ഉഡുപ്പി: കടം വാങ്ങിയ തുക തിരിച്ചുചോദിച്ച യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിച്ചു. ആദ്യം ആത്മഹത്യക്ക് കേസെടുത്തിരുന്ന പൊലീസ് പിന്നീട് അന്വേഷണത്തില്‍ സത്യം കണ്ടെത്തുകയായിരുന്നു. കുക്കെഹള്ളി പാണ്ടുകാട് സ്വദേശി കൃതിക് സാലിയന്റെ (22) മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതോടെ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് കൃതികിന്റെ ബന്ധുവായ ദിനേശ് സഫാലിഗയെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 14നാണ് കൃതികിനെ മരിച്ച നിലയില്‍ കണ്ടത്. ഇത് ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ആദ്യ പൊലീസ് അന്വേഷണമെങ്കിലും കൊലപാതകമാണെന്ന് പിന്നീട് തെളിയുകയായിരുന്നു.
കൃതികിനെ കൊലപ്പെടുത്തിയത് ബന്ധുവായ ദിനേശ് ആണെന്നും ഇയാള്‍ കൃതികിനോട് ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുക തിരികെ നല്‍കാതെ കൃതികിനെ പീഡിപ്പിക്കുകയായിരുന്നു. കൃതിക് തുക തിരിച്ചുചോദിച്ചതോടെ ദിനേശ് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. കൃതിക് ആത്മഹത്യ ചെയ്യുന്നുവെന്ന് തമാശക്ക് പറയുന്ന വീഡിയോ താന്‍ എടുക്കുമെന്നും കാണുന്നവര്‍ക്ക് ഇത് യഥാര്‍ഥമാണെന്ന് തോന്നിപ്പിക്കണമെന്നും ദിനേശ് കൃതികിനോട് പറഞ്ഞു. അതനുസരിച്ച് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചുകൊണ്ട് കൃതിക് വീഡിയോ ചിത്രീകരിക്കുകയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുംചെയ്തു. ഇതിനിടെ കൃതികിനെ ദിനേശ് കൊലപ്പെടുത്തുകയായിരുന്നു.