കുറ്റിക്കോല്‍: കുഴല്‍ കിണര്‍ നിര്‍മ്മാണ വണ്ടിയും മീന്‍ വില്പനക്ക് ഉപയോഗിക്കുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്. കുഴല്‍ കിണര്‍ നിര്‍മാണ വണ്ടിയില്‍ ഉണ്ടായിരുന്ന മണി, കേശവന്, അണ്ണാമല, കറുപ്പയ്യ എന്നിവരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8 മണിയോടെ കുറ്റിക്കോല്‍-ചുള്ളിക്കര റൂട്ടില്‍ കളക്കയിലായിരുന്നു അപകടം. കൊട്ടോടിയില്‍ നിന്ന് കുറ്റിക്കോല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും ചുള്ളിക്കരയിലേക്ക് വരികയായിരുന്ന കുഴല്‍ കിണര്‍ നിര്‍മ്മാണ വണ്ടിയുമാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞു. വാനിലടിയില്പ്പെട്ട ജിജോയെ പുറത്തെടുക്കാന്‍ അര മണിക്കൂര്‍ സമയമെടുത്തു. പനച്ചിക്കുന്നേല്‍ ജോസഫിന്റെയും മേരിയുടെയും മകനാണ് ജിജോ. സഹോദരങ്ങള്‍: ജോബി, ജസ്റ്റിന്. കുറ്റിക്കോലില്‍ നിന്നെത്തിയ അഗ്നിശമന സേന വിഭാഗവും നാട്ടുകാരും ചേര്‍ന്നാണ്് രക്ഷാപ്രവര്‍ത്തനം നടത്തിയത്.