പുണ്യഭൂമിയിലൂടെ ഒരു യാത്ര

പുണ്യഭൂമികളിലൂടെയുള്ള ഓരോ യാത്രയും ആത്മനിര്‍വൃതിയുടേയും ആനന്ദത്തിന്റേതുമാണ്. കുട്ടിക്കാലം മുതല്‍ക്കെ കാണാന്‍ കൊതിച്ച പുണ്യഭൂമിയായിരുന്നു മക്കയും മദീനയും. പ്രവാചകന്റെ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന മക്കാ-മദീന പുണ്യഭൂമികളിലൂടെയുള്ള യാത്ര ഒരിക്കലും കൊതിതീരാത്തതാണ്. പിന്നീട് മോഹമുദിച്ചത് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട കുറേ സ്ഥലങ്ങള്‍ കാണാനാണ്. അത്തരമൊരു യാത്രക്ക് ഏതാനും ദിവസം മുമ്പ് അവസരം ലഭിച്ചു. സഫലീകൃതമായ ഒരു യാത്ര.ഗ്രീന്‍ ഒയാസിസ് ഗ്രൂപ്പിനൊപ്പം ഞങ്ങള്‍ 48 പേരാണ് ഈജിപ്തും ഇസ്രായേലും ഫലസ്തീനും അടക്കമുള്ള സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചത്. പുണ്യഭൂമികളിലേക്ക് നിരവധി യാത്രകള്‍ നയിച്ചിട്ടുള്ള ടീം […]

പുണ്യഭൂമികളിലൂടെയുള്ള ഓരോ യാത്രയും ആത്മനിര്‍വൃതിയുടേയും ആനന്ദത്തിന്റേതുമാണ്. കുട്ടിക്കാലം മുതല്‍ക്കെ കാണാന്‍ കൊതിച്ച പുണ്യഭൂമിയായിരുന്നു മക്കയും മദീനയും. പ്രവാചകന്റെ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന മക്കാ-മദീന പുണ്യഭൂമികളിലൂടെയുള്ള യാത്ര ഒരിക്കലും കൊതിതീരാത്തതാണ്. പിന്നീട് മോഹമുദിച്ചത് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട കുറേ സ്ഥലങ്ങള്‍ കാണാനാണ്. അത്തരമൊരു യാത്രക്ക് ഏതാനും ദിവസം മുമ്പ് അവസരം ലഭിച്ചു. സഫലീകൃതമായ ഒരു യാത്ര.
ഗ്രീന്‍ ഒയാസിസ് ഗ്രൂപ്പിനൊപ്പം ഞങ്ങള്‍ 48 പേരാണ് ഈജിപ്തും ഇസ്രായേലും ഫലസ്തീനും അടക്കമുള്ള സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചത്. പുണ്യഭൂമികളിലേക്ക് നിരവധി യാത്രകള്‍ നയിച്ചിട്ടുള്ള ടീം ലീഡര്‍ സക്കീര്‍ ഹുസൈനേയും മാനേജര്‍ ഇര്‍ഫാന്റെയും സേവനം ഞങ്ങള്‍ക്ക് ഏറെ അനുഗ്രഹമായി. എത്ര ലാഘവത്തോടും ലളിതവുമായാണ് അവര്‍ ലോകത്തിന്റെ ആകര്‍ഷക ബിന്ദുക്കളെ ഞങ്ങള്‍ക്ക് പരിചപ്പെടുത്തി തന്നത്.
ഖുര്‍ആനില്‍ വായിക്കുകയും നന്നേ ചെറുപ്പത്തില്‍ തന്നെ കേള്‍ക്കുകയും ചെയ്ത ചരിത്രസ്മാരകങ്ങള്‍ കണ്‍മുമ്പില്‍ കണ്ടപ്പോള്‍ വല്ലാത്തൊരു അത്ഭുതവും അതിശയവുമായിരുന്നു ഞങ്ങള്‍ക്ക്.
യാത്ര തുടങ്ങുമ്പോള്‍ ബൈത്തുല്‍ മുഖദ്ദസും മസ്ജിദുല്‍ അഖ്‌സയും ഈജിപ്തിലെ പിരിമിഡും ചാവുകടലും ഒക്കെ ആയിരുന്നു പ്രതീക്ഷച്ചത്. ജോര്‍ദ്ദാനില്‍ ഇറങ്ങി പെട്ര എന്ന ലോകാല്‍ഭുത പ്രതിഭാസം കണ്ടപ്പോള്‍ തന്നെ മനസ്സ് മന്ത്രിച്ചു; ഈ യാത്ര നല്‍കാന്‍ പോവുന്നത് പ്രതിക്ഷയ്ക്ക് അപ്പുറത്തെ ആനന്ദമാണെന്ന്. പിന്നീടുള്ള നിമിഷങ്ങളില്‍ ഞാന്‍ എന്റെ കണ്ണും കാതും മുഴുവനായി തുറന്ന് വെച്ച ഒരു ചരിത്ര വിദ്യാര്‍ത്ഥിയായി മാറി.
പെട്ര എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം കല്ല് എന്നാണ്. നബാത്തിയന്‍സ് എന്ന യമനില്‍ നിന്ന് വന്ന നാടോടികളായിരുന്നു ബി.സി. ആറാം നൂറ്റാണ്ടില്‍ പെട്ര നഗരം പണി കഴിപ്പിച്ചത്. ലോക പൈതൃക ചരിത്രത്തില്‍ യുനെസ്‌കോ ഉള്‍പ്പെടുത്തിയ പെട്ര, 7 ലോകാല്‍ഭുതങ്ങളില്‍ ഒന്നാണ്. ജോര്‍ദാനില്‍ മൂസാ നബി വടി കൊണ്ട് അടിച്ചുണ്ടാക്കിയ വാദി മൂസ അരുവിക്ക് അടുത്താണ് പെട്ര സ്ഥിതി ചെയ്യുന്നത്. ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍ നിന്ന് 215 കിലോമീറ്റര്‍ ദൂരെയാണ് പെട്ര സ്ഥിതി ചെയ്യുന്നത്. ബി.സി. ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചുവെങ്കിലും എ.ഡി 1812 മുതലാണ് പെട്ര ഒരു വിനോദ സഞ്ചാരകേന്ദ്രമായി മാറിയത്. ഇപ്പോള്‍ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പെട്ര കാണാന്‍ ജോര്‍ദ്ദാനില്‍ എത്തുന്നത്.
പരിശുദ്ധ ഖുര്‍ആനില്‍ അല്‍ഖഅഫ് സൂറത്തില്‍ വിവരിക്കുന്ന 7 ഗുഹവാസികള്‍ കിടന്നുറങ്ങിയ ഗുഹ കാണാനുള്ള അവസരവും ഉണ്ടായി. ഈസാ നബിക്ക് ശേഷം എ.ഡി 2-ല്‍ നടന്ന സംഭവമാണ്. രാജാവായ ഡിഖ്യാനൂസിന്റെ ഭരണകാലം. ഡൈന ദേവിയെ പൂജിച്ചിരുന്ന സമുദായമാണ് അന്നുണ്ടായിരുന്നത്. ആ നാട്ടിലുള്ള ഇസ്ലാം മതവിശ്വാസികളില്‍ ചിലര്‍ അവരുടെ വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി അഭയം തേടിയത് ഈ ഗുഹയിലാണ്. 300 വര്‍ഷം അവര്‍ അവിടെ കിടന്നുറങ്ങി. പിന്നീട് വിശ്വാസിയായ ബൈദ്രൂസ് രാജാവിന്റെ കാലത്താണ് അവര്‍ ഉണര്‍ന്നത്. സത്യവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഏത് പ്രതിസന്ധിയിലും ദീന്‍ മുറുകെ പിടിക്കാനുള്ള ത്വരയാണ് ഈ ഗുഹാ ചരിത്രം നമ്മോട് വിളിച്ചുപറയുന്നത്.
ജോര്‍ദാനില്‍ തന്നെയുള്ള 10,000 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ലോകത്തിലെ പുരാതന നഗരമായ ജെറിക്കോ (അറബിയില്‍ സുഗന്ധം പരത്തുന്ന എന്ന് അര്‍ത്ഥം വരുന്ന അരീഹ) നഗരവും ഞങ്ങള്‍ കണ്ടു.
