ആരണ്യകം 2023

എല്ലാം ഉപേക്ഷിച്ച് വാനപ്രസ്ഥത്തിന് പോകുമ്പോള്‍ അനുഷ്ഠിക്കേണ്ട ഉപാസനകള്‍ ആരണ്യകങ്ങളിലുണ്ട്. ആരണ്യകങ്ങളില്‍ ഏകാന്തമായിരുന്നു വേദമന്ത്രങ്ങളെ മനനം ചെയ്ത് സ്വായത്തമാക്കുന്ന തത്വവിചാരമാണ് ആരണ്യകം. കര്‍മ്മത്തില്‍ നിന്നും ജ്ഞാനത്തിലേക്കുള്ള വഴിത്തിരിവ് അതാണ് ആരണ്യകം. ബ്രാഹ്മണ്യങ്ങളോടു ബന്ധപ്പെട്ട വൈദിക സാഹിത്യത്തിന്റെ ഒരു വിഭാഗമാണിത്.എന്നാല്‍ ആരണ്യകം 2023 വാനപ്രസ്ഥമായിരുന്നില്ല. ആരണ്യകത്തില്‍ കൂട്ടമായിരുന്നു ഗതകാലസ്മരണകള്‍ അയവിറക്കുന്ന, മനസ്സിലിപ്പോഴും യുവത്വവും പ്രസരിപ്പും സൂക്ഷിച്ചു വെക്കുന്ന ഒരു കൂട്ടം മധ്യവയസ്‌ക്കരുടെ ആഹ്ലാദ തിമിര്‍പ്പായിരുന്നു അത്.1986 ഓക്ടോബര്‍ ആറിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബയോ കെമിസ്ട്രി ഹാളില്‍ നിന്നും നെയ്‌തെടുത്ത […]

എല്ലാം ഉപേക്ഷിച്ച് വാനപ്രസ്ഥത്തിന് പോകുമ്പോള്‍ അനുഷ്ഠിക്കേണ്ട ഉപാസനകള്‍ ആരണ്യകങ്ങളിലുണ്ട്. ആരണ്യകങ്ങളില്‍ ഏകാന്തമായിരുന്നു വേദമന്ത്രങ്ങളെ മനനം ചെയ്ത് സ്വായത്തമാക്കുന്ന തത്വവിചാരമാണ് ആരണ്യകം. കര്‍മ്മത്തില്‍ നിന്നും ജ്ഞാനത്തിലേക്കുള്ള വഴിത്തിരിവ് അതാണ് ആരണ്യകം. ബ്രാഹ്മണ്യങ്ങളോടു ബന്ധപ്പെട്ട വൈദിക സാഹിത്യത്തിന്റെ ഒരു വിഭാഗമാണിത്.
എന്നാല്‍ ആരണ്യകം 2023 വാനപ്രസ്ഥമായിരുന്നില്ല. ആരണ്യകത്തില്‍ കൂട്ടമായിരുന്നു ഗതകാലസ്മരണകള്‍ അയവിറക്കുന്ന, മനസ്സിലിപ്പോഴും യുവത്വവും പ്രസരിപ്പും സൂക്ഷിച്ചു വെക്കുന്ന ഒരു കൂട്ടം മധ്യവയസ്‌ക്കരുടെ ആഹ്ലാദ തിമിര്‍പ്പായിരുന്നു അത്.
1986 ഓക്ടോബര്‍ ആറിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബയോ കെമിസ്ട്രി ഹാളില്‍ നിന്നും നെയ്‌തെടുത്ത ആത്മബന്ധത്തിന്റെ ഓര്‍മ്മപുതുക്കല്‍. ഞാനും അതിലൊരു കണ്ണിയായിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്ക് മാസങ്ങളായുള്ള തയ്യാറെടുപ്പ് വേണ്ടിവന്നു ഈ ഒത്തുചേരലിന്. പെരിയാറിന്റെ തീരത്തുള്ള വന്യജീവി സങ്കേതമായ കാടിനുള്ളില്‍ രണ്ടു രാത്രികള്‍ കഴിയുക. ആസ്പത്രിയുടെ ഗന്ധത്തില്‍ നിന്നും മാറിനിന്ന് പ്രകൃതിയുടെ ശാന്തതയില്‍ ലയിച്ചു ചേര്‍ന്ന് ആനന്ദിക്കുക. ഓര്‍മ്മകളുടെ പുസ്തകത്താളുകളില്‍ നിന്ന് ഓരോ ഏടുകളും മറിച്ചെടുത്ത് ആഹ്ലാദിക്കുക. ആ ഓര്‍മ്മപ്പുസ്തകമായിരുന്നു ഞങ്ങളുടെ ആരണ്യകം.
