രാജപുരം: ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായ രാജപുരം സ്വദേശിയെ ബൈക്കില്‍ പിന്തുടര്ന്നെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി. രാജപുരം പൈനിക്കരയിലെ ചേരുവേലില്‍ തോംസണിന്റെ മകന് സനു(28)വാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ സ്വകാര്യകമ്പനിയിലെ ജോലി കഴിഞ്ഞ ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്ന സനുവിനെ ബൈക്കില്‍ പിന്തുടര്ന്നെത്തിയ സംഘം തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു ബൈക്കിലെത്തിയ മൂന്നംഗസംഘം സനുവിനെ കുത്തിവീഴ്ത്തുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് നോക്കിയാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞത്. ഇടതുഭാഗത്ത് നെഞ്ചിന് താഴെ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായത്. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് രാജപുരത്ത് നിന്നും ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പോയി.