കാഞ്ഞങ്ങാട്: ദുര്‍ഘടം പിടിച്ച കശ്മീര്‍ ഗ്രേറ്റ് ലേക്ക് കടന്ന് കാസര്‍കോട് സ്വദേശിയും. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മലയാളി കൂട്ടായ്മയിലാണ് ജില്ലയുടെ പ്രതിനിധിയും ഉള്‍പ്പെട്ടത്. സമുദ്ര നിരപ്പില്‍ നിന്നും 4200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗഡ്സര്പാസ് മറികടന്ന സംഘത്തിലെ ബിബി ജോസാണ് ജില്ലക്ക് അഭിമാനമായത്. കാഞ്ഞങ്ങാട് സ്വദേശിയായ ബിബി ഉദുമ പഞ്ചായത്ത് എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ ക്ലാര്‍ക്കാണ്. കേരള മൗണ്ടേനിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് ദൗത്യം പൂര്‍ത്തിയാക്കി ശ്രീനഗറില്‍ തിരിച്ചെത്തിയത്. ശ്രീനഗറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സോനാമാര്‍ഗില്‍ നിന്നും തുടങ്ങി ആറ് ദിവസം കൊണ്ട് 90 കിലോമീറ്ററോളം ദൂരം പൂര്‍ണമായും ട്രക്ക് ചെയ്ത് പൂര്‍ത്തിയാക്കുന്നതാണ് കശ്മീര്‍ ഗ്രേറ്റ് ലേക്ക് ട്രക്ക് (കെ.ജി.എല്‍). മൂന്ന് പര്‍വതങ്ങളും ഏഴ് തടാകങ്ങളും കടന്നുവേണം ട്രക്കിംഗ് പൂര്‍ത്തീകരിക്കാന്‍. 20ന് സോനാമാര്ഗിലെ ബേസ് ക്യാമ്പില്‍ നിന്നാണ് പുറപ്പെട്ടത്. വല്ലപ്പോഴും കാണുന്ന ആട്ടിടയന്മാരുടെ താല്‍ക്കാലിക സങ്കേതങ്ങളും മഞ്ഞുമലകളിലെ സൈനികരുടെ പോസ്റ്റുകളും മാത്രമുള്ള തികച്ചും ഒറ്റപ്പെട്ട വഴികളിലൂടെയുള്ളതായിരുന്നു യാത്ര. പരിചയ സമ്പന്നരായ ട്രക്കിംഗ് ഗൈഡുകളുടെ മേല്‍നോട്ടത്തിലായിരുന്നു യാത്ര. മൊബൈല്‍ ചാര്‍ജിങ്ങ് സൗകര്യങ്ങളോ മൊബൈല്‍ റെയ്ഞ്ചോ ഇല്ലാത്ത കാടും മേടും കുന്നുകളും തടാകങ്ങളും താണ്ടിയുള്ള യാത്ര അനുഭവം തന്നെയായിരുന്നുവെന്ന് ബിബി പറഞ്ഞു. നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പ് ശ്രീനഗറില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള നാര്നാഗിലെത്തി സംഘം ട്രക്കിംഗ് വിജയകരമായി പൂര്‍ത്തിയാക്കി. 35 പേരടങ്ങുന്ന സംഘത്തിലെ അംഗമാണ് ബിബി. കാര്‍ഗില്‍, ലേ, ലഡാക്ക്, ഗുല്‍മാര്‍ഗ് എന്നിവിടങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷം 31ന് സംഘം മടങ്ങും.