കാസര്‍കോട്: ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കിടേശ്വരലു പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന നൈപുണ്യ വികസനം, ഗവേഷണം, കണ്ടുപിടുത്തങ്ങള്‍ എന്നിവക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കണം. കേന്ദ്ര സര്‍വകലാശാല കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തനം ജോലി എന്നതിലുപരി ആത്മസംതൃപ്തി നല്കുന്ന പ്രവര്‍ത്തനമാണെന്ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് എം.എ.രാജീവ് കുമാര്‍ പറഞ്ഞു. ആത്മാര്‍ത്ഥതയുള്ള മാധ്യമ പ്രവര്‍ത്തകരെ സമൂഹത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു. കെ.സുജിത്ത്, ഡോ. ടി.കെ. അനീഷ് കുമാര്‍, ഡോ. ഇഫ്തിക്കര്‍ അഹമ്മദ് സംസാരിച്ചു.