പെരുമ്പളയിലൂടെ ഒരു യാത്ര...

പെരുമ്പള എന്ന ഗ്രാമത്തിലേക്ക് ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടുപോവുകയാണ്. പേരില്‍ തന്നെ ഐശ്വര്യം നിറഞ്ഞുനില്‍ക്കുന്ന പെരുമ്പള, അതായത് പെരുംവിളയുടെ നാട്, അതാണ് പെരുമ്പള. കാസര്‍കോട് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിലെ ഒരു പ്രകൃതിരമണീയമായ ഗ്രാമമാണ് പെരുമ്പള. സുന്ദരിയായ ചന്ദ്രഗിരിപ്പുഴ കുണുങ്ങിക്കുണുങ്ങി ഒഴുകുന്ന ഗ്രാമം. ചന്ദനമണമൊഴുകുന്ന പച്ചപ്പുതപ്പണിഞ്ഞു നില്‍ക്കുന്ന പെരുമ്പള ഗ്രാമത്തിലൂടെ നമുക്ക് കുറച്ചു നേരം നടക്കാം. ഈ തോട്ടുവരമ്പ് കണ്ടില്ലേ, രണ്ടു ഭാഗത്തും പൊന്‍കതിരണിഞ്ഞു നില്‍ക്കുന്ന ഈ പാടങ്ങളാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും പ്രധാന കാരണം. എന്റെ കുഞ്ഞുകാല്‍പ്പാടുകള്‍ […]

പെരുമ്പള എന്ന ഗ്രാമത്തിലേക്ക് ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടുപോവുകയാണ്. പേരില്‍ തന്നെ ഐശ്വര്യം നിറഞ്ഞുനില്‍ക്കുന്ന പെരുമ്പള, അതായത് പെരുംവിളയുടെ നാട്, അതാണ് പെരുമ്പള. കാസര്‍കോട് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിലെ ഒരു പ്രകൃതിരമണീയമായ ഗ്രാമമാണ് പെരുമ്പള. സുന്ദരിയായ ചന്ദ്രഗിരിപ്പുഴ കുണുങ്ങിക്കുണുങ്ങി ഒഴുകുന്ന ഗ്രാമം. ചന്ദനമണമൊഴുകുന്ന പച്ചപ്പുതപ്പണിഞ്ഞു നില്‍ക്കുന്ന പെരുമ്പള ഗ്രാമത്തിലൂടെ നമുക്ക് കുറച്ചു നേരം നടക്കാം. ഈ തോട്ടുവരമ്പ് കണ്ടില്ലേ, രണ്ടു ഭാഗത്തും പൊന്‍കതിരണിഞ്ഞു നില്‍ക്കുന്ന ഈ പാടങ്ങളാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും പ്രധാന കാരണം. എന്റെ കുഞ്ഞുകാല്‍പ്പാടുകള്‍ ഇപ്പോഴും ഈ പാടവരമ്പത്ത് എവിടെയെങ്കിലും കാണാതിരിക്കില്ല. സ്‌കൂളില്‍ പോകുമ്പോള്‍ എത്രയോ തവണ ഞാന്‍ ഈ തോട്ടിലേക്ക് വീണിട്ടുണ്ടെന്നറിയാമോ? റബ്ബര്‍ ബാന്‍ഡ് കൊണ്ട് കെട്ടിയ എന്റെ പുസ്തകങ്ങള്‍ ഈ തോട്ടിലെ വെള്ളത്തില്‍ വീണ് എത്ര തവണ നനഞ്ഞിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമോ. നെല്‍പ്പാടങ്ങളെക്കൂടാതെ കവുങ്ങിന്‍ തോട്ടങ്ങളാണ് പെരുമ്പള ഗ്രാമത്തിന് ഭംഗി