ജോര്‍ദാനിലെ മറ്റൊരു പ്രധാന കാഴ്ച ചാവുകടലാണ് (ഡെഡ് സീ). പരിശുദ്ധ ഖുര്‍ആനില്‍ ലൂത്ത് നബി (അ) പ്രബോധനം നടത്തിയതായി പറയപ്പെടുന്ന സ്ഥലമാണിത്. ലൂത്ത് നബി (അ) യുടെ സമുദായത്തിലെ ദുഷിച്ച സ്വഭാവമായ സ്വവര്‍ഗരതിക്കാരെ ശിക്ഷിക്കാന്‍ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയ സ്ഥലം. ഭൂമിയെ കീഴ്‌മേല്‍ മറിച്ച് ആ ദേശത്തെ ജനങ്ങളെ അല്ലാഹു ശിക്ഷിച്ചു. അങ്ങനെ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് ഉണ്ടായതാണ് ചാവു കടല്‍. ഭൂമിയിലെ ഏറ്റവും താഴ്ന്ന നിരപ്പില്‍ നില്‍ക്കുന്ന സ്ഥലമാണിത്. ഇതില്‍ മത്സ്യങ്ങളോ മറ്റു ജീവജാലങ്ങളോ വളരുകയില്ല. സാധാരണയില്‍ 7 ഇരിട്ടിയാണ് ഇവിടത്തെ ജലത്തില്‍ ഉപ്പിന്റെ അംശം. ചാവു കടലില്‍ കുളിക്കാന്‍ ഇറങ്ങിയാല്‍ നാം വെള്ളത്തില്‍ താഴ്ന്നു പോവുകയില്ല. സാധാരണ വെള്ളത്തിന്റെ സാന്ദ്രത കുറവായത് കൊണ്ടാണത്. ഈ ജലത്തിലെ സാന്ദ്രത നമ്മുടെ സാന്ദ്രതയെക്കാള്‍ കൂടുതല്‍ ആയതിനാലാണ് വെള്ളത്തില്‍ പൊങ്ങി കിടക്കുന്നത്.
പിന്നീട് ഞങ്ങള്‍ മൂസാനബി (അ) മുതല്‍ ഒരു പാട് പ്രവചകന്മാര്‍, അവരുടെ സഹചാരികള്‍, പ്രമുഖ സ്വഹാബാക്കള്‍, മണ്‍മറഞ്ഞ മഹാന്‍മാര്‍, ചരിത്രത്തില്‍ വായിച്ചിട്ടുള്ളതും ഖുര്‍ആനിലൂടെ മനസ്സിലാക്കിയിട്ടുള്ളതുമായ ചരിത്രങ്ങള്‍ നേരില്‍ കാണാനുള്ള യാത്ര തുടര്‍ന്നു. ഇതിലും വലിയ ഭാഗ്യം എന്താണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം.
ഫലസ്തീന്‍ കാഴ്ച ഹൃദയവേദന സൃഷ്ടിക്കുന്നതാണ്. അല്ലാഹു വാഗ്ദത്ത ഭൂമിയായി പ്രഖ്യാപിച്ച (ഇപ്പോള്‍ ജൂതന്‍മാര്‍ കയ്യടിക്കി വെച്ചിട്ടുള്ള) ഫലസ്തീന്‍. പ്രവാചകന്‍ മുഹമ്മദ് നബി (സ) ആദം നബി മുതല്‍ മുഴുവന്‍ പ്രവാചകന്‍മാര്‍ക്കും ഇമാമായി നമസ്‌കരിച്ച ലോകത്തിലെ രണ്ടാമത്തെ പള്ളിയായ മസ്ജിദുല്‍ അഖ്‌സ. അനേകം ഏക്കര്‍ സ്ഥലങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബൈത്തുല്‍ മുഖദ്ദസ്. എന്നാല്‍ ഏറെ വേദന തോന്നിയ ഒരു കാര്യം ജൂതന്മാരുടെ അധിനിവേശത്തിന്റെ ഭാഗമായി സ്വന്തം നാട്ടുകാരായ മുസ്ലിം ഫലസ്തീനികള്‍ക്ക് അവിടെ പ്രവേശനമില്ല എന്നതാണ്. അക്ഷരാര്‍ത്ഥത്തില്‍ ആ രാജ്യം ഒരു ജയിലറയാണ്. ചുറ്റുപാടും മുഖത്ത് ഭീകരത തോന്നിക്കുന്ന ഇസ്രായേല്‍ പട്ടാളക്കാര്‍ എ.കെ 47 തോക്കുമായി റോന്തു ചുറ്റുന്നു. വല്ലാതെ പേടിപ്പെടുത്തുന്നതാണ് ആ രംഗങ്ങള്‍. ഒരുപാട് അനുഭവങ്ങളാണ് ചുരുങ്ങിയ നേരംകൊണ്ട് തന്നെ അവിടെ നിന്നും നേടാന്‍ സാധിച്ചത്.
