കാസര്‍കോട്: മദ്യലഹരിയില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് കാസര്‍കോട് നഗരത്തിലെ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. യുവാവിനെ കാസര്‍കോട് പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഏറെ ശ്രമഫലമായി താഴെയിറക്കി. ഇന്നലെ രാത്രി ഏഴ് മണിയോടെ കാസര്‍കോട് ഐ.സി ഭണ്ഡാരി റോഡിലെ ബീവറേജ് കോര്പറേഷന് സമീപമുള്ള ടവറിന് മുകളില്‍ കയറിയാണ് തിരുവനന്തപുരം അരിമന സ്വദേശി സജിന്‍ പാലസ്(34) ആത്മഹത്യാഭീഷണി മുഴക്കിയത്. വിവരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്സും ഏറെ പണിപ്പെട്ട് താഴെയിറക്കുകയായിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും കസ്റ്റഡിയിലെടുത്ത് ഇന്ന് രാവിലെയോടെ വിട്ടയച്ചതായും പൊലീസ് പറഞ്ഞു.