കൂട്ടുന്നതില്‍ മറ്റൊരു പ്രധാനി. മഴക്കാലമാകുമ്പോള്‍ ആടിയും പാടിയും തൊട്ടും തലോടിയും പ്രണയിക്കുന്ന കവുങ്ങിന്‍ തോട്ടത്തിലൂടെ നടന്നാല്‍ പോലും മനസ്സില്‍ പ്രണയം വിരിയും. അങ്ങനെ പെരുമ്പള പ്രണയം വിരിയുന്ന ഗ്രാമവും കൂടിയാണ്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരെപ്പോലെയാണ് എന്റെ ഗ്രാമത്തിനു കേരവൃക്ഷങ്ങള്‍ കാവല്‍ നില്‍ക്കുന്നത്. പെരുമ്പള ഗ്രാമത്തിലെ ഒരു പ്രധാന വരുമാനമാര്‍ഗ്ഗം കൂടിയാണ് ഈ തെങ്ങുകള്‍. തറവാടുകളുടെ പറുദീസയാണ് എന്റെ ഗ്രാമം. ഓരോ കുടുംബക്കാരും ഇല്ലം എന്ന തറവാട്ടു പേരുകളില്‍ അറിയപ്പെടുന്നു. ഓരോ ഇല്ലക്കാര്‍ക്കും ഓരോ തറവാടുണ്ടാകും. എല്ലാ വര്‍ഷവും അവിടെ ഉത്സവങ്ങളും തെയ്യങ്ങളും ഉണ്ടാകും. എന്റെ ഗ്രാമത്തിലെ ഒരു പ്രധാന ഉത്സവമാണ് പുത്തരിയുത്സവം. കൊയ്ത്ത് കഴിഞ്ഞാല്‍ ആദ്യത്തെ നെല്ല് കുത്തി ആ അരികൊണ്ട് ചോറ് വെച്ച് സദ്യയൊരുക്കുന്ന ഉത്സവമാണ് പുത്തരിയുത്സവം.
വായനശാലകളും ഗ്രന്ഥശാലകളും യൂത്ത് ക്ലബ്ബുകളും കൊണ്ട് കലാ-സാംസ്‌കാരിക രംഗങ്ങളില്‍ ഏറെ മികവു പുലര്‍ത്തുന്ന ഒരു ഗ്രാമമാണ് പെരുമ്പള. ബാലവേദികളും ബാലസഭകളും കൊണ്ട് കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകള്‍ വളര്‍ത്താന്‍ ഗ്രാമത്തിലെ എല്ലാ സാംസ്‌കാരിക സംഘടനകളും വളരെ ഉത്സാഹം കാണിക്കുന്നു എന്ന കാര്യം പെരുമ്പളയുടെ ഒരു സ്വകാര്യ അഹങ്കാരമായി ഞാന്‍ കരുതുന്നു. നമുക്കിനി ഈ വരമ്പത്തു കൂടെ കുറച്ചുകൂടി താഴോട്ടു നടക്കാം. ആ കാണുന്ന അമ്പലം കണ്ടില്ലേ? അതാണ് പെരുമ്പള മഹാലക്ഷ്മിപുരം ക്ഷേത്രം. ഞങ്ങളുടെ ഗ്രാമത്തിലെ പ്രധാന ക്ഷേത്രം., ചുറ്റിലും വയലുകളാല്‍ അലങ്കരിക്കപ്പെട്ട അമ്പലം. അതിനടുത്തുള്ള മുസ്ലീം പള്ളി കണ്ടില്ലേ? പെരുമ്പള ജുമാ മസ്ജിദ്. ഇത്രയും മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്ന ഒരു ഗ്രാമം കേരളത്തില്‍ വേറെ ഉണ്ടോ എന്ന് തന്നെ ഞാന്‍ സംശയിച്ചു പോകാറുണ്ട്. ഷഷ്ടിയുത്സവം നടക്കുന്ന തലക്ലായി ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രവും ശിവപുരം അമ്പലവും പെരുമ്പളയില്‍ ആണ്. നിങ്ങള്‍ ദേ അങ്ങോട്ടൊന്നു നോക്കിക്കേ... ഇതാണ് എന്റെ പ്രിയപ്പെട്ട ചന്ദ്രഗിരിപ്പുഴ. കോളേജില്‍ പോകുന്ന കാലത്ത് തോണിയില്‍ യാത്ര ചെയ്തിട്ടുള്ള ആ കാലം ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഇന്നിവിടെ പാലം വന്നിരിക്കുന്നു. പുഴക്കു മുകളിലൂടെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്നു. വരൂ ഈ കടവില്‍ ഈ പൊട്ടിപ്പൊളിഞ്ഞ സിമെന്റ് ബെഞ്ചില്‍ പഴയ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് നമുക്ക് കുറച്ചു നേരമിരിക്കാം. പണ്ട് പരല്‍ കല്ലെറിഞ്ഞു രസിച്ചുകൊണ്ട് എത്രനേരം ഞാനീ പുഴക്കരയില്‍ വെറുതെ ഇരുന്നിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഞാനെന്റെ പ്രണയിനിയെ കണ്ടുമുട്ടിയ എന്റെ ഈ തീരം എനിക്കൊരിക്കലും മറക്കാനാവില്ല.
പെരുമ്പള ഗ്രാമത്തിലെ ഒരു പ്രധാന കലാരൂപം പണ്ട് കോല്‍ക്കളി ആയിരുന്നു. എന്റെ അച്ഛന്‍ ഇ.നാരായണന്‍ നായര്‍ ആയിരുന്നു പെരുമ്പളയിലെ കോല്‍ക്കളി ആശാന്‍. പണ്ട് നാട്ടിലെ പ്രധാന ഉത്സവങ്ങളില്‍ എല്ലാം ഈ കോല്‍ക്കളി ഉണ്ടായിരുന്നു. പെരുമ്പള ഗ്രാമത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഞാന്‍ അറിയാതെ വാചാലനായിപ്പോകും.
അയ്യോ...തെയ്യങ്ങളെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ പറഞ്ഞോട്ടെ? പെരുമ്പളയില്‍ ഒരു ദേവസ്ഥാനം ഉണ്ട്. മഞ്ചംകൊട്ടുങ്കാല്‍ എന്നാണ് ആ ദേവസ്ഥാനത്തിന്റെ പേര്. അവിടെ നൂറ്റൊന്നു തെയ്യങ്ങള്‍ ഉണ്ട്. കൊലത്തുംമെലെ കോലം എന്ന് പറയും. അതായത് ഒരു തെയ്യത്തെ തന്നെ പലപല വേഷങ്ങളില്‍ കെട്ടിയാടിക്കും. കുറച്ചു തെയ്യങ്ങളുടെ പേര് പറയാം. ബംബേര്യന്‍, മാണിച്ചി, എരുതുംകോലം, ഗളിഞ്ചന്‍, കുണ്ടാര്‍ച്ചാമുണ്ടി, വിഷ്ണുമൂര്‍ത്തി... അങ്ങനെ പോകുന്നു തെയ്യങ്ങളുടെ പട്ടിക.
ഇനിയും ഒരുപാട് ചരിത്രങ്ങള്‍ പെരുമ്പളയെക്കുറിച്ച് പറയാനുണ്ട്. ഈ മണ്ണില്‍ നിന്ന് ഉയര്‍ന്നുവന്ന നക്ഷത്രങ്ങള്‍. ഈ മണ്ണിന്റെ ഉജ്ജ്വലമായ ദേശീയബോധം. സകലമേഖലകളിലും നിറഞ്ഞുനിന്ന പ്രമുഖരുടെ നീണ്ട നിര. അങ്ങനെയങ്ങനെ ഒത്തിരിയൊത്തിരി കാര്യങ്ങള്‍...

Related Articles
Next Story
Share it