'അകവിത' എഴുതാപ്പുറം വായന

എന്ത് പറ്റി പ്രിയ സുഹൃത്ത് രാധാകൃഷ്ണന്‍ പെരുമ്പളക്ക്? അദ്ദേഹം 'അകവി' യാണത്രെ! താന്‍ എഴുതി സമാഹരിച്ചത് 'അകവി' തകളാണെന്ന്! അപ്പോള്‍, എന്താണ് കവിത? കാവ്യലക്ഷണം പണ്ട് ആചാര്യന്‍ പറഞ്ഞു തന്നിട്ടുണ്ട്. 'വാക്യം രസാത്സകം കാവ്യം' രസാത്സകമായിട്ടുള്ള വാക്യം കാവ്യം. രസം ആത്മാവായിട്ടുള്ള വാക്യം. (വാക്യം, കാവ്യം-ഈ രണ്ടക്ഷര പദങ്ങളില്‍ തന്നെയുണ്ട് രസാത്മകത. പരസ്പരം സ്ഥാനം മാറ്റിയിട്ടത്) എന്താണ് കാവ്യത്തിന്റെ ആത്മാവ്? ഏകാഭിപ്രായമില്ല കാവ്യമീമാംസകര്‍ക്ക് ഇക്കാര്യത്തില്‍. ' രീതിരാത്മാകാവ്യസ്യ' എന്ന് ഒരാള്‍. രീതിയാണ് കാവ്യത്തിന്റെ ആത്മാവ് എന്ന്. എന്താണ് […]

എന്ത് പറ്റി പ്രിയ സുഹൃത്ത് രാധാകൃഷ്ണന്‍ പെരുമ്പളക്ക്? അദ്ദേഹം 'അകവി' യാണത്രെ! താന്‍ എഴുതി സമാഹരിച്ചത് 'അകവി' തകളാണെന്ന്! അപ്പോള്‍, എന്താണ് കവിത? കാവ്യലക്ഷണം പണ്ട് ആചാര്യന്‍ പറഞ്ഞു തന്നിട്ടുണ്ട്. 'വാക്യം രസാത്സകം കാവ്യം' രസാത്സകമായിട്ടുള്ള വാക്യം കാവ്യം. രസം ആത്മാവായിട്ടുള്ള വാക്യം. (വാക്യം, കാവ്യം-ഈ രണ്ടക്ഷര പദങ്ങളില്‍ തന്നെയുണ്ട് രസാത്മകത. പരസ്പരം സ്ഥാനം മാറ്റിയിട്ടത്) എന്താണ് കാവ്യത്തിന്റെ ആത്മാവ്? ഏകാഭിപ്രായമില്ല കാവ്യമീമാംസകര്‍ക്ക് ഇക്കാര്യത്തില്‍. ' രീതിരാത്മാകാവ്യസ്യ' എന്ന് ഒരാള്‍. രീതിയാണ് കാവ്യത്തിന്റെ ആത്മാവ് എന്ന്. എന്താണ് രീതി കൊണ്ട് അര്‍ത്ഥമാക്കുന്നത്? അതും അന്വേഷിക്കേണ്ടി വരും! ഏകാഭിപ്രായമില്ല അക്കാര്യത്തിലും.
