കാസര്‍കോട്: ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന് ജന്മം നല്കിയ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുഡ്ലു രാംദാസ് നഗര്‍ ഹൊസമണ്ണ റോഡിലെ സോമനാഥ് ആചാര്യയുടേയും രേവതിയുടേയും മകളും മഞ്ചേശ്വരം ജോഡ്കല്ലിലെ ബി. ജയകുമാറിന്റെ ഭാര്യയുമായ സുരേഖ (29) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. 10 ദിവസം മുമ്പാണ് സുരേഖ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തുടര്‍ന്ന് ഹൊസമണ്ണ റോഡിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.
ശനിയാഴ്ച രാത്രി കുട്ടിയുമൊത്ത് ഉറങ്ങാന്‍ കിടന്ന സുരേഖയെ ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് വീട്ടുപറമ്പിലെ കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു.
കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി പിന്നീട് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. രേഖ സഹോദരിയാണ്.