വീട്ടിലെ പൂജാമുറിയില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച വന്‍ മദ്യശേഖരം പിടിച്ചു; പ്രതി രക്ഷപ്പെട്ടു

ബദിയടുക്ക: വീട്ടിലെ പൂജാമുറിയില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച വന്‍ മദ്യശേഖരം എക്സൈസ് പിടികൂടി. കുമ്പഡാജെ പഞ്ചായത്തിലെ ഗാഡിഗുഡ്ഡയില്‍ ബാബു മണിയാണിയുടെ മകന്‍ ശ്രീധര(50)ന്റെ വീട്ടിലെ പൂജാമുറിയില്‍ നിന്നാണ് മദ്യശേഖരം കണ്ടെടുത്തത്. പൂജാമുറിയിലെ രഹസ്യ അറയില്‍ നിന്ന് 32 ബോക്സുകളിലായി സൂക്ഷിച്ച 276.48 ലിറ്റര്‍ മദ്യം ബദിയടുക്ക എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇന്നലെ ഉച്ചക്ക് 2.30ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ആദ്യം നടത്തിയ പരിശോധനയില്‍ മദ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സമയം […]

ബദിയടുക്ക: വീട്ടിലെ പൂജാമുറിയില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച വന്‍ മദ്യശേഖരം എക്സൈസ് പിടികൂടി. കുമ്പഡാജെ പഞ്ചായത്തിലെ ഗാഡിഗുഡ്ഡയില്‍ ബാബു മണിയാണിയുടെ മകന്‍ ശ്രീധര(50)ന്റെ വീട്ടിലെ പൂജാമുറിയില്‍ നിന്നാണ് മദ്യശേഖരം കണ്ടെടുത്തത്. പൂജാമുറിയിലെ രഹസ്യ അറയില്‍ നിന്ന് 32 ബോക്സുകളിലായി സൂക്ഷിച്ച 276.48 ലിറ്റര്‍ മദ്യം ബദിയടുക്ക എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇന്നലെ ഉച്ചക്ക് 2.30ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ആദ്യം നടത്തിയ പരിശോധനയില്‍ മദ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സമയം ശ്രീധരന്‍ വീട്ടിലുണ്ടായിരുന്നു. എക്സൈസ് സംശയം തോന്നി പൂജാമുറിയില്‍ പരിശോധന നടത്തിയപ്പോള്‍ പൂജാ സാധനങ്ങള്‍ വെക്കുന്ന അലമാരയുടെ അടിഭാഗത്ത് സ്‌ക്രൂ തള്ളിനില്‍ക്കുന്നത് കണ്ടു. അലമാര മാറ്റിയപ്പോള്‍ മരപ്പലക തെളിഞ്ഞു. ഈ പലക എക്സൈസ് സംഘം ഇളക്കിമാറ്റിയതോടെ മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു. കൂടുതല്‍ പരിശോധന നടത്തിയതോടെയാണ് രഹസ്യ അറ കണ്ടെത്തിയത്. ഇതോടെ ശ്രീധരന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി. എക്സൈസ് സംഘം പിന്തുടര്‍ന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. രഹസ്യ അറയില്‍ മദ്യശേഖരം കണ്ടെത്തുകയായിരുന്നു. ശ്രീധരന്‍ 16 വര്‍ഷക്കാലമായി മദ്യവില്‍പ്പനയില്‍ ഏര്‍പ്പെടുകയാണെന്ന് എക്സൈസ് പറഞ്ഞു. ഈ വര്‍ഷം തന്നെ മദ്യവുമായി ശ്രീധരന്‍ പിടിയിലായിരുന്നു. മറ്റൊരു പ്രിവന്റീവ് ഓഫീസര്‍ പി. രാജീവന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജനാര്‍ദ്ദനന്‍, എന്‍. മോഹന്‍കുമാര്‍, അമല്‍ജിത്ത്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശാലിനി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it