അത് എന്തോ ആകട്ടെ; രസാത്മകമായ വാക്യമാണ് കാവ്യം എന്ന ലക്ഷണ നിര്‍ണയത്തില്‍ ഉറച്ചുനില്‍ക്കാം. ഈ സമാഹാരത്തിലുള്ളതൊന്നും തന്നെ കവിതയല്ല എന്നാണ് രാധാകൃഷ്ണന്‍ പറയുന്നതെങ്കില്‍, അതിനോട് വിയോജിക്കേണ്ടി വരും. കാരണം, രസാത്സകം മാത്രമല്ല, ആലോചാനമൃതവും ആണ് ഓരോ പദസഞ്ചയവും. ആലോചനാമൃതം എന്നത് സാഹിത്യ ലക്ഷണമാണ
'സംഗീതമപി സാഹിത്യം/
സരസ്വത്യസ്തനദ്വയം
ഏകമാപാദമധുരം/
അന്യമാലോചാമൃതം'
സംഗീതവും സാഹിത്യവും സരസ്വതി ദേവിയുടെ സ്തനങ്ങള്‍. ഒന്ന് അത്യന്തം മധുരതരമാണെങ്കില്‍ മറ്റേത്, ആലോചനാമൃതം-അതായത് ആലോചിക്കുംതോറും അമൃത് ഊറി വരുന്നത്. ('സരസ്വതിയമ്മയുടെ ഉത്തരീയം പൊക്കി നോക്കുന്ന കാവ്യനിരൂപകന്മാര്‍' എന്ന് പ്രൊഫ. എം.വി പോള്‍)
നോക്കു: 'കൊല്ലന്‍' എന്ന ചതുഷ്പദി- കത്തിയുണ്ടാക്കും/ മഴു ഊട്ടിക്കൊടുക്കും/കമ്പിപ്പാര കൂര്‍പ്പിച്ചു കൊടുക്കും/പക്ഷെ. കൊല്ലന്‍ അല്ല കൊല്ലുന്നവന്‍. കത്തിയും മഴുവും കമ്പിപ്പാരയുമെല്ലാം ഉണ്ടാക്കുകയും രാകിയും കാച്ചിത്തട്ടിയും മൂര്‍ച്ഛ വെപ്പിക്കുകയും ചെയ്യുന്ന വ്യക്തിയെ നാം 'കൊല്ലന്‍' എന്ന് വിളിക്കും; തെക്കോട്ടുള്ളവര്‍ 'കരുവാന്‍' എന്നും. കൊല്ലാന്‍ വേണ്ടി ഉണ്ടാക്കിയതല്ല ഇതൊന്നും തന്നെ. എത്രയോ പ്രയോജനങ്ങളുണ്ട് ഇവക്ക്. നമ്മുടെ ജീവിതം നുണകരമാക്കാനുതകുന്ന ഉപകരണങ്ങളാണ് ഇവിടെ പറഞ്ഞ മൂന്നും. അതെടുത്ത് ചില ദുഷ്ടബുദ്ധികള്‍ വേണ്ടാതീനം പ്രവര്‍ത്തിക്കുന്നു. അതിന്, കത്തിയും കമ്പിപ്പാരയും മഴുവും ഉണ്ടാക്കിയ കൊല്ലന്‍ എങ്ങനെ ഉത്തരവാദിയാകും? ആയുധമുണ്ടാക്കിയവന്‍ കേസില്‍ കൂട്ടുപ്രതിയാകുമോ? (അഭിഭാഷകനായ രാധാകൃഷ്ണന്‍ പറയണം ഉത്തരം. വക്കീലിന്റെ നാവിന്‍ തുഞ്ചത്താണല്ലോ ന്യായവും അന്യായവും കുടികൊള്ളുന്നത്. അത് പരിഗണിച്ച് ന്യായാധിപന്‍ വിധി പറയും.)
'ജിഹ്വാഗ്രേ വസതേ ലക്ഷ്മി/ജിഹ്വാഗ്രേ മിത്ര ബാന്ധവ/
ജിഹ്വാഗ്രേ വസതേ വൈരി/ ജിഹ്വാഗ്രേ വസതേയമ:/
നാവിന്‍ തുമ്പത്താണ് ഐശ്വര്യ ദേവത കുടികൊള്ളുന്നത്. ബന്ധുമിത്രാദികളും നാവിന്‍ തുമ്പത്ത് തന്നെ. ശത്രുവും കാലനും അവിടത്തന്നെ. നാവ് നന്നായാല്‍ നന്മ; ചീത്തയായാല്‍ ദുര്യോഗം. ഒരു ചതുഷ്പദി (നാല് പാദങ്ങള്‍ ചേര്‍ന്ന പദ്യം) യെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. രസാത്മകതയുണ്ട്; ആലോചനാമൃതവും. ഇത് കവിത തന്നെ എന്ന് വിധിക്കാന്‍ മറ്റെന്ത് തെളിവ് വേണം? ഇനി മറ്റൊന്ന്: 'കല്ലായിപ്പുഴ/ കല്ലായി/ കരിയായി/കാളകൂടമായി/' പുഴ കല്ലും കരിയുമായത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായിട്ട്. എന്നാല്‍ അതിന് ആക്കം കൂട്ടിയത് നാം തന്നെ; കാള കൂടമാക്കിയതും നമ്മുടെ ദുഷ്‌ചെയ്തികള്‍. 'കല്ലായിപ്പുഴയൊരു മണവാട്ടി' എന്ന് പണ്ട് എഴുതിയ കവി ഇപ്പോഴില്ല; ഇന്നും ഇത് പാടുന്നവര്‍ അങ്ങോട്ടൊന്നു പോയി നോക്കണം എന്താണ് അവസ്ഥ-ദുരവസ്ഥ-യെന്ന്.
