കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത കെ.ആര്‍.ഗൗരിയമ്മ വിടവാങ്ങി

തിരുവനന്തപുരം:  മലയാളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ജ്വലിച്ചുനിന്ന വിപ്ലവ നക്ഷത്രം കെ.ആര്‍. ഗൗരിയമ്മ വിടവാങ്ങി. 102 വയസ്സായിരുന്നു. കേരളത്തിന്റെ വിപ്ലവപഥങ്ങള്‍ക്ക് അതിരില്ലാത്ത സമരവീര്യങ്ങളാല്‍ കരുത്തുപകര്‍ന്ന ഒരു യുഗമാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ അസ്തമിച്ചത്. കടുത്ത അണുബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രാവിലെ 10.45ന് പഴയ വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം പിന്നീട് ആലപ്പുഴയിലേക്കു കൊണ്ടുപോകും. 6 മണിക്ക് അന്ത്യകര്‍മ്മങ്ങള്‍ ആരംഭിക്കും. കേരളം ഇന്നേവരെ കണ്ട പ്രമുഖരായ രാഷ്ട്രീയ നേതാക്കളില്‍ മുന്‍നിരയില്‍ നിലയുറപ്പിച്ച നേതാവായിരുന്നു […]

തിരുവനന്തപുരം: മലയാളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ജ്വലിച്ചുനിന്ന വിപ്ലവ നക്ഷത്രം കെ.ആര്‍. ഗൗരിയമ്മ വിടവാങ്ങി. 102 വയസ്സായിരുന്നു. കേരളത്തിന്റെ വിപ്ലവപഥങ്ങള്‍ക്ക് അതിരില്ലാത്ത സമരവീര്യങ്ങളാല്‍ കരുത്തുപകര്‍ന്ന ഒരു യുഗമാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ അസ്തമിച്ചത്. കടുത്ത അണുബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രാവിലെ 10.45ന് പഴയ വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം പിന്നീട് ആലപ്പുഴയിലേക്കു കൊണ്ടുപോകും. 6 മണിക്ക് അന്ത്യകര്‍മ്മങ്ങള്‍ ആരംഭിക്കും.
കേരളം ഇന്നേവരെ കണ്ട പ്രമുഖരായ രാഷ്ട്രീയ നേതാക്കളില്‍ മുന്‍നിരയില്‍ നിലയുറപ്പിച്ച നേതാവായിരുന്നു ഗൗരിയമ്മ. കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തില്‍ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പടിയിറക്കത്തിന്റെയുമൊക്കെ സമാനതകളില്ലാത്ത ഏടുകള്‍ എഴുതിച്ചേര്‍ത്താണ് ഗൗരിയമ്മയുടെ മടക്കം. കേരള രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു ഗൗരിയമ്മയുടേത്. ഇന്ത്യയില്‍ തന്നെ കൂടുതല്‍ കാലം സംസ്ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോര്‍ഡ് ഗൗരിയമ്മക്കാണ്. 1957ലെ ആദ്യ സംസ്ഥാന മന്ത്രിസഭയിലടക്കം അംഗമായിരുന്ന ഗൗരിയമ്മ കേരള നിയമസഭയില്‍ രണ്ടുതവണ ചേര്‍ത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂര്‍ നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചു. 1919 ജൂലൈ 14ന് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജില്‍ കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായാണ് ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി. തൊഴിലാളി-കര്‍ഷക പ്രക്ഷോഭങ്ങളില്‍ അണിനിരന്ന് നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചു. 1948ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 1952ല്‍ തിരു -കൊച്ചി സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കന്നിവിജയം സ്വന്തമാക്കി. 54ലും ജയം ആവര്‍ത്തിച്ചു. കേരള നിയമസഭയിലേക്ക് ആദ്യമായി നടന്ന 1957ലെ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ് നേതൃത്വം നല്‍കിയ പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്‌സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. അതേ വര്‍ഷം തന്നെയായിരുന്നു കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസുമായുള്ള വിവാഹം.1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ് സി.പി.ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേര്‍പിരിഞ്ഞു. 1967ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലും 1980ലെ ഒന്നാം നായനാര്‍ മന്ത്രിസഭയിലും 1987ലെ രണ്ടാം മന്ത്രിസഭയിലും അംഗമായിരുന്നു. 1994 ജനുവരിയില്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്ന പാര്‍ട്ടിയുണ്ടാക്കി അതിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി. 1996ലും 2001ലും യു.ഡി.എഫ് മുന്നണിക്കൊപ്പമായിരുന്നു. ആന്റണി മന്ത്രിസഭയിലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗമായി. 2006ലും 2011ലും അരൂരില്‍ പരാജയപ്പെട്ടു. അവസാന കാലത്ത് ഇടതുമുന്നണിയുമായി അടുത്തെങ്കിലും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി ഉണ്ടായിരുന്നു. സ്വന്തം ജീവിതം പറഞ്ഞ 'ആത്മകഥ'ക്ക് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it