ഒരുങ്ങുന്നത് വിപുലമായ പദ്ധതികള്‍; ബേക്കല്‍ ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

കാസര്‍കോട്: ബേക്കല്‍ ബീച്ച് അന്താരാഷ്ട്രാ നിലവാരത്തിലുള്ള ബീച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ വിപുലമായ പദ്ധതികള്‍ ഒരുങ്ങുന്നു. അറബിക്കടലിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ബേക്കല്‍ കോട്ട സിനിമാക്കാരുടെ പ്രിയ ലൊക്കേഷനുകളിലൊന്നാണ്. ഇന്ത്യയില്‍ തന്നെ അപൂര്‍വമായ കോട്ടകളിലൊന്നാണിത്. ഈ കോട്ടയുടെ ടൂറിസ്റ്റ് സാധ്യതകള്‍ ഇനിയും വേണ്ടത്ര പ്രയോജനപ്പെടുത്താനായിട്ടില്ല. ബേക്കല്‍ ബീച്ചിനോട് അനുബന്ധിച്ച് അഞ്ചിലധികം പഞ്ചനക്ഷത്ര ഹോട്ടല്‍ സമുച്ചയങ്ങളുണ്ടെങ്കിലും വിദേശ വിനോദ സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് വേണ്ടത്ര ആകര്‍ഷിക്കാനായിട്ടില്ല. ബേക്കല്‍ കോട്ടയുടെ സൗന്ദര്യം തദ്ദേശീയവും, വിദേശീയവുമായ സഞ്ചാരികളിലെത്തിക്കാന്‍ വിപുലമായ പദ്ധതി ആവിഷ്‌ക്കരിച്ചതായി ഡി.ടി.പി.സി സെക്രട്ടറി ലിജോ […]

കാസര്‍കോട്: ബേക്കല്‍ ബീച്ച് അന്താരാഷ്ട്രാ നിലവാരത്തിലുള്ള ബീച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ വിപുലമായ പദ്ധതികള്‍ ഒരുങ്ങുന്നു. അറബിക്കടലിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ബേക്കല്‍ കോട്ട സിനിമാക്കാരുടെ പ്രിയ ലൊക്കേഷനുകളിലൊന്നാണ്. ഇന്ത്യയില്‍ തന്നെ അപൂര്‍വമായ കോട്ടകളിലൊന്നാണിത്. ഈ കോട്ടയുടെ ടൂറിസ്റ്റ് സാധ്യതകള്‍ ഇനിയും വേണ്ടത്ര പ്രയോജനപ്പെടുത്താനായിട്ടില്ല. ബേക്കല്‍ ബീച്ചിനോട് അനുബന്ധിച്ച് അഞ്ചിലധികം പഞ്ചനക്ഷത്ര ഹോട്ടല്‍ സമുച്ചയങ്ങളുണ്ടെങ്കിലും വിദേശ വിനോദ സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് വേണ്ടത്ര ആകര്‍ഷിക്കാനായിട്ടില്ല. ബേക്കല്‍ കോട്ടയുടെ സൗന്ദര്യം തദ്ദേശീയവും, വിദേശീയവുമായ സഞ്ചാരികളിലെത്തിക്കാന്‍ വിപുലമായ പദ്ധതി ആവിഷ്‌ക്കരിച്ചതായി ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു. അന്താരാഷ്ട്ര വിനോദസഞ്ചാര ദിനമായ ഇന്ന് മുതല്‍ വിപുലമായ പരിപാടികളാണ് ബീച്ചില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. ബി.ആര്‍.ഡി.സി.യുടെ മേല്‍നോട്ടത്തിലാണ് തുടക്കംമുതലേ ബീച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സൗന്ദര്യവത്ക്കരണം ഉള്‍പ്പെടെ നടത്തിയത്.
ബേക്കല്‍ കോട്ട കാണാനെത്തുന്നവരെ ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍കൂടി എത്തിക്കാനുള്ള പദ്ധതികളാണ് തയാറാക്കിയിട്ടുള്ളത്. പൊസഡിഗുംബെ, റാണിപുരം, കോട്ടഞ്ചേരി തുടങ്ങിയ പരിസ്ഥി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബേക്കല്‍ കോട്ടയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ബേക്കല്‍ കോട്ട ഉള്‍പ്പെടെ കാണാനെത്തുന്നവര്‍ ജില്ലയില്‍ മൂന്ന് ദിവസമെങ്കിലും തങ്ങി ജില്ലയിലെ തനത് കലകളും, കരകൗശല ഉല്‍പന്നങ്ങളും പരിചയപ്പെടുന്നതിനും സംവിധാനം ഒരുക്കും.
വലിയപറമ്പ്, നീലേശ്വരം കോട്ടപ്പുറം തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ജല ടൂറിസം സാധ്യതയും വിപുലമാക്കും. നിലവില്‍ ഇരുപതിലധികം ഹൗസ് ബോട്ടുകളാണ് ടൂറിസ്റ്റുകള്‍ക്കായി സജ്ജമായിട്ടുള്ളത്.
ബേക്കല്‍ ടൂറിസം ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ കര്‍മപദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഡിസംബറില്‍ ഇതിനായി ബീച്ച് ഫെസ്റ്റ് തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ വരുന്ന മഞ്ഞംപൊതിക്കുന്ന് വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് അഞ്ച് കോടിയുടെ പദ്ധതി ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കാസര്‍കോട് മാത്രം നൂറിലധികം ഉത്തരവാദിത്വ ടൂറിസം പ്രൊജക്ടുകളാണ് ഡി.ടി.പി.സിക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ പലതിന്റെയും പ്രവര്‍ത്തനങ്ങളും തുടങ്ങി.
ടൂറിസം ദിനമായ ഇന്ന് വിവിധ പരിപാടികള്‍ ഇവിടെ നടക്കുന്നുണ്ട്.

Related Articles
Next Story
Share it