ഒരാഴ്ച മുമ്പേ ആരണ്യകത്തിലേക്കുള്ള ഒരുക്കം തുടങ്ങി. പുലര്‍ച്ചെ 4.45ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ജനശതാബ്ദി എക്‌സ്പ്രസ്സില്‍ മറ്റു സുഹൃത്തുകള്‍ക്കൊപ്പം യാത്രചെയ്യുക എന്നതായിരിന്നു തീരുമാനം. കോട്ടയത്ത് ഇറങ്ങി അവിടെ ഏര്‍പ്പാടാക്കിയ ബസ് വഴി തേക്കടിയിലേക്ക്. അറുപതോളമുള്ള ഒരു സംഘം. തേക്കടിയിലെ ടൂറിസം വകുപ്പിന്റെ ആരണ്യനിവാസിലാണ് താമസമൊരുക്കിയിരുന്നത്.
രാത്രി 8.30ന് കണ്ണൂരെത്തി. കൂട്ടുകാര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം അടുത്തുള്ള ഹോട്ടലില്‍ കയറി. സുഭിക്ഷമായ ഭക്ഷണം. കട്ക്ക ഫ്രൈയും മീന്‍ കറിയും ചൂടു വെള്ളയപ്പവും. ആനന്ദലബ്ദിക്കിനിയെന്തു വേണം? മനസ്സില്‍ സുന്ദര സ്വപ്‌നങ്ങളുമായി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ റൂമെടുത്തു. കുളിച്ചു. കിടന്ന ഉടനെ കണ്‍പോളകള്‍ പതിയെ താണു. സുഖ സുഷുപ്തിയിലേക്ക്.
പിന്നീട് കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിലൂടെയുള്ള സ്വപ്‌നയാത്ര. സ്വപ്‌നങ്ങള്‍ക്ക് മഴവില്ലഴക്. നീണ്ടു മെലിഞ്ഞ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി. കൂട്ടിനെല്ലാവരുമുണ്ട്. പഴയകാലകഥകള്‍ പറഞ്ഞ് അര്‍മാദിക്കുകയാണ്. സന്തോഷത്തിന്റെ പരിമളം നിറഞ്ഞു നില്‍ക്കുന്നു. തിരമാലകള്‍ പോലെ ഒന്നിന് പിറകെ ഒന്നായി കഴിഞ്ഞ 37 വര്‍ഷങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. സമയം പോയതേ അറിഞ്ഞില്ല; നേരം പുലര്‍ന്നതും. നാലുമണിക്ക് അലറാം വെച്ചിരുന്നു. അത് എന്നെ വിളിച്ചു വിളിച്ച് മടുത്ത് വിളിക്കുന്നത് നിര്‍ത്തിയിരുന്നു.
റിസപ്ഷനില്‍ വിളിക്കാന്‍ ഏല്‍പിച്ചവരും നാലുമണിക്ക് വിളിക്കാമെന്നേറ്റ കൂട്ടുകാരും വിളിച്ചില്ല. തൊട്ടടുത്ത പള്ളിയിലെ ബാങ്ക് വിളി കേട്ടാണ് ഉണര്‍ന്നത്. കണ്ണ് തിരുമ്മി നോക്കി. സമയം രാവിലെ 5.10. സുഹൃത്ത് വത്സലയെ വിളിച്ചു. ട്രെയിന്‍ പുറപ്പെട്ടു പത്തു മിനിറ്റായെന്ന്. അപ്പോള്‍ മാത്രമാണ് ഞാന്‍ യാത്രയിലായിരുന്നില്ലെന്ന വെളിപാടുണ്ടാവുന്നത്. പാല്‍ പാത്രം തലയില്‍ വെച്ച് സ്വപ്‌നം കണ്ട് നൃത്തം വെച്ച പാല്‍കാരിയെ പോലെയായി ഞാന്‍. നിരാശനായില്ല. വിദേശ യാത്രാ വിമാനം മിസ്സായ തൊന്നുമല്ലല്ലോ. കോട്ടയത്തേക്കുള്ള ട്രെയിന്‍ മിസ്സായതല്ലെ. ദിവസം തുടങ്ങുന്നതല്ലേയുള്ളൂ എന്നിങ്ങനെ ഞാന്‍ ആത്മഗതം ചെയ്തു.
