച സേവന വെളിച്ചം സമൂഹത്തിന് വലിയ പാഠങ്ങള്‍ നല്‍കുന്നു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ആരംഭ ദശയില്‍ ചെങ്കള പഞ്ചായത്തിലും കാസര്‍കോടിന്റെ കിഴക്കന്‍ പ്രദേശങ്ങളായ കുമ്പഡാജെ, ബെള്ളൂര്‍, ബദിയടുക്ക, കാറഡുക്ക തുടങ്ങിയ അവികസിത പ്രദേശങ്ങളില്‍ എല്ലാം കാടും തോടും കടന്നു മുസ്ലിം ലീഗിന്റെ സന്ദേശം എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച നേതാക്കളില്‍ പ്രധാനിയാണ് ബദ്‌രിയ അബ്ബാസ് ഹാജി. പാര്‍ട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ എല്ലാം പ്രവര്‍ത്തന രംഗത്ത് സ്വയം മറന്ന് പ്രവര്‍ത്തിക്കുന്ന ഇത്തരം നേതാക്കളുടെ ആത്മാര്‍ത്ഥമായ സേവനം കൊണ്ടാണ് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ മുന്നേറ്റം ശക്തി പ്രാപിച്ചത്. സ്ഥാനമാനങ്ങളെക്കാള്‍ സാമൂഹ്യ-രാഷ്ട്രീയ ആദര്‍ശത്തിന് മുന്‍തൂക്കം നല്‍കിയ പ്രവര്‍ത്തനം കൊണ്ട് അബ്ബാസ് ഹാജി എന്ന "ഉമ്പുച്ച" ജനമനസുകളില്‍ സ്ഥാനം നേടി. ബദ്‌രിയ ഹോട്ടല്‍ ആ കാലഘട്ടത്തില്‍ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ നേതാക്കളുടെയും മറ്റു പ്രവര്‍ത്തകരുടെയും ഒരു അഭയകേന്ദ്രവും ചര്‍ച്ചാവേദിയുമായിരുന്നു. വിശക്കുന്നവന് ഒരു നേരത്തെ ആഹാരം സൗജന്യമായി നല്‍കാന്‍ ബദ്‌രിയ അബ്ദുല്‍ ഖാദര്‍ ഹാജി കാണിച്ചിരുന്ന മാതൃകാ പ്രവര്‍ത്തനം എന്നും നിലനിര്‍ത്തപ്പെടാന്‍ തലമുറകള്‍ക്ക് കഴിയുന്നത് ജനമനസില്‍ ബദ്‌രിയ കുടുംബം നേടിയ സ്‌നേഹദാരങ്ങള്‍ കൊണ്ട് തന്നെയാണ്.
ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നേതൃസ്ഥാനത്ത് തിളക്കമാര്‍ന്ന പ്രവര്‍ത്തനം കൊണ്ട് എല്ലാവരുടെയും ഇഷ്ടപ്പെട്ട നേതാവായി മാറാന്‍ ബദ്‌രിയ അബ്ബാസ് ഹാജിക്ക് സാധിച്ചു.
കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എല്‍.എ മഹ്മൂദും സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടിയും ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലത്ത് ട്രഷററായും അബ്ബാസ് ഹാജി പ്രവര്‍ത്തിച്ചു. 1984ല്‍ കാസര്‍കോട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി എ.പി അബ്ദുല്ല പ്രസിഡണ്ടും ചെര്‍ക്കളം അബ്ദുല്ല ജനറല്‍ സെക്രട്ടറിയും കെ.എസ് സുലൈമാന്‍ ഹാജി ട്രഷററുമായ കമ്മിറ്റിയില്‍ ചെങ്കള പഞ്ചായത്തില്‍ നിന്നും ജില്ലാ പ്രവര്‍ത്തക സമിതിയില്‍ ബദ്‌രിയ അബ്ബാസ് ഹാജി അംഗമായി. ഈ കമ്മിറ്റിയിലെല്ലാം എളിയവനായ ലേഖകനും കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ചാരിതാര്‍ത്ഥ്യം നല്‍കുന്ന കാര്യമാണ്.
മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ആരോഗ്യവും സമ്പത്തും ഒരു മടിയും കൂടാതെ തന്നെ ചെലവഴിക്കാന്‍ അബ്ബാസ് ഹാജി എന്നും മുന്നില്‍ ഉണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം അരയില്‍ കെട്ടിയിരുന്ന പച്ച അരപ്പട്ടയുടെ പോക്കറ്റ് നിറയെ പണവുമായി രാവിലെ പ്രവര്‍ത്തന രംഗത്ത് ഇറങ്ങിയാല്‍ രാത്രി മടങ്ങി വീട്ടിലെത്തുമ്പോള്‍ അത് കാലിയായിരിക്കും. ഒരു ഘട്ടത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ട് ചന്ദ്രിക ദിനപത്രത്തിന്റെ കാസര്‍കോട് വരവ് നിലച്ചപ്പോള്‍ അന്ന് അയ്യായിരം രൂപ സ്വന്തമാക്കി നല്‍കി ചന്ദ്രികയുടെ വിതരണം നിലനിര്‍ത്താന്‍ അബ്ബാസ് ഹാജി സഹായിച്ചു.