'പാതാളത്തിലേക്ക്/ചവിട്ടിത്താഴ്ത്തപ്പെട്ടവരില്‍/
മാവേലിക്കുമാത്രമാണ്/ഓണാഘോഷത്തിന്
ടിക്കറ്റ്/' ഈ കവിത സമകാലിക രാഷ്ട്രീയത്തിന്റെ വിചാരണയാണ്. ഇന്ന് ചവിട്ടിത്താഴ്ത്തും; നാളെ ആഘോഷപൂര്‍വ്വം വരവേല്‍ക്കും.
'ഭാവന ശൂന്യമാകുമ്പോള്‍/സമഗ്രസംഭാവന/' മറ്റൊരു കവിത. 'നാ ഋഷികവിവി-കവി ഋഷിയാണ്; കടന്നു കാണുന്നവന്‍; ക്രാന്തദര്‍ശി.
കുഞ്ഞുണ്ണിമാഷ് ഇപ്പോഴുണ്ടായിരുന്നെങ്കില്‍, രാധാകൃഷ്ണനെ കെട്ടിപ്പുണര്‍ന്നേനെ. തന്റെ കാല്‍പാടുകളെ പിന്തുടരുന്നവര്‍ ഈ അത്യുത്തര കേരളത്തില്‍ ഇപ്പോഴുണ്ടല്ലോ എന്ന് സന്തോഷിക്കുമായിരുന്നു.
'കടുക് തുളച്ച് അതില്‍ ഏഴാഴിയുള്‍ക്കൊള്ളിച്ച കുറള്‍'-തിരുവള്ളുവരുടെ തിരുക്കുറളിന്റെ വിശേഷണം. പഞ്ചമവേദം എന്നാണ് തമിഴകത്ത് തിരുക്കുറള്‍ വാഴ്ത്തപ്പെടുന്നത്. തിരുക്കുറളിന്റെ ശൈലി എല്ലാ ഭാഷകളിലും ഉണ്ട്. കബീറിന്റെ 'ദോഹ'(ഈരടി)കള്‍ ഉദാഹരണം: ഒരു ദോഹയുടെ ആശയം: 'ചതുര്‍ബാഹുവായ ദൈവത്തെ നിങ്ങള്‍ വണങ്ങുന്നു;' കബീര്‍ എന്ന ഞാന്‍ അനന്തബാഹുവായ ദൈവത്തെ വണങ്ങുന്നു. നാല് കൈകള്‍ കൊണ്ട് നല്‍കുന്നതിന്റെ എത്രയോ മടങ്ങ് കിട്ടുമല്ലോ ആയിരം കൈകള്‍ കൊണ്ട് ആകുമ്പോള്‍. ഇതുപോലെ ചിന്തോദ്ദീപകങ്ങളായ ഈരടികള്‍ കബീറിന്റേത്.
'അകവിത' എന്ന ഗ്രന്ഥനാമത്തില്‍ത്തന്നെ കവിതയുണ്ട്. വായിക്കുക; രസിക്കുക; ചിന്തിക്കുക. കാവ്യപ്രയോജനങ്ങളായി ആചാര്യന്‍ പറഞ്ഞത് മൂന്ന് കാര്യങ്ങളാണ്: 'കാവ്യം യശസേ, അര്‍ത്ഥകൃതേ, ശിവതരക്ഷതേ'-കീര്‍ത്തിക്കു വേണ്ടി, ധനലാഭത്തിനു വേണ്ടി, വിശ്വമംഗളത്തിനു വേണ്ടി. മൂന്നാമത്തേത്-'വിശ്വമംഗളം' -ആണ് പരമപ്രധാനം. രാധാകൃഷ്ണനെ തൂലികയെടുപ്പിക്കുന്നതും ഈ ചിന്തയാണ്.
ഈ എഴുതാപ്പുറം വായന തല്‍ക്കാലം നിര്‍ത്തട്ടെ.
('അകവിത' രാധാകൃഷ്ണന്‍ പെരുമ്പള)


-നാരായണന്‍ പേരിയ

Related Articles
Next Story
Share it