പ്രഭാതകര്‍മ്മങ്ങളും പ്രാര്‍ത്ഥനയും കഴിഞ്ഞു താഴെ വന്നപ്പോള്‍ റിസപ്ഷനിസ്റ്റ് കിടന്നുറങ്ങുന്നു. വിളിച്ചെഴുന്നേല്‍പ്പിച്ചു. എന്നെ വിളിക്കാത്തതിന് പരിഭവം പറഞ്ഞു. അയാള്‍ തന്നെ എന്നെ ബൈക്കില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു.
ഒരു ചായ അകത്താക്കി. സമയം രാവിലെ അഞ്ച് നാല്‍പത്. സ്റ്റേഷനില്‍ അനൗണ്‍സ്‌മെന്റ് ഇങ്ങനെയായിരുന്നു; കോയമ്പത്തൂര്‍ പോകുന്ന പാസഞ്ചര്‍ ട്രെയിന്‍ ഉടന്‍ പുറപ്പെടും. സ്റ്റേഷന്റെ വടക്കെ അറ്റത്ത് നിര്‍ത്തിയിരിക്കുന്നുണ്ട്.
മനസ്സിലെ ആധി ആവിയായിത്തുടങ്ങി. മനം കുളിര്‍ത്തു. എന്തായാലും കണ്ണൂര്‍ വിട്ട് കോഴിക്കോടെത്തി മീന്‍ കറിയും വെള്ളയപ്പവും കഴിക്കണം. അതു കഴിഞ്ഞു ബാക്കി കാര്യം. കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്തു. അപ്പോഴേക്കും അനിത, മുനീഫ്, വിനയ്, പൗലോസ്, മന്‍സൂര്‍ എന്നിവരുടെ വിളിവന്നു. രാജീവ് റാമിന്റെ മെസേജും-പിറ്റേദിവസം സന്ധ്യക്ക് അവതരിപ്പിക്കാന്‍ തയ്യാറാക്കിയിരുന്ന നാടകത്തിലെ എന്റെ റോളെന്താക്കുമെന്ന്?
ഫോണ്‍ വിളികള്‍ ഒഴിവാക്കാനായി ആരണ്യകം വാട്‌സ് ആപ് ഗ്രൂപ്പില്‍ മെസേജിട്ടു. വഴിമാറി സഞ്ചരിക്കുകയാണെന്നും സന്ധ്യക്കവിടെ എത്തുമെന്നും. ഞാന്‍ രണ്ടു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. ശരീരം ലോക്കല്‍ ട്രെയിനിലും മനസ്സ് കണ്ണൂര്‍ ജനശതാബ്ദിയിലും.
7.35ന് കോഴിക്കോട്ടെത്തി. കോട്ടയത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചു. എന്റെ ദുരാവസ്ഥ അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ തിരിച്ചു വിളിക്കാമെന്ന്. അതിനിടയില്‍ എ.സി റിഫ്രഷ്‌മെന്റ് റൂമില്‍ കയറികുറച്ചു സമയം ഒന്നും ചെയ്യാതെയിരുന്നു.
അപ്പോഴേക്കും കോട്ടയത്തുള്ള സുഹൃത്ത് വിളിച്ചു. ആലുവയിലിറങ്ങി ബസിനോ കാറിനോ പോകാമെന്നും കാറിലാണെങ്കില്‍ കോട്ടയത്തിറങ്ങിയവര്‍ക്കൊപ്പം എത്താമെന്നും പറഞ്ഞു. സമാധാനമായി. വീണ്ടും എന്റെ മനം കുളിര്‍ത്തു. നേരെ ഹോട്ടലിലേക്ക്. ചൂടുവെള്ളപ്പവും മീന്‍ കറിയും കൂടിയായപ്പോള്‍ തീരുമാനമായി. അടുത്ത ട്രെയിനില്‍ ആലുവായിലേക്ക്.
ഹോട്ടലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസ്സിന്റെ അനൗണ്‍സ്‌മെന്റ്. ഓടിച്ചെന്ന് ആലുവയിലേക്ക് ടിക്കറ്റെടുത്തു. എ.സി കംപാര്‍ട്ട്‌മെന്റില്‍ കയറി. ടിക്കറ്റ് പരിശോധകനോട് കാര്യം പറഞ്ഞു. അയാള്‍ എന്നെ സഹായിച്ചു. സീറ്റ് ഒന്നും ഒഴിവില്ല. കറന്റ് ബുക്കിംഗ് ഉള്ളത് കൊണ്ട് ടിക്കറ്റ് മുറിക്കാനും പറ്റില്ല. ഒഴിവാകുന്നിടത്ത് മാറി മാറി ഇരുന്നോളാന്‍.
