കാസര്‍കോട്: കാസര്‍കോട് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി മുസ്ലിം ലീഗിലെ അബ്ബാസ് ബീഗത്തിനെയും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ആര്. റീത്തയെയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി ഖാലിദ് പച്ചക്കാടിനെയും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി സിയാന ഹനീഫിനെയും തിരഞ്ഞെടുത്തു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ബി.ജെ.പിയിലെ കെ. രജനി തിരഞ്ഞെടുക്കപ്പെട്ടു. ലീഗിലെയും ബി.ജെ.പിയിലെയും മൂന്ന് അംഗങ്ങള്‍ വീതമാണ് വിദ്യാഭ്യാസ സ്ഥിരം സമിതിയില്‍ ഉള്ളത്. ലീഗിലെ മമ്മു ചാലക്കും ബി.ജെ.പിയിലെ രജനിക്കും തുല്യ വോട്ടുകള്‍ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് രജനി തിരഞ്ഞെടുക്കപ്പെട്ടത്.
1995-2000 കാലയളവിന് ശേഷം ഇതാദ്യമായാണ് ബി.ജെ.പിക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിക്കുന്നത്. എസ്.ജെ. പ്രസാദ് നഗരസഭാ ചെയര്‍മാനായിരുന്ന ആ കാലയളവില്‍ ബി.ജെ.പിയിലെ ശാരദ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായിരുന്നു. ഇന്ന് രാവിലെയാണ് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷത സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.