ബൈത്തുല്‍ മുഖദ്ദസിന്റെ പ്രത്യേകത
മുസ്ലിങ്ങളുടെ മൂന്നാമത്തെ പുണ്യമാക്കപ്പെട്ട പ്രാര്‍ത്ഥനാലയമാണ് മസ്ജിദുല്‍ അഖ്‌സ. 46 ഏക്കര്‍ ഭൂമിയിലാണ് മസ്ജിദുല്‍ അഖ്‌സ സ്ഥിതിചെയ്യുന്നത. ജൂത, ക്രൈസ്തവ മത വിഭാഗങ്ങളും അതിന് പ്രധാന്യം കല്‍പ്പിക്കുന്നുണ്ട്. ബൈത്തുല്‍ മുഖദ്ദീസിന്റെ പ്രധാന ആകര്‍ഷണം ഖുബ്ബത്തുസ്സഖറ എന്ന വലിയ സ്വര്‍ണ്ണ ഖുബ്ബയാണ്. സഖറ എന്നാല്‍ പാറയെന്നാണ് അര്‍ത്ഥം. മുഹമ്മദ് നബി (സ) ബുറാഖില്‍ കയറി മിഹ്‌റാജിന് പോയത് ഇവിടെ നിന്നാണ്. ജോര്‍ദാനിലെ ഹുസൈന്‍ രാജാവ് അദ്ദേഹത്തിന്റെ ലണ്ടനിലുള്ള വീട് വിറ്റ് കിട്ടിയ പണം കൊണ്ട് 80 കിലോ സ്വര്‍ണ്ണം പൂശിയാണ് ഖുബ്ബ ഇന്ന് കാണുന്ന സ്വര്‍ണ്ണനിറത്തില്‍ നിര്‍മ്മിച്ചത്. മസ്ജിദുല്‍ അഖ്‌സയുടെ അകത്ത് ചരിത്ര പ്രധാനമായ മിഹ്‌റാബ മറിയമും ഉമര്‍ ഇബ്‌നു ഖത്താബ് മസ്ജിദുമൊക്കെ ഉണ്ട്. സലാഹുദീന്‍ അയ്യൂബിയാണ് മസ്ജിദുല്‍ അഖ്‌സയെ പ്രധാനമായും ഇന്ന് കാണുന്ന നിലയിലേക്ക് നവീകരിച്ചത്.
പലസ്തീനില്‍ നിന്ന് ഈജിപ്തിലേക്ക് കയറിയപ്പോള്‍ ഒരു യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതീതിയാണ് ഞങ്ങളിലുണ്ടാക്കിയത്.
ഈജിപ്തിലും ഇതുപോലെ പ്രവാചകന്‍മാരുടേയും സഹാബാക്കളുടെയും മറ്റു പ്രമുഖ ഇമാമുമാരുടേയും ചരിത്രങ്ങളും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഈജിപ്തിലെ ഏറ്റവും പ്രധാനമായ കാഴ്ച ലോകാല്‍ഭുതങ്ങളില്‍ ഒന്നായ പിരമിഡ് തന്നെയാണ്. അനേകം പിരമിഡുകള്‍ ഉണ്ടെങ്കിലും പ്രധാനമായും ഒന്നിച്ചുള്ള മൂന്ന് എണ്ണമാണ് ലോകത്തിന്റെ ആകര്‍ഷകം. ഇതില്‍ ഏറ്റവും വലിയ പിരമിഡായ ഗിസ്സയുടെ അകത്ത് ഞങ്ങള്‍ പ്രവേശിച്ചു. തികച്ചും വിസ്മയിപ്പിക്കുന്ന കാഴ്ച. രണ്ടര ടണ്‍ തൂക്കമുള്ള 23 ലക്ഷം കല്ലുകള്‍ ഉപയോഗിച്ച് ഒരു ലക്ഷം തൊഴിലാളികള്‍ 4600 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതാണ് ഈ പിരമിഡ്. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന ഖുഫു എന്ന രാജാവാണ് ഇതിന്റെ ശില്‍പി.
