കാസര്‍കോട്: കാസര്‍കോടിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പോരാട്ടത്തില്‍ ജനപ്രതിനിധികളും മതനേതാക്കളും രാഷ്ട്രീയ-സംഘടനാ നേതാക്കളും ഒറ്റക്കെട്ടായി കൈകോര്‍ത്തു. കലക്ടറേറ്റ് പരിസരത്ത് എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ട ഉപവാസം എയിംസ് കിട്ടിയേ തീരുവെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു.
ആതുര സേവന രംഗത്ത് വളരെ പിന്നോക്കം നില്ക്കുന്ന കാസര്‍കോടിനെ നിരന്തരമായി അവഗണിക്കുന്നതിനെതിരെയുള്ള ശക്തമായ പ്രതിഷേധം കൂടിയായി സമരം. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും വിവിധ മതനേതാക്കളും ഉള്‍പ്പെടെയുള്ള 17 പേര് ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമഗ്രമായ ചികിത്സക്കും ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളും ഹൃദ്രോഗികളുമുള്ള കാസര്‍കോട് ജില്ലയില്‍ അതിന്റെ കാരണം കണ്ടെത്തുന്നതിനും എയിംസ് അനുവദിച്ചേതീരുവെന്ന് എം.പി പറഞ്ഞു. എയിംസ് ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കൂട്ടായ്മ ചെയര്മാന് കെ.ജെ സജി അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എടനീര്‍ മഠാധിപതി സച്ചിതാനന്ദ ഭാരതി, സമസ്ത കേന്ദ്ര മുശാവറാംഗം യു.എം അബ്ദുല്റഹ്മാന് മൗലവി, ചിന്മയ മിഷന് മേധാവി വിവിക്താനന്ദ സരസ്വതി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷരീഫ്, കാഞ്ഞങ്ങാട് അപ്പോസ്തല രാജ്ഞി ദേവാലയം വികാരി ഫാ. തോംസണ്‍ കൊറ്റിയാത്ത്, ഫാ. മാത്യു കുഴിമലയില്‍, സുഹൈല്‍ അസ്ഹരി പള്ളങ്കോട്, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, അസീസ് കടപ്പുറം, കെ.എ മാധവന്, ആര്. ഗംഗാധരന്, ഫാ. ജോര്‍ജ് വള്ളിമല, ഗണേശന് അരമങ്ങാനം, ജമീല അഹമദ്, സി.എച്ച് ബാലകൃഷ്ണന്, സുബൈര്‍ പടുപ്പ്, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, സരിജ ബാബു, ഫറൂഖ് കാസ്മി, വേണുഗോപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫരീനാ കോട്ടപ്പുറം സ്വാഗതം പറഞ്ഞു. വൈകിട്ട് വരെ നടത്തിയ ഉപവാസത്തില്‍ എയിംസ് നാടോടി ഗാനം, കഥാപ്രസംഗം തുടങ്ങിയവയും സമരവേദിയില്‍ അവതരിപ്പിച്ചു.