അതുപോലെ ചെങ്കള പഞ്ചായത്തില്‍ 1973ല്‍ ചെര്‍ക്കളയില്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച ചെങ്കള ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്വന്തമായി പണം ചെലവഴിച്ച് വേണ്ടതു ചെയ്ത് ബദ്‌രിയ അബ്ബാസ് ഹാജി നാടിന്റെ പ്രവര്‍ത്തന രംഗത്തെ ഓരോ പുരോഗതിയിലും കയ്യൊപ്പ് ചാര്‍ത്തി.
സി.ടി അഹമ്മദലിയുടെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തന രംഗത്തും അബ്ബാസ് ഹാജി മുന്നില്‍ ഉണ്ടായി. അന്ന് മണ്ഡലത്തിലെ പല ഭാഗത്തും പുഴകള്‍ക്ക് പാലം ഉണ്ടായിരുന്നില്ല. മല്ലം പ്രദേശത്തെ പ്രവര്‍ത്തനത്തിന് യാത്രാതടസം ഉണ്ടായപ്പോള്‍ അബ്ബാസ് ഹാജി വളരെ വേഗതയില്‍ കവുങ്ങ് പാലം നിര്‍മ്മിക്കാന്‍ ഏര്‍പ്പാട് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടി. പിന്നീട് സി.ടി അഹമ്മദലിയുടെ ശ്രമഫലമായി മല്ലം പാലം യാഥാര്‍ത്ഥ്യമായി. ആദര്‍ശവും ആത്മാര്‍ത്ഥതയും മാത്രമായിരുന്നു ബദ്‌രിയ അബ്ബാസ് ഹാജിയുടെ പൊതുജീവിതം.
അത് പാര്‍ട്ടിയുടെ കാര്യങ്ങളിലും സമുദായ കാര്യങ്ങളിലും എന്നും നിലനിര്‍ത്തി. പാണാര്‍ക്കുളം ജമാഅത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലും അതുപോലെ ബദ്‌രിയ അബ്ബാസ് ഹാജി മെമ്മോറിയല്‍ എല്‍.പി സ്‌കൂള്‍ മാനേജര്‍ സ്ഥാനത്തും വലിയ സേവനങ്ങള്‍ കാഴ്ച്ചവെച്ചു. ചെങ്കള പഞ്ചായത്ത് അംഗമായി നീണ്ടക്കാലം സേവനം അനുഷ്ടിച്ചു. 2000ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ സീനിയര്‍ മെമ്പര്‍ എന്ന നിലയില്‍ പ്രസിഡണ്ട് സ്ഥാനം നേടാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ആസ്ഥാനം പി.ബി അബ്ദുല്‍ റസാഖിന് വിട്ടുനല്‍കിക്കൊണ്ട് മാതൃകയാവുകയായിരുന്നു.
1970ല്‍ ചന്ദ്രിക പത്രത്തിന്റെ പ്രചരണത്തിന് ബാഫഖി തങ്ങളും മറ്റു സംസ്ഥാന നേതാക്കളും വന്ന കാലത്ത് സി.എം അബ്ദുല്ല (ചൂരി ഹാജി), ടി.എ ഇബ്രാഹിം, കല്ലട്ര അബ്ബാസ് ഹാജി, എം.എസ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവരുടെ കൂടെ നേതാക്കള്‍ക്ക് നോട്ടു മാലകള്‍ അണിയിച്ചു. അണികളില്‍ ആവേശം കൂട്ടാന്‍ ബദ്‌രിയ അബ്ബാസ് ഹാജി മുന്നില്‍ ഉണ്ടായിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങളാല്‍ തളര്‍ന്ന് കിടന്നപ്പോഴും പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തനവും ചോദിച്ചറിയാന്‍ അബ്ബാസ് ഹാജിക്ക് വലിയ താല്‍പര്യമായിരുന്നു. പൊതുജന സേവന രംഗത്ത് മാതൃകാ പ്രവര്‍ത്തനം നടത്തി വിടപറഞ്ഞ നേതാവിന് കണ്ണീര്‍ കൊണ്ട് സ്മരണാപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

-സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി (കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്)

Related Articles
Next Story
Share it