കാഞ്ഞങ്ങാട്: ഒറ്റ നമ്പര്‍ ചൂതാട്ട സംഘത്തില്‍ പെട്ടവര്‍ പണം ആവശ്യപ്പെട്ട് വീട്ടിലെത്തിയതിന് പിന്നാലെ മധ്യവയസ്‌കനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍നഗര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപത്തെ കുഞ്ഞിക്കണ്ണന്റെ മകന്‍ എസ്.കെ ശശിധര (51) നെയാണ് നിത്യാനന്ദ പോളിടെക്‌നിക് കോളേജിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റ നമ്പര്‍ ചൂതാട്ട സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. ശശിധരന് ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട് പണം നഷ്ടപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മൂന്നുപേര്‍ ശശിധരന്റെ വീട്ടിലെത്തിയിരുന്നു. പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് വീട്ടുകാരുമായി തര്‍ക്കിച്ചു. ഇവര്‍ വീട്ടിലെത്തുന്നതിന് മുമ്പ് ശശിധരന്‍ വീട്ടിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. ആസ്പത്രി ചെലവിനായി സൂക്ഷിച്ച പണത്തില്‍ നിന്നും 50,000 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കാത്തതിനെ തുടര്‍ന്ന് വഴക്കിട്ട് ഇറങ്ങി പോവുകയായിരുന്നു. പണം ആവശ്യപ്പെട്ട് വീട്ടിലെത്തിയവര്‍ക്ക് നല്‍കാനാണ് ശശിധരന്‍ പണം ചോദിച്ചതെന്നാണ് സംശയിക്കുന്നത്. ശശിധരന്‍ റെയില്‍വേ ട്രാക്കിന് സമീപത്ത് വെച്ച് ഈ സംഘവുമായി തര്‍ക്കത്തിലേര്‍പ്പെട്ടതായും വിവരമുണ്ട്. അതിനിടെ പണം ആവശ്യപ്പെട്ട് വീട്ടിലെത്തിയവരെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെ കാണാതായ ശശിധരനെ തേടി നാട്ടുകാര്‍ പറശിനിക്കടവ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോവുകയായിരുന്നു. ഭാര്യ: ശാലിനി. മകന്‍: ജീവന്‍. സഹോദരങ്ങള്‍: ഹരീഷ്, ചന്ദ്രന്‍.