ഈജിപ്റ്റില്‍ ഞങ്ങളെ ആകര്‍ഷിച്ച മറ്റൊരു കാഴ്ച നാഷണള്‍ മ്യൂസിയം ഓഫ് ഈജിപ്ത് സിവിലൈസേഷന്‍ ആണ്. ഇവിടെയാണ് മൂസ നബിയുടെ കാലഘട്ടത്തിലുള്ള ഫിര്‍ഔനിന്റെ മൃതദേഹം (മമ്മി) സൂക്ഷിച്ചു വെച്ചിരിക്കുന്നത്. റാമേസ് രണ്ടാമന്‍ എന്നാണ് ഈ ഫറോവ അറിയപ്പെട്ടിരുന്നത്. കൂടാതെ സലാഹുദ്ദീന്‍ അയ്യൂബിയുടെ കോട്ടയായ സലാഹുദ്ദീന്‍ അയ്യൂബി കോട്ടയോട് ചേര്‍ന്ന് കിടക്കുന്ന മുഹമ്മദലി പാഷ മസ്ജിദും വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെയാണ്.
ശാഫി ഇമാമിന്റെ മഖ്ബറയും പള്ളിയും സന്ദര്‍ശിച്ചാണ് ഞങ്ങള്‍ കെയ്‌റോ നഗരത്തോട് വിടപറഞ്ഞത്. ഇമാം ശാഫി 53-ാംവയസ്സില്‍ മരണപ്പെട്ടു. ഗസ്സയിലെ ജുന്ത് എന്ന സ്ഥലത്ത് ഹിജ്‌റ 150-ല്‍ ജനിച്ച ഇമാം ശാഫി ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനപാഠമാക്കി. ഇമാം മാലിക്കിന്റെ മുവത്വ പഠിച്ചു.
കെയ്‌റോയില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ പഠിച്ച അസ്ഹര്‍ യൂണിവേര്‍സിറ്റി, അസ്ഹര്‍ പള്ളി എന്നിവയും സന്ദര്‍ശിക്കാനുള്ള അവസരം ഞങ്ങള്‍ക്കുണ്ടായി. അസ്ഹര്‍ യൂണിവേഴ്‌സിറ്റി സുല്‍ത്താനത്തുല്‍ ഫാത്വിമിയുടെ കാലത്ത് അല്‍ മുഇസ് സ്ഥാപിച്ചതാണ്.
കര്‍ബലയില്‍ രക്തസാക്ഷിയായ ഹുസൈന്‍ (റ) യുടെ തല മറവ് ചെയ്ത ഇമാം ഹുസൈന്‍ പള്ളി അടക്കമുള്ള സ്ഥലങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചത് ഓര്‍മ്മകള്‍ അലതല്ലുന്ന മനസ്സുമായാണ്. കുട്ടിക്കാലത്ത് തന്നെ കേട്ട ചരിത്ര സ്മാരകങ്ങള്‍ നേരിട്ട് കണ്ടപ്പോള്‍ ഞങ്ങളുണ്ടാക്കിയ വികാരങ്ങള്‍ പലതാണ്.
ഞങ്ങളുടെ യാത്ര അവസാനദിവസത്തിലെത്തി. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ച അലക്‌സാണ്ട്രിയയിലെ ലൈബ്രറി ലോക പ്രസിദ്ധമാണ്. ഞങ്ങള്‍ ലൈബ്രറിക്കകത്ത് കയറി. അത്ഭുതങ്ങളുടെ പുതിയൊരുലോകത്തേക്കാണ് ലൈബ്രറി ഞങ്ങളെ സ്വാഗതം ചെയ്തത്. ഞങ്ങളെ അവിടെ അല്‍ഭുതപ്പെടുത്തിയ മറ്റൊരു കാഴ്ച്ച ഭൂമിയുടെ അടിയില്‍ കിടക്കുന്ന കാറ്റാകോമ്പ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന 1500 -ഓളം വരുന്ന പുരാതന ശവകല്ലറകളാണ്. സത്യം പറഞ്ഞാല്‍ പിരമിഡിനെക്കാളും ഞങ്ങളില്‍ പലരെയും വിസ്മയിപ്പിച്ചത് ഈ കാഴ്ചയാണ്.
നൈല്‍ നദിയിലെ ഹൗസ് ബോട്ടില്‍ നിന്നുള്ള ഭക്ഷണവും സുയസ് കനാലിലെ തുരങ്കത്തിലൂടെയുള്ള ബസ് യാത്രയും മെഡിറ്റേറേനിയന്‍ കടല്‍ തീരത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും ചാവുകടലിലെ കുളിയും മരുഭൂമിയിലെ പിരമിഡുകളും ഈ യാത്രയില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായി കാലങ്ങളോളം ഞങ്ങളുടെ മനസ്സില്‍ ഇടംപിടിക്കും.


-കെ.എം ഹനീഫ്‌

Related Articles
Next Story
Share it