ഉച്ചയ്ക്ക് 1.05നാണ് ട്രെയിന്‍ ആലുവയില്‍ എത്തുന്ന സമയം. വെള്ളിയാഴ്ച നമസ്‌കാരവും ഭക്ഷണവും കഴിഞ്ഞു യാത്ര തുടരാമെന്നു കരുതി. അതിനിടയില്‍ ഞാന്‍ ആരണ്യനിവാസിലേക്ക് വിളിച്ചു വിവരം പറഞ്ഞപ്പോള്‍ എന്നെ ആശ്വസിപ്പിക്കുകയും അവര്‍ തന്നെ ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് കാറയക്കാമെന്നും പറഞ്ഞു.
മനസ്സു ശാന്തമായി. വീണ്ടും ഒത്തുകൂടലിന്റെ മാസ്മരിക ലോകത്തിലേക്ക്, അതിരുകളില്ലാത്ത സൗഹൃദത്തിന്റെ ആരണ്യകത്തിലേക്ക് മനസ്സു വീണ്ടും വഴുതി. ഞാന്‍ സ്വപ്‌ന ലോകത്തിലായി. 37 വര്‍ഷം മുമ്പുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസിലെ സത്താറും സത്തുവും.
കാലം പിറകോട്ട് പോകുന്നതനുസരിച്ച് സ്റ്റേഷനുകള്‍ കഴിഞ്ഞു പോയതും ട്രെയിന്‍ നിര്‍ത്തിയിരുന്നതൊന്നും അറിഞ്ഞതേയില്ല. ട്രെയിന്‍ വൈകി ഓടുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് 1.40ന് ആലുവയിലിറങ്ങി. ടാക്‌സി ഡ്രൈവര്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. സ്റ്റേഷനില്‍ നിന്ന് തന്നെ ഭക്ഷണം കഴിച്ചു. അടുത്തുള്ള പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു യാത്രതുടങ്ങി. ഞങ്ങളുടെ ആരണ്യകത്തിലേക്ക്.
തുടര്‍ന്നുള്ള യാത്ര കാറിലായിരുന്നു. ആലുവ-പെരുമ്പാവൂര്‍ വഴിമുട്ടം-ഈരാട്ടുപേട്ട-പാറത്തോട് മുണ്ടക്കയം-കുമിളി റൂട്ടിലൂടെയുള്ള യാത്ര. ഏകദേശം നാലു മണിക്കൂറിലധികമെങ്കിലും വേണം കുമളിയില്‍ എത്താന്‍. കുമളിയില്‍ നിന്നും ചെറിയ ദൂരമെയുള്ളു തേക്കടിയിലേക്ക്.
യാത്ര രസകരമായിരുന്നു. വഴിയില്‍ ടൗണ്‍ഷിപ്പും ഗ്രാമവും മാറിമാറി വരുന്നു. മേഘാവൃതമായ, തൊപ്പി വെച്ചതു പോലുള്ള ചെറിയ കുന്നുകള്‍ കാണാന്‍ സുന്ദരമാണ്. മേഘങ്ങള്‍ തെന്നിനീങ്ങുമ്പോള്‍ കുന്നുകളെ പുകമറപോലെ കോട പൊതിഞ്ഞിരിക്കുന്നതും കാണുമ്പോള്‍ മനസ്സില്‍ കവിത വിരിയും. ഒറ്റക്ക് നില്‍ക്കുന്ന കുന്നിനോ സൗന്ദര്യം ഒറ്റക്ക് നില്‍ക്കുന്ന പെണ്ണിനോ സൗന്ദര്യം? എന്ന ചോദ്യം എവിടെയോ വായിച്ചത് മന്ത്രിച്ചു. രണ്ടും സുന്ദരമാണ്. ആ ചോദ്യത്തിനുള്ള ഉത്തരവുമാണ് ഈ സഫാരി. പഴയ സിനിമാ പ്രൊജക്ടര്‍ കറങ്ങുമ്പോള്‍ ചിത്രങ്ങള്‍ സ്‌ക്രീനില്‍ മിന്നിമറയുന്നതു പോലെ കുന്നുകളും മലകളും പാടങ്ങളും തോടുകളും മിന്നി മറയുന്നു. യാത്ര തുടരുകയാണ്.


-ഡോ. അബ്ദുല്‍ സത്താര്‍ എ.എ

Related Articles
Next Story
Share it